കന്യാസ്ത്രീകളുടെ അറസ്റ്റ്; പ്രമേയം പാസാക്കി കോർപറേഷൻ കൗൺസിൽ
text_fieldsകൊച്ചി: ഛത്തീസ്ഗഢിൽ മതപരിവർത്തന കുറ്റം ചുമത്തി മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ നാടെങ്ങും പ്രതിഷേധം ഉയരവെ വിഷയത്തിൽ ഇടപെട്ട് കൊച്ചി കോർപറേഷൻ കൗൺസിലും. കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ടാണ് എൽ.ഡി.എഫ് കൗൺസിലർ പ്രമേയം അവതരിപ്പിച്ചത്. യു.ഡി.എഫും ഒറ്റക്കെട്ടായി പ്രമേയത്തെ പിന്തുണച്ചു. ഇതിനിടെ ബി.ജെ.പി കൗൺസിലർമാർ എതിർപ്പറിയിച്ചും ഭേദഗതി ആവശ്യപ്പെട്ടും രംഗത്തെത്തിയെങ്കിലും അവരുടെ വിയോജിപ്പോടുകൂടി പ്രമേയം പാസാക്കുകയായിരുന്നു.
കേന്ദ്രത്തെ ഈ വിഷയത്തിൽ കുറ്റപ്പെടുത്താനാവില്ലെന്ന് പറയുന്നതിൽ അർഥമില്ലെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. കന്യാസ്ത്രീകളെ തുറുങ്കിലടച്ചത് അന്യായമായാണെന്നും ജാമ്യമില്ലാ വകുപ്പ് ചാർത്തിയാൽ അവർ പിന്നെങ്ങനെ രക്ഷപ്പെടുമെന്നും അദ്ദേഹം ചോദിച്ചു. സി.പി.എം കൗൺസിലർ ജോർജ് നാനാട്ടാണ് പ്രമേയം അവതരിപ്പിച്ചത്. അടിയന്തരമായി കന്യാസ്ത്രീകളെ വെറുതെ വിടാൻ നടപടി വേണമെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്നുമാണ് ആവശ്യം. ഇത് കൗൺസിലിന്റെ പ്രമേയമായി തന്നെ അവതരിപ്പിക്കണമെന്ന് യു.ഡി.എഫ് കൗൺസിലർ ദീപ്തി മേരി വർഗീസ് ഉൾപ്പെടെ ആവശ്യപ്പെട്ടു.
ഇതിനിടെയാണ് ബി.ജെ.പിയുടെ പ്രിയ പ്രശാന്ത് പ്രതിഷേധവുമായി രംഗത്തെത്തിയത്. നിയമപരമായി എടുത്ത കേസാണെന്നും കേന്ദ്രത്തിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നും അവർ വാദിച്ചു. കേന്ദ്രം ഇടപെടണമെന്ന ആവശ്യം മാറ്റി കേന്ദ്രം പിന്തുണക്കണമെന്ന് പ്രമേയത്തിൽ തിരുത്തണമെന്നായി അവർ. ഇതിനെതിരെ യു.ഡി.എഫ്, എൽ.ഡി.എഫ് കൗൺസിലർമാർ ഒറ്റക്കെട്ടായി നിൽക്കുകയായിരുന്നു.
കേസിൽ നിയമനടപടികളിലൂടെ ജാമ്യം കിട്ടാൻ വൈകുമെന്ന് വി.കെ. മിനിമോൾ (കോൺഗ്രസ്) ചൂണ്ടിക്കാട്ടി. സംഭവത്തിൽ കേന്ദ്രത്തിന് ഉത്തരവാദിത്തം ഉണ്ടെന്ന് വി.എ. ശ്രീജിത്ത് (സി.പി.എം) പറഞ്ഞു. അക്രമത്തിന് കാരണക്കാരായ ബജ്രംഗ്ദളിനെ നിരോധിക്കണമെന്നും ഭരണഘടന ഇല്ലാതാക്കുമെന്നു പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിട്ടവരാണ് സംഘ്പരിവാരെന്നും യു.ഡി.എഫിലെ എം.ജി. അരിസ്റ്റോട്ടിലും ചൂണ്ടിക്കാട്ടി.
ഇതോടെ പ്രതിഷേധവുമായി പ്രിയ പ്രശാന്ത് വീണ്ടുമെത്തി. എവിടെയാണ് തങ്ങൾ അങ്ങനെ പറഞ്ഞതെന്നും പരാമർശം പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ‘വിചാരധാര’ ഉദ്ധരിച്ചാണ് എൽ.ഡി.എഫിലെ പി.ആർ. റെനീഷ് രംഗത്തെത്തിയത്. ക്രിസ്ത്യാനികൾ ശത്രുക്കളാണെന്നും അതിനനസരുച്ച് അവരോട് പ്രവർത്തിക്കണമെന്നും വിചാരധാരയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബജ്രംഗ്ദൾ ആസൂത്രിതമായ അക്രമങ്ങളാണ് നടത്തുന്നതെന്നും ഇത്തരം സംഘടനകളെ നിരോധിക്കണമെന്ന ആവശ്യംകൂടി ഉൾപ്പെടുത്തണമെന്നും യു.ഡി.എഫിലെ ഹെൻട്രി ഓസ്റ്റിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

