Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightപാളം തെറ്റിയ ചൂളം...

പാളം തെറ്റിയ ചൂളം വിളി; ദുരിതമായി മാറിയ സ്വപ്നപദ്ധതി

text_fields
bookmark_border
പാളം തെറ്റിയ ചൂളം വിളി; ദുരിതമായി മാറിയ സ്വപ്നപദ്ധതി
cancel
camera_alt

പതിറ്റാണ്ടുകൾക്ക് മുമ്പ് കാലടിയിൽ നിർമാണം പൂർത്തിയാക്കിയ റെയിൽവേ സ്റ്റേഷൻ

കോലഞ്ചേരി: വികസനം കടന്നുചെല്ലാത്ത മലയോര ജില്ലകൾക്കടക്കം വികസന സ്വപ്നങ്ങൾ നൽകിയായിരുന്നു മൂന്ന് പതിറ്റാണ്ടുമുമ്പ് അങ്കമാലി-ശബരി റെയിൽ പാതയുടെ വരവ്. റെയിൽവേ ഭൂപടത്തിൽ ഇടംപിടിക്കാത്ത ഇടുക്കിയടക്കം എറണാകുളം, കോട്ടയം ജില്ലകളിലെ ജനങ്ങൾ പ്രഖ്യാപനത്തെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. അന്തർദേശീയ തീർഥാടന കേന്ദ്രമായ ശബരിമലയിലേക്ക് എത്തുന്നവർക്ക് പുറമെ, മലയോര മേഖലയിലെ കാർഷിക-വ്യാവസായിക ഉൽപന്നങ്ങളുടെ നീക്കത്തിനും ഇടുക്കിയിലെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനും പാത വലിയ കുതിപ്പേകുമെന്നായിരുന്നു വിലയിരുത്തൽ. ഗതാഗത രംഗത്തെ കുതിച്ചുചാട്ടം സമസ്ത മേഖലകളിലും വളർച്ച കൊണ്ടുവരുമെന്നായിരുന്നു പ്രതീക്ഷ.

ആദിശങ്കരന്റെ ജനനംകൊണ്ട് പേരുകേട്ട കാലടിയും പ്രൈവുഡ് അടക്കം തടിവ്യവസായങ്ങൾക്ക് പേരുകേട്ട പെരുമ്പാവൂരും ജില്ലയെന്ന സ്വപ്നം പേറുന്ന മൂവാറ്റുപുഴയും പൈനാപ്പിൾ പെരുമ കേട്ട വാഴക്കുളവും മലനാടിന്റെ കവാടമായ തൊടുപുഴ‍യും ഒരേ പാളത്തിൽ കോർത്ത് വരുന്ന പദ്ധതി നാടിന്റെ വികസനത്തിൽ വഴിത്തിരിവാകേണ്ടതായിരുന്നു. എന്നാൽ, അധികൃതരുടെ അനാസ്ഥയും സർക്കാറുകളുടെ നിസ്സംഗതയും കാരണം വൻ വികസന സ്വപ്നങ്ങളുമായി പ്രഖ്യാപിക്കപ്പെട്ട പദ്ധതി എങ്ങുമെത്താതെ നിലച്ചു.

മുടക്കിയ കോടികൾ വെള്ളത്തിലായതിന് പുറമെ പ്രതിസന്ധിയിലായത് പദ്ധതിക്കായി സ്ഥലം വിട്ടുനൽകിയ ഭൂഉടമകളും സ്ഥലത്ത് സർവേകല്ലുകൾ സ്ഥാപിക്കപ്പെട്ടവരുമാണ്. മൂന്ന് പതിറ്റാണ്ടോളമായി ഇവരുടെ ദുരിതം തുടരുകയാണ്. ഇടക്കിടെ വരുന്ന പ്രഖ്യാപനങ്ങൾക്കപ്പുറം പദ്ധതി വേഗത്തിലാക്കാനുളള നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാറുകൾ കടുത്ത വീഴ്ചയാണ് വരുത്തുന്നതെന്നാണ് ജനങ്ങളുടെ ആവലാതി.

ഇഴഞ്ഞുനീങ്ങിയ മൂന്നു പതിറ്റാണ്ട്

1989 ഡിസംബറിലാണ് അന്നത്തെ മൂവാറ്റുപുഴ എം.പിയായിരുന്ന പി.സി. തോമസ് ശബരി പാത എന്ന ആശയം പാർലമെന്റിൽ ഉയർത്തിയത്. തുടർന്ന് വിവിധ വകുപ്പുകളിലൂടെ കയറിയിറങ്ങി 1997-98ലെ കേന്ദ്ര ബജറ്റിൽ പദ്ധതി പ്രഖ്യാപിക്കപ്പെട്ടു. ഇതിനു മുന്നോടിയായി 1996ൽ അങ്കമാലി-ശബരിമല പാതാക്കായി റെയിൽവേ പ്രാഥമിക എൻജിനീയറിങ് സർവേ നടത്തി. പിന്നാലെ 1997-98 റെയിൽവേ ബജറ്റിൽ പിങ്ക് ബുക്കിന്റെ ഏഴാം ഇനമായി 550 കോടി രൂപ ചെലവിൽ പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകി.

അങ്കമാലി മുതല്‍ എരുമേലി വരെ 111.48 കി.മീ ദൈര്‍ഘ്യമുള്ള പാതയിൽ 14 റെയിൽവേ സ്റ്റേഷനുകളും വിഭാവനം ചെയ്തിരുന്നു. അങ്കമാലി, കാലടി, പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം എന്നിങ്ങനെ ഏഴ് സ്റ്റേഷനുകൾ എറണാകുളം ജില്ലയിലും തൊടുപുഴ, കരിങ്കുന്നം സ്റ്റേഷനുകൾ ഇടുക്കിയിലും രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിങ്ങനെ അഞ്ച് സ്റ്റേഷനുകൾ കോട്ടയം ജില്ലകളിലുമായാണ് വിഭാവനം ചെയ്തത്. ഇതിൽ10 ക്രോസിങ് സ്റ്റേഷനുകളും നാല് ഹാൾട്ട് സ്റ്റേഷനുകളും ഉൾപ്പെടുന്നു.

2002ൽ റെയിൽവേ പദ്ധതിയുടെ അന്തിമ ലൊക്കേഷൻ സർവേ നടത്തി. പിന്നാലെ സ്ഥലമേറ്റെടുപ്പ് നടപടികളും ആരംഭിച്ചു. എട്ടു കി.മീ. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായിരുന്നു. അങ്കമാലിക്കും കാലടിയ്ക്കും ഇടയില്‍ ഏഴു കി.മീ നീളത്തിൽ റെയിൽ പാതയും കാലടിയിൽ റെയിൽവേ സ്റ്റേഷനും പെരിയാറിന് കുറുകെ പാലവും പൂർത്തിയാക്കി.

തുടർന്നാണ് സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട നിയമകുരുക്കുകളിൽ കുരുങ്ങി പദ്ധതി നിലച്ചത്. ഇതോടെ വൻ വികസന സ്വപ്നങ്ങളുമായി വന്ന പദ്ധതി മൂന്ന് ജില്ലകളിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ തീരാദുരിതമായി മാറി.

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwaynewsSabari Railway
News Summary - Angamaly-Sabari railway line
Next Story