Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightതരംമാറുന്നു, മെല്ലെ...

തരംമാറുന്നു, മെല്ലെ മെല്ലെ... ഒരാഴ്ചക്കിടെ തീർപ്പായത് 1400ഓളം ഭൂമി തരംമാറ്റ അപേക്ഷകൾ

text_fields
bookmark_border
തരംമാറുന്നു, മെല്ലെ മെല്ലെ... ഒരാഴ്ചക്കിടെ തീർപ്പായത് 1400ഓളം ഭൂമി തരംമാറ്റ അപേക്ഷകൾ
cancel

കൊച്ചി: ജില്ലയിൽ കെട്ടിക്കിടക്കുന്ന ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിനായി ജൂലൈ ഒന്ന് മുതൽ പ്രഖ്യാപിച്ച കർമ പദ്ധതി പുരോഗമിക്കുന്നു. 58,000ഓളം അപേക്ഷകൾ കെട്ടിക്കിടക്കുന്ന ജില്ലയിൽ ജൂലൈ എട്ട് വരെയുള്ള കണക്ക് പ്രകാരം 1405 അപേക്ഷകളാണ് തീർപ്പാക്കിയത്. നടപടികളുടെ പുരോഗതി കഴിഞ്ഞ ദിവസം ജില്ലാ കലക്ടർ ജി. പ്രിയങ്ക വിലയിരുത്തി.

ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’

അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി തരംമാറ്റ ചുമതലയുള്ള ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ സൗകര്യം അനുവദിച്ചിട്ടുണ്ട്. ഇവർക്ക് കൃത്യമായ ദൈനംദിന ടാർഗെറ്റുകൾ നൽകി. ഓരോ ദിവസവും നിശ്ചിത എണ്ണം ഫയലുകൾ ഇവർ നിർബന്ധമായും പൂർത്തിയാക്കേണ്ടതുണ്ട്. ഡെപ്യൂട്ടി കലക്ടർമാർ, ആർ.ഡി.ഓമാർ എന്നിവരുടെ വിവേചനാധികാരത്തിന് അനുസൃതമായാണ് വർക്ക് ഫ്രം ഹോം ക്രമീകരണവും ടാർഗെറ്റുകളും ജീവനക്കാർക്ക് നൽകിയിരിക്കുന്നതെന്ന് കലക്ടർ പറഞ്ഞു.

തീർപ്പാക്കാൻ 57,923 അപേക്ഷ

ജില്ലയിൽ വിവിധ താലൂക്കുകളിലായി ആകെ 57,923 അപേക്ഷകളാണ് തീർപ്പാക്കാനുള്ളത്. കണയന്നൂർ താലൂക്കിലാണ് ഏറ്റവും കൂടുതൽ അപേക്ഷകളുള്ളത്. നിലവിലെ കണക്കുകൾ പ്രകാരം കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലായി ആകെ കെട്ടിക്കിടക്കുന്ന 8,700 അപേക്ഷകളിൽ 18.71 ശതമാനം പുരോഗതി കൈവരിച്ചു. ഫോർട്ട് കൊച്ചി താലൂക്കിൽ 4,135 അപേക്ഷകൾ അവശേഷിക്കുന്നതിൽ 12.91 ശതമാനവും, കുന്നത്തുനാട് താലൂക്കിൽ 8,647 അപേക്ഷകളിൽ 9.21 ശതമാനവും എറണാകുളം കണയന്നൂർ താലൂക്കിൽ നിലവിലുള്ള 13,741 അപേക്ഷകളിൽ 29.07 ശതമാനവും ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ആലുവ താലൂക്കിൽ കെട്ടിക്കിടക്കുന്ന 11,876 അപേക്ഷകളിൽ 11.93 ശതമാനവും പറവൂർ താലൂക്കിൽ അവശേഷിക്കുന്ന 10,824 അപേക്ഷകളിൽ 21.29 ശതമാനവും പുരോഗതിയും രേഖപ്പെടുത്തി.

ലക്ഷ്യമിട്ടതും തീർപ്പായതും

കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിൽ 1,400 അപേക്ഷകൾ തീർപ്പാക്കാൻ ലക്ഷ്യമിട്ടതിൽ 262 എണ്ണം പൂർത്തിയാക്കി. കൊച്ചി താലൂക്കിൽ 1,100 അപേക്ഷകൾ ലക്ഷ്യമിട്ടതിൽ 142 എണ്ണമാണ് ഇതുവരെ പൂർത്തിയാക്കി. കുന്നത്തുനാട് താലൂക്കിൽ 1,400 അപേക്ഷകൾ ലക്ഷ്യമിട്ടതിൽ 129 എണ്ണം ഇതുവരെ തീർപ്പാക്കി.

എറണാകുളം(കണയന്നൂർ) താലൂക്കിലാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ കെട്ടിക്കിടക്കുന്നത്: 13,741 അപേക്ഷകൾ. ഇതിൽ 1,400 അപേക്ഷകൾ ലക്ഷ്യമിട്ടതിൽ 407 എണ്ണം പൂർത്തിയാക്കി. ആലുവ താലൂക്കിൽ 1,400 അപേക്ഷകൾ ലക്ഷ്യമിട്ടതിൽ 167 എണ്ണം പൂർത്തിയാക്കി. പറവൂർ താലൂക്കിൽ. ലക്ഷ്യമിട്ട 1,400 അപേക്ഷകളിൽ 298 എണ്ണമാണ് ഇതുവരെ പൂർത്തിയാക്കിയത്.

ഒരുമാസത്തെ കർമപദ്ധതി

ഒരു മാസത്തെ കർമപദ്ധതിയുടെ ഭാഗമായി ജീവനക്കാരുടെ കുറവ് നികത്താൻ ഡെപ്യൂട്ടി കലക്ടർമാരുടെ ആവശ്യാനുസരണം ക്ലർക്കുമാരെയും ജൂനിയർ സൂപ്രണ്ടുമാരെയും പുനർവിന്യസിച്ചിട്ടുണ്ട്. ഓരോദിവസവും തീർപ്പാക്കിയ കേസുകളുടെ എണ്ണം ഡെപ്യൂട്ടി കലക്ടർമാർ കലക്ടറെ നേരിട്ട് അറിയിക്കണം. ഇതിന് പുറമേ ആഴ്ചയിലൊരിക്കൽ കൃത്യമായ അവലോകന യോഗങ്ങളും ചേരും. സ്ഥലപരിശോധന വേഗത്തിലാക്കാൻ താൽക്കാലിക അടിസ്ഥാനത്തിൽ വാഹനങ്ങൾ വാടകക്കെടുക്കാനും നിർദേശമുണ്ട്.

കൃഷി ഓഫിസർമാർ നിരസിക്കുന്ന അപേക്ഷകളിൽ നിർബന്ധമായും അതത് സ്ഥലങ്ങളുടെ ജിയോ ടാഗ് ചെയ്ത ചിത്രങ്ങൾ രേഖയായി നൽകണം. കോടതി നടപടികളിലുള്ള കേസുകൾ കൃത്യമായി നിരീക്ഷിക്കാൻ എല്ലാ താലൂക്ക് ഓഫിസുകളിലും സ്യൂട്ട് രജിസ്റ്റർ സൂക്ഷിക്കുന്നുണ്ട്. അപേക്ഷകൾ അനുഭാവപൂർവം പരിഗണിക്കണമെന്നാണ് ഉദ്യോഗസ്ഥർക്ക് കലക്ടറുടെ നിർദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:leaveGovernment officeland conversion
News Summary - Around 1400 land conversion applications were processed in a week
Next Story