29 വീട് തകർന്നു; 63 ലക്ഷത്തിന്റെ കൃഷിനാശം
text_fieldsകൊച്ചി: കനത്ത മഴയിലും കടൽക്ഷോഭത്തിലും വ്യാഴാഴ്ച വരെ ജില്ലയില്‍ ഭാഗികമായി തകര്‍ന്നത് 29 വീട്. രണ്ട് വീട് പൂർണമായി തകർന്നു. വ്യാഴാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നാലിടത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കടൽക്ഷോഭത്തിൽ ഒരു വീട് പൂർണമായും തകർന്നു.
ജില്ലയിൽ 107.23 ഹെക്ടറിലായി 63,21,000 രൂപയുടെ കൃഷിനാശമുണ്ടായി. പറവൂര്‍ താലൂക്കിൽ ഏഴും ആലുവയിൽ അഞ്ചും കൊച്ചിയിൽ അഞ്ചും കണയന്നൂരിൽ മൂന്നും കുന്നത്തുനാട്ടിൽ ഏഴും കോതമംഗലത്ത് രണ്ടും മൂവാറ്റുപുഴയിൽ രണ്ടും വീടാണ് തകർന്നത്.
കൊച്ചി താലൂക്കിൽ കുമ്പളങ്ങി പുത്തന്‍തോട് ബീച്ച് റോഡ് വടക്ക് ഭാഗത്തായി കുരിശിങ്കല്‍ ഫ്രാന്‍സിസിന്റെ ഓടിട്ട വീടാണ് വ്യാഴാഴ്ച പൂർണമായി തകർന്നത്. കൂത്താട്ടുകുളം നഗരസഭയില്‍ 15ാം വാര്‍ഡില്‍ പുത്തന്‍കണ്ടത്തില്‍ ഗോപിയുടെ പറമ്പിലെ പ്ലാവ് റോഡിനുകുറുകെ വൈദ്യുതി ലൈനിലേക്ക് വീണു. പെരുമ്പാവൂര്‍ അശമന്നൂര്‍ പഞ്ചായത്തില്‍ ചെറുകുന്നത്ത് എ.എം റോഡരികില്‍ നിന്ന മരത്തിന്റെ ശിഖരം ഒടിഞ്ഞ് റോഡില്‍ വീണു.
ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷനുസമീപം റോഡരികില്‍നിന്ന മരം കടപുഴകി റോഡില്‍ വീണു. ഇലഞ്ഞി പഞ്ചായത്ത് നാലാം വാര്‍ഡില്‍ മുത്തോലപുരം പള്ളിക്കുസമീപം റബര്‍ മരം വീണു. അഗ്നിരക്ഷാ സേനയെത്തി മരങ്ങൾ മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
ശക്തി കുറഞ്ഞ് മഴ; തീരമേഖലയിൽ കെടുതിയായി കടലേറ്റം...
കൊച്ചി: കാലവർഷം ശക്തമായി നാലാം ദിവസത്തിലെത്തിയതിന് പിന്നാലെ ജില്ലയിൽ മഴയുടെ അളവിൽ കുറവ്. അപ്പോഴും കലിയടങ്ങാതെ കടൽ നാശം തീർക്കുന്നു. വ്യാഴാഴ്ച രാവിലെ മഴ ശക്തമായിരുന്നെങ്കിലും പിന്നീട് ഇടക്കിടെ മാത്രം നേരിയ തോതിലായി മഴ. കണ്ണമാലി മേഖലയിൽ കടൽക്ഷോഭം തുടരുന്നതിനാൽ ജനം ബുദ്ധിമുട്ടി. ഇവിടെ വെള്ളം കയറിയ വീടുകളിൽനിന്ന് നിരവധി പേരെ ഒഴിപ്പിച്ചു.
വെളിയത്താൻപറമ്പിലും നായരമ്പലത്തുമാണ് കടലേറ്റം രൂക്ഷം. കൊച്ചി, കണയന്നൂർ താലൂക്കുകളിലായി ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. 36 പേർ രണ്ട് ക്യാമ്പുകളിലുണ്ട്. കൊച്ചി താലൂക്കിലെ ക്യാമ്പ് കണ്ണമാലി- സെന്റ് ആന്റണീസ് എൽ.പി സ്കൂളിലാണ്. രണ്ട് കുടുംബങ്ങളിലെ മൂന്നുപേർ ഇവിടെയുണ്ട്. കണയന്നൂർ താലൂക്കിലെ ക്യാമ്പ് -കാക്കനാട് സെന്റ് മേരീസ് മലങ്കര ചർച്ച് ഹാളിലാണ്. ഒമ്പത് കുടുംബങ്ങളിലെ 28 പേർ ക്യാമ്പിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.