14 ലക്ഷം യാത്രക്കാർ; കൊച്ചി മെട്രോ ഫീഡർ ബസ് സർവിസിന് ഒരു വയസ്സ്
text_fieldsകൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ) വൈദ്യുതി ഫീഡർ ബസ് സർവിസ് മെട്രോ കണക്ടിന് ഒരു വയസ്. കൊച്ചി മെട്രോയിലേക്കും വാട്ടർ മെട്രോയിലേക്കും ലാസ്റ്റ് മൈൽ കണക്ടിവിറ്റി ശക്തിപ്പെടുത്തുന്നതിനായി ആരംഭിച്ച ഇലക്ട്രിക് ബസ് സർവിസ് നഗര ജീവിതത്തിലെ ഒഴിച്ചുകൂടാനവാത്ത സേവനമായി ഒരു വർഷം കൊണ്ട് മാറുകയായിരുന്നു.
2025 ജനുവരി 15-ന് ഉദ്ഘാടനം ചെയ്യപ്പെട്ട അർബൻ ഫീഡർ സർവിസിന്റെ പ്രവർത്തനം ജനുവരി 16-നാണ് ആരംഭിച്ചത്. മെട്രോ റെയിലും വാട്ടർ മെട്രോയും പൂർണ ശേഷിയിൽ ഉപയോഗിക്കപ്പെടുന്നതിന് യാത്രക്കാർക്ക് തടസ്സമായിരുന്ന കണക്ടിവിറ്റി ഗ്യാപ് നികത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി രൂപകൽപ്പന ചെയ്തത്.കാര്യക്ഷമമായ സേവനം, സുഖകരമായ യാത്രാനുഭവം, സുരക്ഷിതത്വം എന്നിവയിലൂടെ ഇലക്ട്രിക് ഫീഡർ ബസ് മികച്ച ബദൽ റോഡ് ഗതാഗത ശൃംഖലയായി വളരുകയായിരുന്നു. സംസ്ഥാന ഗവൺമെന്റിന്റെ സഹകരണത്തോടെ ഫ്രഞ്ച് സ്ഥാപനമായ എ.എഫ്.ഡിയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.ആദ്യ വർഷം തന്നെ ആറ് പ്രധാന റൂട്ടുകളിലായി സർവിസ് വ്യാപിപ്പിക്കുകയും 15 വൈദ്യുതി ബസുകൾ, ഏഴ് ചാർജിങ് യൂണിറ്റുകൾ, ഒരു ഡിപ്പോ എന്നിവയടങ്ങിയ സംവിധാനമായി ഫീഡർ ബസ് സർവിസ് വളരുകയും ചെയ്തു. പ്രതിദിനം ശരാശരി 2,300 കിലോമീറ്റർ സർവിസ് നടത്തുന്ന ഈ സംവിധാനം, ഒരു വർഷത്തിനുള്ളിൽ ഏകദേശം ഏഴ് ലക്ഷം കിലോമീറ്റർ പിന്നിട്ടു. ഈ കാലയളവിൽ 14 ലക്ഷം യാത്രക്കാരാണ് ഇലക്ട്രിക് ഫീഡർ ബസ് സർവിസിന്റെ ഗുണഭോക്താക്കളായത്. ആലുവ-സിയാൽ എയർപോർട്ട് റൂട്ട് ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്. മെഡിക്കൽ കോളജ്, കടവന്ത്ര-പനമ്പിള്ളി നഗർ, ഹൈക്കോർട്ട് സർക്കുലർ റൂട്ടുകളും മികച്ച പ്രതികരണമാണ് നേടിയതെന്ന് കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

