തൊഴില്‍ പീഡന പരാതിയില്‍ നടപടിയുമായി ‘അമ്മ’
text_fieldsകൊച്ചി: തൊഴിൽ സ്ഥലത്തെ പീഡനം സംബന്ധിച്ച പരാതിയില്‍ നടപടിയുമായി താരസംഘടനയായ ‘അമ്മ’. സംഘടനയുടെ ട്രഷറർ ഉണ്ണി ശിവപാൽ മാനസികമായി പീഡിപ്പിച്ചെന്നും ജോലിയിൽനിന്ന് അകാരണമായി പുറത്താക്കി എന്നും കാണിച്ച് കഴിഞ്ഞ ദിവസം ‘അമ്മ’യുടെ ഓഫിസിലെ ഫ്രണ്ട് ഓഫിസ് ജീവനക്കാരി അതുല്യ സിറ്റി പൊലീസ് കമീഷണർക്കും ലേബർ ഓഫിസർക്കുമടക്കം പരാതി നൽകിയിരുന്നു. അതുല്യയെ പുറത്താക്കിയ നടപടി തെറ്റാണെന്ന് കണ്ടെത്തിയ ‘അമ്മ’ എക്‌സിക്യൂട്ടിവ് കമ്മിറ്റി, ആരോപണവിധേയനായ ഉണ്ണി ശിവപാലിന് നിർബന്ധിത അവധി നല്‍കിയതായും പ്രസിഡന്‍റ് ശ്വേത മേനോൻ പറഞ്ഞു.
രണ്ട് അംഗങ്ങള്‍ മാത്രം ചേര്‍ന്ന് അതുല്യയെ പുറത്താക്കിയ തീരുമാനം തെറ്റാണെന്ന് എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. ഈ സാഹചര്യത്തിലാണ് നടപടി പിന്‍വലിച്ചത്. യോഗത്തില്‍ അതുല്യയെ വിളിച്ചു വരുത്തിയിരുന്നു. ഉണ്ണി ശിവപാല്‍ മാപ്പ് പറയണമെന്നായിരുന്നു പരാതിക്കാരിയുടെ ആവശ്യം. പരാതി ഉന്നയിച്ചപ്പോൾ അയാളെ പിണക്കരുതെന്നാണ് ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ ആവശ്യപ്പെട്ടതെന്നും അതുല്യ ആരോപിച്ചു.
ജോയന്റ് സെക്രട്ടറി അന്‍സിബ ഹസന്‍ വ്യക്തിപരമായ കാരണങ്ങളാല്‍ നല്‍കിയ രാജി സംഘടന അംഗീകരിച്ചു. ഇതിനിടെ, മുന്‍ ജീവനക്കാരന്‍ അപ്പു തൊഴില്‍ പീഡനം സംബന്ധിച്ച് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ വീണ്ടും പരാതി നല്‍കി. യാതൊരു കാരണവുമില്ലാതെ ജോലിയില്‍നിന്ന് പറഞ്ഞുവിട്ടതായും ശമ്പളം തടഞ്ഞുവെച്ചതായും പരാതിയില്‍ പറയുന്നു. കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

