മയക്കുമരുന്ന്; പ്രായപൂർത്തിയാകാത്ത 125 കുട്ടികൾക്കെതിരെ കേസുണ്ടെന്ന് സർക്കാർ ഹൈകോടതിയിൽ
text_fieldsകൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗവും മറ്റുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത 125 കുട്ടികൾക്കെതിരെ കേസെടുത്തതായി സർക്കാർ ഹൈകോടതിയിൽ. എറണാകുളമാണ് എം.ഡി.എം.എയും കഞ്ചാവുമടക്കം മയക്കുമരുന്നുമായി ബന്ധപ്പെട്ട് 18 വയസിൽ താഴെ പ്രായമുള്ള ഏറ്റവുമധികം കുറ്റവാളികളുള്ള ജില്ല. 56 കുട്ടികൾക്കെതിരെയാണ് കേസുള്ളത്. 18 വയസ്സിൽ താഴെയുളള 21 കുട്ടികൾക്കെതിരെ കോട്ടയം ജില്ലയിലും കേസുണ്ട്.
2015 മുതൽ 2024 വരെയുള്ള കാലയളവിലെ സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കാണ് ആഭ്യന്തര വകുപ്പ് റിപ്പോർട്ടായി സമർപ്പിച്ചിട്ടുള്ളത്. എറണാകുളം ജില്ലയിൽ നിന്ന് പ്രതിരോധ നടപടി തുടങ്ങാമെന്ന് അഭിപ്രായപ്പെട്ട കോടതി അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ സിറ്റി പൊലീസ് കമീഷണർ ഹാജരായി പ്രതിരോധ മാർഗങ്ങൾ നിർദേശിക്കാനും ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻബെഞ്ച് നിർദേശിച്ചു. കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം തടയാൻ നടപടി ആവശ്യപ്പെട്ട് ഫയൽ ചെയ്തിരിക്കുന്ന പൊതുതാൽപര്യ ഹരജിയിലാണ് വിശദീകരണം
മയക്കു മരുന്നിന് അടിമകളായ 341 കുട്ടികൾക്ക് ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായി കൗൺസലിങ് നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. 112 കുട്ടികൾക്ക് ലഹരി വിമുക്ത ചികിത്സ നൽകി. ഡിജിറ്റലായുള്ള ലഹരി വിമുക്ത സേവനങ്ങൾ 478 കുട്ടികൾ പ്രയോജനപ്പെടുത്തി. പ്രായപൂർത്തിയായവർക്കെതിരെ 2015ൽ 1,430 മയക്കുമരുന്ന് കേസുകളും 15,973 അബ്കാരി കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. 2024ൽ ഇത് യഥാക്രമം 8,160 ഉം 19,419 ഉം ആയി വർധിച്ചു. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട വിശദമായ പഠനമുണ്ടെങ്കിലേ പ്രതിരോധം സാധ്യമാകുവെന്ന് കോടതി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ ഫോറൻസിക് ലാബുകളിൽ ആവശ്യത്തിന് ശാസ്ത്രജ്ഞരില്ലാത്തതിനാൽ മയക്കു മരുന്ന് കേസുകളുടെ നടത്തിപ്പിനെ ബാധിക്കുന്നുവെന്നും കോടതി പറഞ്ഞു. ഫോറൻസിക് ലാബിൽ നിന്നുള്ള റിപ്പോർട്ട് കിട്ടാത്തതിനാൽ എത്ര കേസുകൾ കോടതികളിൽ തീർപ്പാക്കാതെയുണ്ടെന്ന് അറിയിക്കാൻ കോടതി നിർദേശിച്ചു. ഇത് സംബന്ധിച്ച് സർക്കാറും വിശദീകരണം നൽകണം. പോക്സോ കോടതികളിൽ സ്പെഷൽ പ്രോസിക്യൂട്ടർമാരെ നിയമിക്കാത്തത് പോക്സോ കേസുകളിലെ വിചാരണയെ ബാധിക്കുന്നുവെന്ന കെൽസയുടെ ഹരജിയിലാണ് കോടതിയുടെ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

