എല്ലാവർക്കും നിയമലംഘകരെ മതി: അമിത ശബ്ദ, വെളിച്ച വിന്യാസങ്ങളില്ലാത്ത ടൂറിസ്റ്റ് ബസുകൾക്ക് ആവശ്യക്കാരില്ല
text_fieldsകൊച്ചി: ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങൾക്കെതിരെ നടപടി പുരോഗമിക്കുമ്പോൾ അത്തരക്കാരെ മാത്രം തേടിയെത്തുന്നവരെക്കുറിച്ചും ചർച്ചകൾ സജീവമാകുന്നു. സ്കൂൾ വിദ്യാർഥികൾ മുതൽ എല്ലാ വിഭാഗം ആളുകൾക്കും ഇത്തരം വാഹനങ്ങളോടാണ് പ്രിയം. ഏതാനും ദിവസങ്ങളായി പുരോഗമിക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനക്കെതിരെ ഇത്തരക്കാർ സമൂഹമാധ്യമങ്ങളിൽ പരസ്യമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പ് നിഷ്കർഷിച്ചിരിക്കുന്ന കളർ കോഡും മാനദണ്ഡങ്ങളും പാലിക്കുന്ന ബസുകളെ സ്കൂൾ, കോളജ് വിനോദയാത്രകൾക്കടക്കം വിളിക്കാറില്ലെന്നതാണ് അവസ്ഥ. അമിത ശബ്ദ, വെളിച്ച വിന്യാസങ്ങളില്ലാത്ത ടൂറിസ്റ്റ് ബസുകൾക്ക് ആവശ്യക്കാരില്ലാത്ത സ്ഥിതിയാണെന്ന് ഓപറേറ്റർമാർതന്നെ വ്യക്തമാക്കുന്നു.
വിനോദയാത്രക്കുള്ള ബസുകൾ ബുക്ക് ചെയ്യാൻ പലപ്പോഴും വിദ്യാർഥികൾ നേരിട്ടാണ് ഇടപെടാറുള്ളത്. ഏറ്റവും പുതിയ മോഡൽ ബസുകളാണ് അവർക്കാവശ്യം. അതേക്കുറിച്ച് യൂട്യൂബിൽനിന്നും മറ്റും വിവരങ്ങൾ മനസ്സിലാക്കിയാണ് വാഹനം ബുക്ക് ചെയ്യാനെത്തുക. ബോഡി സ്റ്റൈൽ, കളർ, ഗ്രാഫിക്സ്, സൗണ്ട് സിസ്റ്റം, എയർഹോൺ, ഉയർന്ന ശബ്ദ സംവിധാനത്തിനുള്ള ഡിഡി, കിക്കർ, പഞ്ച് ബോക്സുകളുടെ എണ്ണം, വിവിധ തരത്തിലുള്ള ലൈറ്റുകൾ, ലേസർ ലൈറ്റുകളുടെ വിന്യാസം, ഡാൻസ് ഫ്ലോർ, പിക്സൽ നെയിംബോർഡ് എന്നിവയൊക്കെ നേരിട്ടെത്തി പരിശോധിച്ച ശേഷമാണ് ബസുകൾ ബുക്ക് ചെയ്യുന്നത്.
ഇടിമുഴക്കത്തോടെയുള്ള ശബ്ദം എത്ര ദൂരം കേൾക്കാനാകുമെന്ന് വരെ പരിശോധിച്ച് വാഹനം ബുക്ക് ചെയ്യുന്നവരുണ്ട്. നിയമവിരുദ്ധമാണെങ്കിലും ഇതൊക്കെയുണ്ടെങ്കിൽ മാത്രമേ ബുക്കിങ് ലഭിക്കുകയുള്ളൂവെന്നാണ് ഓപറേറ്റർമാരുടെ ഭാഷ്യം. ബ്രാൻഡുകളായി മാറിയ ബസുകൾ തേടി മറ്റ് ജില്ലകളിൽനിന്ന് വരെ ബുക്കിങ് എത്തും.
വടിയെടുത്ത്... ജില്ലയിൽ 144 ബസിനെതിരെ കേസെടുത്തു
കാക്കനാട്: മോട്ടോർ വാഹന വകുപ്പ് ഞായറാഴ്ച നടത്തിയ പരിശോധനയിൽ 144 ബസിനെതിരെ കേസെടുത്തു. ഒന്നരലക്ഷത്തോളം രൂപ പിഴ ഈടാക്കി. 10 ബസിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്തു. അമിത വേഗം, വേഗപ്പൂട്ടിൽ കൃത്രമം കാണിക്കുക, അനധികൃത രൂപമാറ്റം, കണ്ണഞ്ചിപ്പിക്കുന്ന പ്രകാശ സംവിധാനങ്ങൾ, കാതടപ്പിക്കുന്ന ശബ്ദ സംവിധാനങ്ങൾ എന്നിവ കണ്ടെത്താനാണ് പരിശോധന നടത്തിയത്. എറണാകുളം, മൂവാറ്റുപുഴ ആർ.ടി ഓഫിസുകളുടെ പരിധിയിലും എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പരിശോധനകളിലാണ് ഇത്രയും വാഹനങ്ങൾക്കെതിരെ നടപടിയെടുത്തത്. ഇവരിൽനിന്ന് 1,66,000 രൂപയാണ് പിഴ ഈടാക്കിയത്. എറണാകുളം ആർ.ടി.ഒ പരിധിയിൽ 70 ബസിനും മൂവാറ്റുപുഴ പരിധിയിൽ 59 ബസിനുമെതിരെയാണ് കേസെടുത്തത്. എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ 15 ബസും പിടികൂടി. എറണാകുളം പരിധിയിൽ നാല് ബസിന്റെയും മൂവാറ്റുപുഴ പരിധിയിൽ ആറ് ബസിന്റെയും പെർമിറ്റാണ് റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.