അമൃത് 2.0; 17 പദ്ധതികൾ 305.36 കോടിയുടെ ഭരണാനുമതി
text_fieldsകൊച്ചി: അമൃത് 2.0 പദ്ധതിയിൽ പെട്ട 17 പദ്ധതികള്‍ക്ക് 305.36 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മേയര്‍ എം. അനിൽ കുമാർ വ്യക്തമാക്കി. പദ്ധതി പുരോഗതി വിലയിരുത്താൻ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
24 പ്രവൃത്തികള്‍ക്കായി 341.89 കോടി രൂപയാണ് ആകെ അനുവദിച്ചിട്ടുള്ളത്. ഭരണാനുമതി ലഭിച്ച 15 പദ്ധതികളിൽ അഞ്ചണ്ണം ആരംഭിക്കുകയും ചെയ്തു. ഒന്നാം ഘട്ട അമൃത് പദ്ധതിയില്‍ പൂര്‍ത്തീകരിച്ച 40 ലക്ഷം ലിറ്ററിന്റെ കലൂര്‍ ഓവര്‍ഹെഡ് ടാങ്കില്‍ നിന്നും 17 ലക്ഷം ലിറ്ററിന്റെ പച്ചാളം ഓവര്‍ഹെഡ് ടാങ്കില്‍ നിന്നുമുള്ള വിതരണ ശൃഖല ഉള്‍പ്പടെ 15 പദ്ധതികളില്‍ ഏഴ് എണ്ണത്തിന്റെ ടെൻഡര്‍ നടപടികളാണ് ജല അതോറിറ്റിക്ക് പൂർത്തീകരിക്കാനുള്ളത്.
വിവിധ പദ്ധതികൾക്കായി റോഡ് കുഴിക്കുന്നതിനും പൂര്‍വസ്ഥിതിയിലാക്കുന്നതിനും കൃത്യമായ ഷെഡ്യൂള്‍ തയ്യാറാക്കി നഗരസഭയില്‍ നിന്ന് അനുമതി വാങ്ങാതെ റോഡ് കട്ടിങ് ചെയ്യാന്‍ പാടില്ലെന്ന് ജല അതോറിറ്റിക്ക് യോഗത്തിൽ കര്‍ശന നിര്‍ദ്ദേശം നല്കി. അടുത്ത മഴക്ക് മുമ്പ് ഇത്തരം പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നും കുടിവെള്ള പദ്ധതികള്‍ക്ക് മുന്‍ഗണനാക്രമം സ്വീകരിച്ച് പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കണമെന്നും ജല അതോറിറ്റിയോട് നിര്‍ദ്ദേശിച്ചു.
പെരുമാനൂർ പമ്പ് ഹൗസിൽ നിന്ന് പടിഞ്ഞാറൻ കൊച്ചിയിലേക്ക് കൂടുതൽ വെള്ളം എത്തിക്കുന്നതിന് വിഭാവനം ചെയ്ത 10.58 കോടി രൂപയുടെ പദ്ധതിയായ പെരുമാനൂർ-തേവര പൈപ്പ് ലൈൻ പ്രവൃത്തിയുടെ ടെൻഡര്‍ അംഗീകരിച്ചു.
പൈപ്പ് ലൈൻ ജോലികൾ ഉടൻ ആരംഭിക്കും. ദേശാഭിമാനി റോഡ് അനുബന്ധപ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് അഞ്ചുകോടി രൂപയുടെ പദ്ധതിയുടെ ടെൻഡര്‍ നടപടികള്‍ ആരംഭിച്ചു. എളംകുളത്ത് സ്ഥാപിക്കുന്ന അഞ്ച് എം.എല്‍.ഡി എസ്.ടി.പി യുടെ ടെൻഡര്‍ നടപടി സ്വീകരിച്ചതായി ജല അതോറിറ്റി അറിയിച്ചു.
ഫോര്‍ട്ട് കൊച്ചി - മട്ടാഞ്ചേരി ഭാഗത്ത് നാശോന്മുഖമായി കിടക്കുന്ന 25 കിണറുകളുടെ പുനരുദ്ധാരണത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ടെൻഡര്‍ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കാന്‍ നഗരസഭ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കോർപറേഷൻ കൗൺസിൽ ഹാളിൽ നടന്ന യോഗത്തിൽ ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.ആർ. റെനീഷ്, ടി. കെ. അഷറഫ്, കൗൺസിലർ സി.എ. ഷക്കീർ, ജല അതോറിറ്റി ഉദ്യോഗസ്ഥർ, നഗരസഭ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

