ജനങ്ങളെ ‘പുക വലിപ്പിക്കുന്ന’ കൊച്ചി ആകാശം
text_fieldsവെള്ളിയാഴ്ച രാവിലത്തെ കൊച്ചി നഗരത്തിലെ എയർ ക്വാളിറ്റി ഇൻഡക്സ്
കൊച്ചി: ഭയം വേണ്ട, ജാഗ്രത മതി എന്ന് ഓർമിപ്പിച്ചുകൊണ്ട് പറയട്ടെ, കൊച്ചിയിലെ വായു ഗുണനിലവാരം അഥവാ എയർ ക്വാളിറ്റി ഇൻഡക്സ് (എ.ക്യൂ.ഐ) അനാരോഗ്യകരമായ നിലയിലെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച രാവിലെ രേഖപ്പെടുത്തിയ എ.ക്യൂ.ഐ 177 ആണ്.
കഴിഞ്ഞ ദിവസങ്ങളിൽ ഇത് 196 വരെ എത്തിയിരുന്നു. അതായത്, ഒരു ദിവസം രണ്ടുമുതൽ മൂന്ന് വരെ സിഗരറ്റ് വലിക്കുന്നതിന് തുല്യം. മുതിർന്നവർക്കും കുട്ടികൾക്കും രോഗികൾക്കുമൊക്കെ ഒരുപോലെ ഭീഷണിയാകുന്ന അവസ്ഥ.
ഡൽഹിയിലെ എ.ക്യൂ.ഐ 206 ആണ്. ഡൽഹിയിലെ ഈർപ്പം പക്ഷേ, കൊച്ചിയേക്കാൾ കുറവാണ്. 89 ശതമാനം ഈർപ്പമുള്ള കൊച്ചിയിൽ ഇതിന്റെ ആഘാതം വളരെ കൂടുതലാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. എ.ക്യൂ.ഐ 180-200 എന്ന നില വരുമ്പോൾ മനുഷ്യ ശരീരത്തിന് ഏറ്റവും ഭീഷണിയാകുന്നത് വലിയ അളവിൽ പൊടിയും പുകയും അഴുക്കുമെല്ലാം ചേർന്ന് വായുവിൽ തീർക്കുന്ന അതിസൂക്ഷ്മ കണങ്ങളും ധൂളീകണങ്ങളു(എയറോസോളുകൾ)മാണ്. ഈ ധൂളീകണങ്ങൾ വ്യവസായ പ്രവർത്തനങ്ങൾ, വാഹനങ്ങൾ, വീട്ടുമാലിന്യം കത്തിക്കൽ എന്നിവയിൽ നിന്നാണ് പ്രധാനമായും ഉണ്ടാകുന്നത്. ഇവ ശ്വാസകോശത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് നേരിട്ട് രക്തപ്രവാഹത്തിലേക്ക് കടക്കുന്നതാണ് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നത്.
കൊച്ചി പോലെ 85-90 ശതമാനം ഉയർന്ന ഈർപ്പം ഉള്ള പ്രദേശങ്ങളിൽ, ഈ കണങ്ങൾ കൂടുതൽ സമയം വായുവിൽ നിലനിൽക്കുകയും ശ്വാസകോശത്തിന്റെ ആഴത്തിലേക്ക് കൂടുതൽ ശക്തിയായി കയറുകയും ശ്വാസകോശ കോശങ്ങളിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നതിനാൽ ആഘാതം ഗണ്യമായി വർധിക്കുമെന്ന് ശാസ്ത്ര ഗവേഷകൻ ഡോ.എ. രാജഗോപാൽ കമ്മത്ത് ചൂണ്ടിക്കാട്ടുന്നു.
ഈ നിലയിൽ തുടർച്ചയായി ജീവിക്കുമ്പോൾ ശ്വാസകോശ ശേഷി സാധാരണയായി അഞ്ചു മുതൽ 10 ശതമാനം വരെ കുറയുകയും ശ്വാസനാളികളിൽ അണുബാധ രൂപപ്പെടുകയും ചെയ്യും. ആസ്ത്മ, ബ്രോങ്കൈറ്റിസ്, സൈനസ് സംബന്ധമായ പ്രശ്നങ്ങൾ വർധിക്കുകയും ശരീരത്തിലെ ഓക്സിജൻ ഉപയോഗക്ഷമത കുറയുകയും ഉയർന്ന രക്തസമ്മർദ സാധ്യത വർധിക്കുകയും ചെയ്യും. ദീർഘകാലം മലിനമായ വായു ശ്വസിക്കുന്നത് വിഷാദം, ഉത്കണ്ഠ, ഉറക്കക്കുറവ് എന്നിവക്ക് കാരണമാകുമെന്നും പഠനങ്ങളുണ്ട്.
കൊച്ചിയിൽ വീട്ടുവളപ്പുകളിലും താമസമേഖലകളിലും നടക്കുന്ന തുടർച്ചയായ മാലിന്യം കത്തിക്കൽ അപകടകരമാണെന്നും ഡോ. എ. രാജഗോപാൽ കമ്മത്ത് വ്യക്തമാക്കി. കൊച്ചി നഗരത്തിൽ വായുവിന്റെ ഗുണനിലവാരം അളക്കുന്ന എയർ ക്വാളിറ്റി മോണിറ്ററുകൾ പ്രവർത്തനരഹിതമാണ്. ഏലൂരിൽ മാത്രമാണിപ്പോൾ ഈ നിരീക്ഷണ സംവിധാനമുള്ളത്. വൈറ്റിലയിലെ മോണിറ്റർ പ്രവർത്തനരഹിതമായിട്ട് ഒരു വർഷമായി.
കച്ചേരിപ്പടിയിൽ മുമ്പ് ഒരെണ്ണം ഉണ്ടായിരുന്നതും ഇപ്പോഴില്ല. ബി.പി.സി.എൽ, എച്ച്.പി എന്നിവയുടെ കാമ്പസിൽ മോണിറ്ററുണ്ടെങ്കിലും അതു മിക്കപ്പോഴും പ്രവർത്തനരഹിതമാണ്. നേവൽബേസിനു മുന്നിലെ മോണിറ്ററും നിലച്ചിട്ട് അനേകം മാസങ്ങളായി. ഇതെല്ലാം നിരീക്ഷിച്ച് നടപടിയെടുക്കേണ്ട മലിനീകരണ നിയന്ത്രണ ബോർഡ് അവരുടെ ജോലി കൃത്യമായി ചെയ്യുന്നില്ലേയെന്ന സംശയമാണ് ഉയരുന്ന എയർ ക്വാളിറ്റി ഇൻഡക്സ് ബാക്കിയാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

