പുത്തൻതോട് ‘ദുരന്തവളവ്’ നിവർത്താൻ നടപടി തുടങ്ങി
text_fieldsഅത്താണി-വെടിമറ റോഡിലെ ചെങ്ങമനാട് പുത്തൻതോട് വളവ് നിവർത്തുന്നതിന്റെ ഭാഗമായി അൻവർസാദത്ത് എം.എൽ.എ കല്ലിടൽ നിർവഹിക്കുന്നു
ചെങ്ങമനാട്: അത്താണി-വെടിമറ റോഡിന്റെ ഭാഗമായ ചെങ്ങമനാട് പുത്തൻതോട് വളവ് നിവർത്തൽ പദ്ധതിക്ക് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ തുടക്കമായി. 2.50 കോടിയുടെ പദ്ധതിക്ക് കഴിഞ്ഞ ദിവസമാണ് സർക്കാർ ഭരണാനുമതി ലഭിച്ചത്. ചൊവ്വാഴ്ച രാവിലെ പുത്തൻതോട് വളവിലെ അലൈൻമെന്റിന്റെ സ്റ്റാർട്ടിങ് പോയന്റായ വടക്ക് കിഴക്ക് ഭാഗത്തായി അൻവർസാദത്ത് എം.എൽ.എ കല്ലിടൽ നിർവഹിച്ചു.
പുത്തൻതോട് മുതൽ ഗ്യാസ് വളവിന്റെ പടിഞ്ഞാറെ വളവ് വരെ ഏകദേശം 450 മീറ്ററാണ് വളവ് നിവർത്തൽ പ്രക്രിയക്കായി 10 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നത്. നിലവിൽ പ്രദേശത്ത് ആറ് മുതൽ ഏഴ് മീറ്റർ വരെയാണ് വീതി. അലൈൻമെന്റ് അടയാളപ്പെടുത്തൽ പൂർത്തിയാക്കിയ ശേഷം റവന്യൂ, പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്ത പരിശോധനയും പൂർത്തിയാക്കണം. തുടർന്ന് സാമൂഹിക ആഘാത പഠനവും വിശദമായ സർവേ നടപടികളും പൂർത്തിയാക്കണം. അതിനുശേഷമായിരിക്കും ഉടമകൾക്ക് വില നൽകി സ്ഥലം ഏറ്റെടുക്കൽ നടപടികൾ. നിരന്തര സമ്മർദത്തിന്റെ ഫലമായാണ് പദ്ധതിക്ക് സംസ്ഥാന സർക്കാർ ബജറ്റിൽ ഫണ്ട് വകകൊള്ളിച്ചതെന്നും എം.എൽ.എ പറഞ്ഞു.
നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധപ്പെട്ട് വടക്ക്, പടിഞ്ഞാറൻ ഭാഗങ്ങളിൽനിന്ന് നിത്യവും നൂറുകണക്കിന് വാഹനങ്ങളാണ് ഇടതടവില്ലാതെ സഞ്ചരിക്കുന്നത്.
എന്നാൽ, റോഡിൽ പലഭാഗവും കുപ്പിക്കഴുത്താകൃതിയിലാണ്. അടിസ്ഥാന സൗകര്യമില്ലാത്തതിനാൽ അപകടങ്ങളും ഗതാഗതക്കുരുക്കും നിത്യകാഴ്ചയാണ്. ഇക്കാരണത്താൽ റോഡ് വികസനമാവശ്യപ്പെട്ട് പ്രതിഷേധങ്ങളും പതിവായിരുന്നു. ഈ സാഹചര്യത്തിലാണ് വളവ് നിവർത്തൽ പ്രവൃത്തിയുടെ ആദ്യനടപടി ആരംഭിച്ചത്. ആലുവ പി.ഡബ്ല്യു.ഡി (റോഡ്സ് വിഭാഗം), അസി. എക്സിക്യൂട്ടിവ് എൻജിനീയർ ടി.ഐ. മുഹമ്മദ് ബഷീർ, അസി. എൻജിനീയർ ട്രീസ സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലാണ് കല്ലിടൽ നടപടി തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

