പച്ചത്തുരുത്താകുന്നു നാട്
text_fieldsവാളകം ഗ്രാമപഞ്ചായത്തിലെ കരിപ്പച്ചിറ പച്ചത്തുരുത്ത്
കൊച്ചി: പച്ചത്തുരുത്തുകളിലൂടെ ചെറിയ വനങ്ങള്‍ സൃഷ്ടിച്ച് വ്യവസായ ജില്ലയുടെ ഹൃദയത്തിൽ പച്ചപ്പിലൂടെ ജീവവായു പകരുകയാണ് ഹരിത കേരള മിഷന്. ജില്ലയിലെ തിരക്കേറിയ ഭാഗങ്ങളിൽ പോലും കാടിന്റെ മനോഹാരിതയെ ഓര്‍മിപ്പിക്കും വിധം പച്ചത്തുരുത്തുകള്‍ പടര്‍ന്നുകഴിഞ്ഞു.
മാലിന്യ സംസ്കരണം, ജല സംരക്ഷണം, കൃഷി എന്നീ മൂന്നു മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന നവീന കാഴ്ചപ്പാടാണ് പച്ചത്തുരുത്തുകള്‍. നിലവില്‍ സംസ്ഥാനത്ത് 1141.71 ഏക്കറിലായി 3302 പച്ചത്തുരുത്തുകളും ജില്ലയില്‍ 24.8 ഏക്കറിലായി 148 പച്ചത്തുരുത്തുകളും നിർമിച്ചിട്ടുണ്ട്. കൊച്ചി കോര്‍പറേഷനില്‍ വിവിധ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലുമായി 4.18 ഏക്കറിലായി 32 പച്ചത്തുരുത്തുകള്‍ തയാറാക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഇതിനായി സ്ഥലങ്ങള്‍ കണ്ടെത്തുന്നത്. തരിശായ പൊതുസ്ഥലങ്ങളിലുള്‍പ്പെടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക വനമാതൃകകള്‍ സൃഷ്ടിച്ചെടുത്താണ് ഓരോ സ്ഥലവും മാനോഹരമാക്കുന്നത്.
ചെറുസസ്യങ്ങൾ മുതൽ ഫലവൃക്ഷങ്ങൾ വരെ
വിദേശ സസ്യങ്ങള്‍, അധിനിവേശ സസ്യങ്ങള്‍ എന്നിവ ഒഴിവാക്കി പ്ലാവ്, ഈട്ടി, വേങ്ങ, ആഞ്ഞിലി, മാവ്, കുടംപുളി തുടങ്ങി ഫലവൃക്ഷങ്ങളും കുറ്റിച്ചെടികളും വള്ളിച്ചെടികളും ചെറുസസ്യങ്ങൾക്കുമാണ് പച്ചത്തുരുത്തില്‍ പ്രാമുഖ്യം നല്‍കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍, കൃഷിവകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതി, വനംവകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗം, പരിസ്ഥിതി സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പച്ചത്തുരുത്ത് സൃഷ്ടിക്കുന്നത്.
പച്ചത്തുരുത്ത് പ്രവര്‍ത്തനങ്ങളെ സഹായിക്കാൻ പരിസ്ഥിതി പ്രവര്‍ത്തകര്‍, ജൈവവൈവിധ്യ മേഖലയിലെ വിദഗ്ധര്‍, വനവത്കരണ രംഗത്ത് പ്രവര്‍ത്തിച്ച പരിചയസമ്പന്നര്‍, കൃഷി വിദഗ്ധര്‍, ജനപ്രതിനിധികള്‍, പ്രാദേശിക സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടുന്ന ജില്ലതല സാങ്കേതിക സമിതികളുണ്ടാകും. തൈകള്‍ കണ്ടെത്തല്‍, വൃക്ഷങ്ങളുടെ തിരിച്ചറിയല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ പച്ചത്തുരുത്ത് നിര്‍മിതിക്കാവശ്യമായ സാങ്കേതിക സഹായങ്ങള്‍ ഈ സമിതികളാണ് നല്‍കുന്നത്.
ഒരുകോടി വൃക്ഷത്തൈകൾ
ഹരിത കേരള മിഷന് നടപ്പാക്കുന്ന മറ്റൊരു വേറിട്ട ആശയമാണ് ഒരുകോടി വൃക്ഷത്തൈകള്‍ നടുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി ദിനമായ ജൂൺ അഞ്ച് മുതല്‍ നടത്തിവരുന്ന ‘ഒരു തൈ നടാം’ വൃക്ഷവത്കരണ കാമ്പയിന്. കാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഒരുകോടി വൃക്ഷത്തൈകളും ജില്ലയില്‍ 5,92,050 തൈകളും കൈമാറ്റം നടത്താനാണ് ഹരിത കേരള മിഷന് ലക്ഷ്യമിടുന്നത്. ഇതുവരെ ജില്ലയില്‍ 4,13,327 തൈകളാണ് കൈമാറ്റം ചെയ്തത്. കുടുംബശ്രീ പദ്ധതിയായ തണൽ ഒരുക്കം, സ്കൂൾ വിദ്യാർഥികളുടെ ചങ്ങാതിക്ക് ഒരു തൈ എന്നീ കാമ്പയിനിലൂടെയാണ് കൂടുതൽ തൈകൾ കൈമാറാൻ സാധിച്ചത്.
ജലമാണ് ജീവൻ
സുരക്ഷിത ജലലഭ്യതയും ജലജന്യ രോഗപ്രതിരോധവും ലക്ഷ്യമിട്ട് ഹരിതകേരളം മിഷന് തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സംസ്ഥാന വ്യാപകമായി ജലമാണ് ജീവന് എന്ന പേരില്‍ സംഘടിപ്പിക്കുന്ന ജനകീയ തീവ്ര കര്‍മപരിപാടിയും ജില്ലയില്‍ നടപ്പാക്കിവരുന്നു. ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ ഏകോപിപ്പിച്ചാണ് കര്‍മപരിപാടി സംഘടിപ്പിക്കുന്നത്. ആശ പ്രവര്‍ത്തകര്‍, അംഗൻവാടി ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ജനകീയ കര്‍മപരിപാടിയായാണ് കാമ്പയിന് നടപ്പാക്കുന്നത്. കിണറുകളിൽ ക്ലോറിനേഷൻ ഉൾപ്പെടെ പരിപാടികളും നടക്കുന്നുണ്ട്.
ജില്ലയിൽ മികച്ചത് കരിപ്പച്ചിറ
മൂവാറ്റുപുഴ: വാളകം പഞ്ചായത്തിലെ കരിപ്പച്ചിറ ജില്ലയിലെ മികച്ച പച്ചത്തുരുത്തായി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സർക്കാർ ഹരിതകേരളം മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന പരിസ്ഥിതി പുനഃസ്ഥാപന പദ്ധതിയിൽ ജില്ലയിൽ 140ഓളം പച്ചത്തുരുത്തുകൾ നിലവിലുണ്ട്. വിദഗ്ധ സമിതിയാണ് വാളകം ഗ്രാമപഞ്ചയാത്തിലെ ഏഴാം വാർഡിലെ കരിപ്പച്ചിറ പച്ചത്തുരുത്ത് ജില്ലയിലെ മികച്ച പച്ചത്തുരുത്തായി തെരഞ്ഞെടുത്തത്. ഒരേക്കറോളം വരുന്ന സർക്കാർ ഭൂമിയായ കരിപ്പാച്ചിറ പ്രദേശത്ത് ജൈവവൈവിധ്യങ്ങളെ അലോസരപ്പെടുത്താതെ അധിനിവേശ സസ്യങ്ങളെ ഒഴിവാക്കി പ്രാദേശിക ഔഷധസസ്യങ്ങൾ, ചന്ദനം, രക്തചന്ദനം, ഈട്ടി, ആര്യവേപ്പ്, നെല്ലി, പ്ലാവ്, മാവ് ഉൾപ്പെടെ നിരവധി വൃക്ഷത്തൈകൾ നട്ടുപരിപാലിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

