മൂലമ്പിള്ളി പാക്കേജിന് ഒന്നരപ്പതിറ്റാണ്ട് അവർ മഴയത്ത് തന്നെ
text_fields2022 മാർച്ച് 19ന് മാധ്യമം പ്രസിദ്ധീകരിച്ച വാർത്ത
കൊച്ചി: മൂലമ്പിള്ളി പാക്കേജിന് ഒന്നരപ്പതിറ്റാണ്ട് പ്രായമാകുമ്പോഴും കുടിയിറക്കപ്പെട്ട മനുഷ്യരുടെ ദുരിത ജീവിതത്തിനറുതിയില്ല. വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ട മൂലമ്പിള്ളിയിലെ 316 കുടുംബങ്ങളാണ് ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും ദുരിതക്കടൽ താണ്ടുന്നത്. ഇവരുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ വിജ്ഞാപനം ചെയ്ത ഉത്തരവിന് (മൂലമ്പിള്ളി പാക്കേജ്) ഞായറാഴ്ച ഒന്നര പതിറ്റാണ്ട് തികയുകയാണ്. പാക്കേജ് പ്രകാരം സർക്കാർ നൽകിയ വാഗ്ദാനങ്ങളിൽ മഹാഭൂരിപക്ഷവും ഇപ്പോഴും ചുവപ്പുനാടയിലാണ്.
പുനരധിവാസ പ്രഖ്യാപനങ്ങളൊന്നുമില്ലാതെയാണ് സംസ്ഥാന സർക്കാർ ഇത്രയും കുടുംബങ്ങളെ 2008 ഫെബ്രുവരി ആറിന് കുടിയൊഴിപ്പിച്ചത്. കോ ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നിരന്തര സമരങ്ങൾക്കൊടുവിലാണ് സർക്കാർ പുനരധിവാസ പാക്കേജിന് തയാറായത്. മുഴുവൻ കുടുംബങ്ങൾക്കും വീടുവെക്കാൻ ആറ് സെന്റ് വീതമുള്ള പ്ലോട്ടുകൾ, ഈ പ്ലോട്ടുകളിലേക്ക് ഗതാഗതയോഗ്യമായ റോഡ്, വൈദ്യുതി, കുടിവെള്ള കണക്ഷൻ, ഡ്രെയിനേജ്, ഒഴിപ്പിക്കപ്പെട്ട ഓരോ കുടുംബത്തിൽനിന്നും വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ഒരാൾക്ക് വീതം പദ്ധതിയിൽ ജോലി, വീടുകൾ പൂർത്തിയാക്കുന്നതുവരെ വാടകയ്ക്ക് താമസിക്കാൻ പ്രതിമാസം 5000 രൂപ വീതം ധനസഹായം, നഷ്ടപരിഹാര തുകയിൽനിന്ന് 12 ശതമാനം കേന്ദ്ര വരുമാനനികുതി ഈടാക്കുന്നത് ഒഴിവാക്കൽ, മുറിഞ്ഞുപോയ ശേഷിക്കുന്ന തുണ്ട് ഭൂമികളിൽ കെട്ടിട നിർമാണ ചട്ടങ്ങൾ ഒഴിവാക്കി കെട്ടിടം പണിയാൻ അനുമതി എന്നിവയായിരുന്നു പുനരധിവാസ പാക്കേജിലെ പ്രധാന വ്യവസ്ഥകൾ. വീടുകൾ നിർമിക്കാൻ ജില്ല ഭരണകൂടം കണ്ടെത്തിയ ഏഴ് പുനരധിവാസ സ്ഥലങ്ങളിൽ അഞ്ചും ചതുപ്പ് നിറഞ്ഞ പുഴ പുറമ്പോക്കുകൾ മാത്രമാണ്. ഈ സ്ഥലങ്ങളിൽ ഇതിനകം നിർമിച്ച ഏഴു വീടുകളിൽ അഞ്ച് എണ്ണത്തിനും ചരിവും വിള്ളലുകളുമുണ്ട്.
അതുകൊണ്ട് തന്നെ മറ്റു കുടുംബങ്ങൾ തങ്ങളുടെ ജീവിതസമ്പാദ്യം മുഴുവൻ ഉറപ്പില്ലാത്ത ഈ പ്ലോട്ടുകളിൽ നിക്ഷേപിക്കാൻ മടിക്കുകയാണ്. പരാതികളെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലും പുനരധിവാസ സ്ഥലങ്ങൾ നിലവിലെ അവസ്ഥയിൽ കെട്ടിട നിർമാണത്തിന് യോജിച്ചതല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് സമരസമിതി നേതാക്കൾ പറയുന്നത്. കാക്കനാട് കടമ്പ്രയാറിന്റെ തീരത്ത് 118 പ്ലോട്ടുകളും തുതിയൂരിൽ 56 കുടുംബങ്ങൾക്ക് നൽകിയ പ്ലോട്ടുകളും ചതുപ്പ് നിറഞ്ഞ് നിർമാണത്തിന് യോഗ്യമല്ലാതെ കിടക്കുകയാണ്.