വെള്ളമെത്തിയിട്ട് ഒരാഴ്ച; കുടിവെള്ളത്തിന് കേണ് കൊച്ചി
text_fieldsകുടിവെള്ളത്തിനായി കാത്തുനിൽക്കുന്ന വീട്ടമ്മമാർ
മട്ടാഞ്ചേരി: ഒരാഴ്ചയായിട്ടും കുടിവെള്ള ക്ഷാമത്തിന് പരിഹാരമില്ലാതായതോടെ കൊച്ചി നിവാസികൾ നെട്ടോട്ടത്തിൽ. പാഴൂർ പമ്പ് ഹൗസിലെ പമ്പ് സെറ്റിന്റെ അറ്റകുറ്റപ്പണികളുടെ പേരിൽ കൊച്ചി മേഖലയിലെ വെള്ളക്ഷാമം തുടരുമ്പോഴും പരിഹാര നടപടികൾ ഇല്ലാത്തത് കടുത്ത പ്രതിഷേധത്തിനാണ് ഇടനൽകിയിരിക്കുന്നത്. ചില മേഖലകളിൽ ആശ്വാസമായി ലഭിച്ച് കൊണ്ടിരുന്ന ടാങ്കർ ലോറി വെള്ളവും ഏതാണ്ട് നിലച്ച മട്ടാണ്. കുടിവെള്ളം വിതരണം ചെയ്യുന്നവർക്കുള്ള പണം നഗരസഭ കുടിശ്ശികയാക്കിയതോടെയാണ് ടാങ്കർ ലോറി വരവും നിലച്ചത്.
രണ്ടര മാസത്തെ കുടിശ്ശികയുണ്ടെന്നാണ് വിവരം. അത്യാവശ്യം ഉള്ളയിടത്ത് മാത്രം കുടിവെള്ളം എത്തിക്കുന്ന നിലയിലാണ് ടാങ്കർ ലോറികൾ. റോഡിൽനിന്ന് മാറി ഉൾപ്രദേശങ്ങളിൽ കഴിയുന്നവരാണ് വലിയ ദുരിതത്തിലായിരിക്കുന്നത്.
കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ ജനം തെരുവിലിറങ്ങുന്ന അവസ്ഥയാണ്. തിങ്കളാഴ്ച കരുവേലിപ്പടി വാട്ടർ അതോറ്ററ്റി ഓഫിസിൽ കാലി കുടവുമായി എത്തിയ നാട്ടുകാർ ഉദ്യോഗസ്ഥരോട് കുടിവെള്ളം ആവശ്യപ്പെട്ട് ബഹളമുണ്ടാക്കി. വിവിധ സംഘടനകളുടെ നേതൃത്വത്തിലും സമരം അരങ്ങേറി. കഴിഞ്ഞ നാലാം തിയതി മുതലാണ് കൊച്ചിയിൽ കുടിവെള്ള വിതരണത്തിന് നിയന്ത്രണമേർപ്പെടുത്തിയത്. ഇത് ബുധനാഴ്ച വരെ നീളുമെന്നാണ് മുന്നറിയിപ്പ്. ഒന്നിടവിട്ട ദിവസങ്ങളിലാണ് നിയന്ത്രണമെന്ന് പറഞ്ഞിരുന്നുവെങ്കിലും പമ്പിങ് കുറവായതിനാൽ ഭൂരിഭാഗം പ്രദേശങ്ങളിലും ദിവസങ്ങളായി കുടിവെള്ളം ലഭിക്കാത്ത സാഹചര്യമാണ്. നിയന്ത്രണം ബാധകമല്ലാത്ത നഗരസഭ ഡിവിഷനുകളിലും കുടിവെള്ളം കിട്ടാക്കനിയായി മാറിയ സാഹചര്യമാണ്. പള്ളുരുത്തി, ഇടക്കൊച്ചി, പെരുമ്പടപ്പ് മേഖലകളിലും കുടിവെള്ള പ്രശ്നം രൂക്ഷമാണ്. 20 ലിറ്റർ കുപ്പി വെള്ളം പോലും കിട്ടാത്ത സാഹചര്യമാണ്. ഹോട്ടലുകളിലും പ്രതിസന്ധി രൂക്ഷമാണ്. കുടിവെള്ളം കിട്ടാതായതോടെ ചിലയിടങ്ങളിൽ ചെറുകിട ഹോട്ടലുകളും അടച്ചതായി കാണുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

