അന്നം മുട്ടുമോ? പുകയുന്നു... ആശങ്കയുടെ അടുപ്പ്
text_fields1. എറണാകുളം നോർത്തിലെ ഭാരത് ഗ്യാസ് ഏജൻസിയുടെ ഗോഡൗണിൽ കാലിയായ സിലിണ്ടറുകൾ, 2. എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിന് സമീപത്തെ ഹോട്ടലുകൾ പാചക വാതക ക്ഷാമം മൂലം പൂട്ടിയ നിലയിൽ -രതീഷ് ഭാസ്കർ
കൊച്ചി: ‘നമ്മളെല്ലാവരും തന്നെ അന്നന്നത്തേക്കുള്ള ഗ്യാസ് സിലിണ്ടറുകൾ അതതു ദിവസം എത്തിച്ചാണ് കച്ചവടം നടത്തുന്നത്. ഇപ്പോഴാണെങ്കിൽ ഹോട്ടലുകാർക്ക് ഗ്യാസ് തരില്ലെന്ന് കട്ടായം പറയുകയാണ് ഏജൻസികൾ. കട പൂട്ടിയിടുകയല്ലാതെ നിവൃത്തിയില്ല. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി പല കടയും പൂട്ടി. ബാക്കിയുള്ളവരും അടക്കാനൊരുങ്ങുകയാണ്. രണ്ടുദിവസത്തിനകം പ്രതിസന്ധി തീർന്നില്ലെങ്കിൽ കൊച്ചി നഗരത്തിലുൾപ്പെടെ മിക്കവരും പട്ടിണിയാവും’ -കെ.എച്ച്.ആർ.എ ജില്ല സെക്രട്ടറിയും കടവന്ത്ര മാജിക് ഓവൻ റസ്റ്ററൻറിന്റെ ഉടമയുമായ കെ.ടി. റഹീമിന്റെ വാക്കുകളിൽ നാട് നേരിടാനിരിക്കുന്ന വലിയൊരു ദുരിതത്തിലേക്കുള്ള സൂചനയുണ്ട്. ജില്ലയിൽ കെ.എച്ച്.ആർ.എക്കു കീഴിൽ വരുന്ന 5000ത്തോളം ഹോട്ടലുകളിൽ പലതും ഇതിനകം പൂട്ടിയെന്നും രണ്ടു ദിവസത്തിനുള്ളിൽ അവശേഷിക്കുന്നവയും നിർത്തേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
കൊച്ചി നഗരത്തിൽ തന്നെ ഇതിനകം 30ലേറെ ഹോട്ടലുകൾ പൂട്ടി. ഗ്യാസ് പ്രതിസന്ധി ചൂണ്ടിക്കാട്ടി അടക്കുകയാണെന്ന് കടക്കു മുന്നിൽ പലരും ബോർഡും വെച്ചിട്ടുണ്ട്. നിലവിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളെല്ലാം സ്ഥിരം മെനുവിൽ മാറ്റങ്ങൾ വരുത്തി. കൂടുതൽ സമയം വേവിക്കേണ്ടതും കൂടുതൽ പാചകവാതക ഉപഭോഗമുള്ളതുമായ വിഭവങ്ങൾ ഒഴിവാക്കിയിരിക്കുകയാണ് പലരും. ഇഫ്താർ സ്നാക്കുകൾ, ഷവായ്, ദോശ തുടങ്ങിയ ഇനങ്ങൾ ഒഴിവാക്കിയവരുമുണ്ട്.
പാടില്ല, വിറകടുപ്പ്
വിറകടുപ്പിലേക്ക് മാറാമെന്നു വെച്ചാൽ ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ നിയന്ത്രണം, കെട്ടിട ഉടമയുടെ വിലക്ക്, പുക ശല്യം തുടങ്ങിയ കാരണങ്ങളാൽ മിക്ക ഹോട്ടലുകളിലും ഈ സംവിധാനവും അപ്രായോഗികമാണ്. പുകയില്ലാത്ത അടുപ്പ് വാങ്ങാമെന്നു വെച്ചാൽ പാചകവാതക പ്രതിസന്ധി ഈ മേഖലയെയും ബാധിച്ചതിനാൽ നേരത്തെ ബുക്ക് ചെയ്തവർക്കു പോലും കിട്ടാത്ത സ്ഥിതിയാണെന്ന് ഹോട്ടലുകാർ പറയുന്നു. ഇഫ്താർ പാർട്ടികൾക്കും മറ്റുമായി ബുക്ക് ചെയ്ത പല വൻകിട ഓർഡറുകളും റദ്ദാക്കേണ്ടി വന്നു. നാട്ടുകാരുടെ അന്നം മുട്ടും എന്നതിനൊപ്പം കോടികളുടെ നഷ്ടത്തിലേക്കാണ് ജില്ലയിലെ ഹോട്ടലുകാർ നീങ്ങുന്നത്.
ദുരിതം പുറംനാട്ടുകാർക്ക്
ഹോട്ടൽ മേഖലയിലെ പ്രശ്നം കൂടുതലായും ബാധിക്കുന്നത് കൊച്ചിയിലും കാക്കനാടും ഹോസ്റ്റലുകളിലും ലോഡ്ജുകളിലുമെല്ലാം തങ്ങുന്ന, ദൂരദേശങ്ങളിൽ നിന്ന് നിത്യവൃത്തിക്കായി എത്തിയ പുറംനാട്ടുകാരെയാണ്. ഇവരിൽ 95 ശതമാനം ആളുകളും ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്നവരാണ്. പല ഹോട്ടലുകളും അടച്ചിട്ടതിനാൽ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് പലരും. ജീവിതതിരക്കുകൾ മൂലം ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുന്നവരും നഗര-ഗ്രാമ വ്യത്യാസമില്ലാതെ ദുരിതത്തിലാവും. രണ്ടുദിവസത്തിനകം പ്രശ്നപരിഹാരമാവുമെന്ന പ്രതീക്ഷയും ചിലർ പങ്കുവെക്കുന്നുണ്ട്.
ഹോട്ടലുകൾ മാത്രമല്ല, ബേക്കറികൾ, പ്രൊഡക്ഷൻ യൂണിറ്റുകൾ, പാക്കേജ് ഫുഡ് നിർമ്മാണ സ്ഥാപനങ്ങൾ, ചായക്കടകൾ, തട്ടുകട എന്നിവിടങ്ങളിലും പ്രതിസന്ധി പുകയുകയാണ്. യാത്രക്കാരും തൊഴിലാളികളും വിദ്യാർഥികളും ഉൾപ്പെടെ നിരവധി പേർ ദിനംപ്രതി ആശ്രയിക്കുന്ന ബേക്കറി സ്ഥാപനങ്ങളിൽ പലതും താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
സ്റ്റാറായി വിറക്
ഗ്യാസ് സിലിണ്ടറിനു ക്ഷാമം വരുമ്പോൾ പകരം എന്തുചെയ്യും? നഗരങ്ങളിൽനിന്ന് അപ്രത്യക്ഷമായ, നാട്ടുമ്പുറങ്ങളിൽ തന്നെ അപൂർവമായ വിറകടുപ്പിലേക്ക് പലരും തിരിച്ചുവരുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. എറണാകുളം നഗരത്തിലെ സാധാരണക്കാരുടെ ഭക്ഷണശാലയായ സമൃദ്ധിയും വിറകടുപ്പിലേക്ക് തിരിഞ്ഞു. പ്രതിസന്ധിയിലും ഭക്ഷണവിൽപ്പന തുടരാനാണ് ഈ തീരുമാനം.
നിലവിലെ പ്രതിസന്ധിക്കു പിന്നാലെ വിറകിനും ചിരട്ടക്കുമെല്ലാം വില കുത്തനെ വർധിച്ചു. കൂടാതെ, അറക്കപ്പൊടിക്കും വില കൂടി. നേരത്തെ ഒരു ചാക്ക് അറക്കപ്പൊടിക്ക് 50-80 രൂപയായിരുന്നെങ്കിൽ ഇപ്പോൾ ഇരട്ടിയോളമായി. കൂടാതെ ഒരാഴ്ചക്കിടെ ഒരു ടൺ വിറകിന് 200 മുതൽ 500 രൂപ വരെ വർധിച്ചിട്ടുണ്ട്. നന്നായി ഉണങ്ങിയ, മുറിച്ച വിറകിനാണ് ഡിമാൻഡ് കൂടുതൽ. ഒരു കിലോക്ക് 10 മുതൽ 25 രൂപ വരെ നൽകണം.
പുകയില്ലാത്ത വിറകടുപ്പ്, റോക്കറ്റ് സ്റ്റൗ തുടങ്ങിയവക്കുമെല്ലാം ആവശ്യകത വർധിച്ചിട്ടുണ്ട്. വീടിന്റെ പുറകിലും മറ്റും വിറകടുപ്പ് സജ്ജീകരിക്കാനുള്ള നീക്കത്തിലാണ് പലരും. വിറകടുപ്പ് ഉപയോഗിക്കാത്തതിനാൽ വിറക് ആവശ്യമില്ലായിരുന്നു. പുതിയ സാഹചര്യത്തിൽ വിറക് വില കൊടുത്ത് വാങ്ങേണ്ടി വരുമെന്ന് വാഴക്കാലയിലെ വീട്ടമ്മയായ ഫാസില ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇതിനുള്ള സൗകര്യമില്ലാത്തതുമൂലം വെട്ടിലായത് ഫ്ലാറ്റിലും അപ്പാർട്ട്മെൻറിലും നഗര ഹൃദയത്തിലെ വീടുകളിൽ കഴിയുന്നവരുമാണ്.
ഇൻഡക്ഷൻ കുക്കറും കിട്ടാനില്ല
‘ഇന്നലെയും ഇന്നുമായി നിരവധി പേരാണ് ഇൻഡക്ഷൻ കുക്കർ ചോദിച്ചുവരുന്നത്, പെട്ടെന്ന് സ്റ്റോക് തീരുന്ന സ്ഥിതിയാണ്. ഒറ്റ ദിവസം കൊണ്ട് 50 എണ്ണമെങ്കിലും വിറ്റുപോയി’, എറണാകുളം മാർക്കറ്റിലെ ഹോം അപ്ലയൻസസ് കടയിലെ ജീവനക്കാരിയുടെ വാക്കുകളാണിത്. പെട്ടെന്നെങ്ങാൻ ഗ്യാസ് തീരുകയും സിലിണ്ടർ കിട്ടാതിരിക്കുകയും ചെയ്താലോ എന്നു കരുതിയും ഗ്യാസ് ലാഭിക്കാനും വേണ്ടി എല്ലാവരും ഇൻഡക്ഷൻ കുക്കർ വാങ്ങാനുള്ള നെട്ടോട്ടത്തിലാണ്. ചോദിച്ചുവരുന്ന ബ്രാൻഡ് ഒന്നും പലർക്കും കിട്ടാത്തതിനാൽ കിട്ടിയ ബ്രാൻഡ് വാങ്ങുന്ന സ്ഥിതിയുണ്ട്. ഇതോടൊപ്പം ഇലക്ട്രിക് കെറ്റിലിനും ഡിമാൻഡേറി. ആവശ്യക്കാർ വർധിച്ചതോടെ വില കൂട്ടി കച്ചവടം ചെയ്യുന്നവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

