പൊക്കാളി കൃഷി നാശത്തിന്റെ വക്കിൽ; കതിരിട്ട പൊക്കാളിപ്പാടങ്ങളിൽ നെല്ലിക്കോഴികളുടെ ശല്യം രൂക്ഷം
text_fieldsപറവൂർ: കതിരിട്ട പൊക്കാളിപ്പാടങ്ങളിൽ കൃഷി നശിപ്പിക്കുന്ന നെല്ലിക്കോഴികൾ കർഷകർക്ക് ശല്യമായി. ഇതിന് പുറമെ മയിൽക്കോഴിയും ദേശാടനക്കിളികളും വ്യാപകമായി എത്തിയതോടെ പൊക്കാളി കൃഷി നാശത്തിന്റെ വക്കിലാണ്. നെല്ലിക്കോഴി ശല്യം മുൻ വർഷങ്ങളെക്കാൾ രൂക്ഷമാണ്. ഏഴിക്കര, കോട്ടുവള്ളി, കടമക്കുടി പഞ്ചായത്തുകളിൽ മിക്ക കർഷകരുടെയും പൊക്കാളിപ്പാടങ്ങളിൽ നാശം വിതച്ചു.
കൃഷി നടത്തി കടം കയറി ഗതികേടിലായി പൊക്കാളിയിൽനിന്ന് അകന്ന പലരും ഏതാനും വർഷങ്ങളായി വീണ്ടും സജീവമായി വരുന്നതിനിടെയാണ് നെല്ലിക്കോഴി വില്ലനായത്. പൊക്കാളികൃഷിയുടെ തുടക്കം മുതൽ നെല്ലിക്കോഴി ശല്യമുണ്ടെന്ന് ഏഴിക്കരയിൽ ഏഴര ഏക്കറിൽ കൃഷിയിറക്കിയ കർഷകൻ കെ.പി. വിൻസെന്റ് പറഞ്ഞു. ചെടികൾ ചെറുതായിരിക്കുമ്പോൾ അതിനു മുകളിലൂടെ ചവിട്ടി നടക്കും. വലുതാകുന്ന ചെടികൾ വെട്ടിക്കളയും.
ദേശാടനക്കിളികൾ ചെടികളുടെ അരി മണികൾ കൊത്തിത്തിന്നും. കൃഷി കുറയുമ്പോൾ ഉള്ള സ്ഥലങ്ങളിൽ കൂട്ടമായി കേന്ദ്രീകരിക്കും. പകലും രാത്രിയും പൊക്കാളിപ്പാടങ്ങളിൽ താമസമാക്കും. ഗുണ്ട് പൊട്ടിച്ചു തുരത്താനുള്ള ശ്രമം ഫലപ്രദമല്ല. പൊട്ടിക്കുമ്പോൾ പറന്നു പോകുമെങ്കിലും അൽപം കഴിയുമ്പോൾ തിരിച്ചെത്തും. രാത്രി ടോർച്ച് ലൈറ്റ് അടിക്കുമ്പോഴും ഇതു തന്നെ അവസ്ഥ, പാടം മുഴുവൻ വലയിടുക എന്നതാണ് നെല്ലിക്കോഴിയെ അകറ്റാനുള്ള പോംവഴി. പക്ഷേ, കൂടുതൽ സ്ഥലങ്ങളിൽ കൃഷി ചെയ്യുന്നവർക്ക് ചെലവ് താങ്ങാനാകില്ലെന്ന് വിൻസെന്റ് പറഞ്ഞു. വളപ്രയോഗമില്ലെങ്കിലും പൊക്കാളി കൃഷി ചെയ്യാൻ ചെലവ് കൂടുതലാണ്. നെല്ലിക്കോഴി ശല്യം രൂക്ഷമായാൽ കൃഷി ചെയ്തിട്ട് കാര്യമില്ല. തുടക്കം മുതൽ കൊയ്ത്തു വരെ ഒരു ഏക്കറിൽ കൃഷി ചെയ്യാൻ 60,000 രൂപയെങ്കിലും വേണം.
പക്ഷേ, തിരിച്ചു കിട്ടുന്നത് നഷ്ടം മാത്രം. 100 രൂപ ഇറക്കിയാൽ പകുതിയോളം നഷ്ടം വരുന്ന സ്ഥിതിയാണ്. ഒരു കിലോഗ്രാം നെല്ല് ഉൽപാദിപ്പിക്കാൻ കർഷകന് 90 രൂപയോളം ചെലവു വരും. തൊഴിലാളി ക്ഷാമം കാരണം പലയിടത്തും കൊയ്ത്തിന് ആളെ കിട്ടുന്നില്ല. നഷ്ടം ഭയന്ന് പലർക്കും കൃഷിയിറക്കാൻ ധൈര്യമില്ല. കാലാവസ്ഥയിൽ വന്ന വ്യതിയാനങ്ങളും കൃഷിയെ ബാധിക്കുന്നുണ്ടെന്ന് കർഷകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

