‘ആൽഫ എയർലൈന്’ തീപിടിച്ചു; വിമാനത്താവളത്തിൽ രക്ഷാദൗത്യം
text_fieldsസിയാലിൽ നടന്ന എമർജൻസി മോക്ഡ്രില്ലിൽനിന്ന്
കൊച്ചി: അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമാണോയെന്ന് പരിശോധിക്കാനുള്ള ഫുൾസ്കെയിൽ എമർജൻസി മോക്ഡ്രിൽ കൊച്ചി വിമാനത്താവളത്തിൽ നടത്തി. വിമാനത്താവളത്തിലെ സുരക്ഷ സജ്ജീകരണങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുണ്ടെന്ന് ഉറപ്പുവരുത്താൻ രണ്ടുവർഷത്തിൽ ഒരിക്കലാണ് വിമാന അപകടത്തിന് സമാനമായ സാഹചര്യം കൃത്രിമമായി സൃഷ്ടിച്ച് മോക്ഡ്രിൽ നടത്തുന്നത്.
എയർ ഇന്ത്യ എക്സ്പ്രസ് നൽകിയ വിമാനം 130 യാത്രക്കാരും ആറ് ജീവനക്കാരുമുള്ള ‘ആൽഫ എയർലൈൻ’ ആക്കിയാണ് അപകട സാഹചര്യം സൃഷ്ടിച്ചത്. വിമാനം ടേക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ഉച്ചക്ക് 2.30ന് എൻജിനിൽ ‘തീപിടിത്തമുണ്ടായതായി’ ക്യാപ്റ്റൻ, എ.ടി.സിയെ അറിയിച്ചു. ഇതോടെ വിമാനത്താവളത്തിൽ പൂർണ എമർജൻസി പ്രഖ്യാപിച്ചു. സിയാൽ അഗ്നിശമന രക്ഷാവിഭാഗം (എ.ആർ.എഫ്.എഫ്) അത്യാധുനിക ഉപകരണങ്ങളുമായി എത്തി ഓപറേഷൻസ് ഇൻ-ചാർജ് എബ്രഹാം ജോസഫിന്റെ നേതൃത്വത്തിൽ മൊബൈൽ കമാൻഡ് കൺട്രോൾ സജ്ജമായി.
നിമിഷങ്ങൾക്കകം നാവികസേന, കോസ്റ്റ് ഗാർഡ് എന്നിവരുടെ ഹെലികോപ്ടറുകൾ വിമാനത്താവളത്തിലെത്തുകയും യാത്രക്കാരെ ഒഴിപ്പിക്കുന്ന പ്രവർത്തനത്തിൽ പങ്കുചേരുകയും ചെയ്തു. 22 ആംബുലൻസുകളിൽ പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചു. സി.ഐ.എസ്.എഫ് ഡെപ്യൂട്ടി കമാൻഡന്റ് പ്രേം എം.ജെയുടെ നേതൃത്വത്തിൽ സി.ഐ.എസ്.എഫ് സുരക്ഷ ചുമതല ഏറ്റെടുത്തു.
കമാൻഡ് പോസ്റ്റിൽനിന്നുള്ള നിർദേശങ്ങൾക്ക് അനുസരിച്ച് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ എമർജൻസി കൺട്രോൾ റൂം, അംബ്ലി ഏരിയ, സർവൈവേഴ്സ് റിസപ്ഷൻ ഏരിയ, മീഡിയ സെന്റർ, ക്രൂ റിസപ്ഷൻ സെന്റർ, ഫ്രണ്ട്സ് ആൻഡ് റിലേറ്റിവ്സ് റിസപ്ഷൻ സെന്റർ, റീ യൂനിയൻ ഏരിയ എന്നിവയുടെ പ്രവർത്തനങ്ങൾക്കൊപ്പം മതപരമായ കൗൺസലിങ് ഉൾപ്പെടെയുള്ള സൗകര്യം മിനിറ്റുകൾക്കകം ആരംഭിച്ചു.
ജില്ല ഭരണകൂടത്തിന്റെ ദുരന്തനിവാരണ സംഘമാണ് വിമാനത്താവളത്തിന് പുറത്തെ രക്ഷാദൗത്യം ഏകോപിപ്പിച്ചത്. മൂന്നരയോടെയാണ് മോക്ഡ്രിൽ പൂർത്തിയായത്.
സിയാൽ എമർജൻസി ടാസ്ക് ഫോഴ്സ്, കസ്റ്റംസ്, ഇമിഗ്രേഷൻ, കേരള പൊലീസ്, കേരള ഫയർ ഫോഴ്സ്, മീറ്റിയറോളജി ഡിപ്പാർട്മെന്റ്, പോസ്റ്റൽ ഡിപ്പാർട്മെന്റ്, ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ്, ബി.പി.സി.എൽ, എയർപോർട്ട് ഹെൽത്ത് ഓഫിസ്, മെഡിക്കൽ ട്രസ്റ്റ്, ലിറ്റിൽ ഫ്ലവർ എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിലെ 17 ആശുപത്രികൾ, 22 ആംബുലൻസ് സർവിസുകൾ, ബി.സി.എ.എസ്, എയർപോർട്ട് അതോറിറ്റി, വിവിധ എയർലൈൻ പ്രതിനിധികൾ, ഗ്രൗണ്ട് ഹാൻഡ്ലിങ് ഏജൻസികൾ, എയർലൈൻ കോഓഡിനേഷൻ കമ്മിറ്റി എന്നിവർ മോക്ഡ്രില്ലിൽ പങ്കെടുത്തു.
സങ്കീർണമായ മോക്ഡ്രിൽ മികവോടെ നടത്തിയതിന് വിവിധ ഏജൻസികളെയും ഉദ്യോഗസ്ഥരെയും സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

