നൂറുകോടിയുടെ സ്കിൽ ഡെവലപ്മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് കളമശ്ശേരിയിൽ
text_fieldsകളമശ്ശേരി: നൂറുകോടി രൂപ ചെലവിൽ ബി.പി.സി.എല്‍ കൊച്ചി റിഫൈനറി കളമശ്ശേരിയിൽ സ്ഥാപിക്കുന്ന സ്കിൽ ഡെവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടിനായുള്ള ധാരണാപത്രം ഒപ്പുവച്ചു. വ്യവസായ മന്ത്രി പി.രാജീവ് പദ്ധതി പ്രഖ്യാപനം നടത്തി. കളമശ്ശേരി കണ്ടെയ്നർ റോഡിന് സമീപമുള്ള ടി.സി.സിയുടെ ഭൂമിയിലാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. കളമശ്ശേരി വ്യവസായ മേഖലയിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളായ എഫ്.എ.സി.ടി, ടി.സി.സി, ബി.പി.സി.എൽ, കൊച്ചിൻ ഷിപ്യാർഡ് തുടങ്ങിയവയുടെ സാമീപ്യം കണക്കിലെടുത്ത് വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും നൈപുണി വികസനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ടി.സി.സി കമ്പനി വിട്ടുനൽകിയ ഭൂമിയിൽ നാലേക്കർ കാമ്പസിൽ 1,10,000 ചതുരശ്ര അടി വിസ്തൃതിയിലാണ് ഇൻസ്റ്റിറ്റ്യൂട്ട് ഉയരുക. മൂന്നുമാസം മുതൽ ആറുമാസം വരെ ദൈർഘ്യമുള്ള കോഴ്സുകളാണ് ഉണ്ടാവുക. 1600 വിദ്യാർഥികളെ ഓരോ വർഷവും പ്രവേശിപ്പിക്കും.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ബി.പി.സി.എൽ ചെയർമാൻ സഞ്ജയ് ഖന്ന, കലക്ടർ ജി. പ്രിയങ്ക, ഏലൂർ നഗരസഭ ചെയർമാൻ എ.ഡി. സുജിൽ, ബി.പി.സി.എൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഡി. പാർഥസാരഥി, ടി.സി.സി എം.ഡി ആർ. രാജീവ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

