എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി മരണം 10 എലിപ്പനി മരണം 14
text_fieldsകൊച്ചി: എറണാകുളം ജില്ലയിൽ പനിബാധിതർ വർധിക്കുന്നു. ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം രണ്ടായിരത്തോട് അടുത്തു.കൊതുകുജന്യ, ജലജന്യ രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ വിവിധ വകുപ്പുകളുടെ ജില്ലതല ഉദ്യോഗസ്ഥർക്ക് കലക്ടർ ജാഫർ മാലിക് നിർദേശം നൽകി. ഡെങ്കിപ്പനി, എലിപ്പനി, ഹെപ്പറ്റൈറ്റിസ് ബി, ഡയറിയ(അതിസാരം) തുടങ്ങിയവ മൂലം ചികിത്സ തേടുന്നവർ വർധിച്ചുവരുകയാണ്. കടുത്ത ക്ഷീണവും ശരീരവേദനയും അനുഭവപ്പെടുന്ന വൈറൽ പനിയും കൂടിയിട്ടുണ്ട്. മിക്കവരും വീടുകളിൽതന്നെ സ്വയം ചികിത്സ ചെയ്യുന്നതിനാൽ ആരോഗ്യ വകുപ്പ് നൽകുന്നതിനേക്കാൾ അധികമായിരിക്കും പനി ബാധിതരുടെ എണ്ണം.
ആരോഗ്യ ജാഗ്രതയുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വെള്ളിയാഴ്ചയും സർക്കാർ ഓഫിസുകൾ ഉൾപ്പെടെ ശനിയാഴ്ചയും വീടുകളിൽ ഞായറാഴ്ചയും ഡ്രൈ ഡേ ആചരിച്ചു. ജില്ലയിൽ ഇതുവരെ 10 പേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു; 14 പേർ എലിപ്പനി ബാധിച്ചും. 191 പേർക്ക് എലിപ്പനിയും 203 പേർക്ക് ഹെപ്പറ്റൈറ്റിസ് ബിയും 50 പേർക്ക് ഹെപ്പറ്റൈറ്റിസ് സിയും സ്ഥിരീകരിച്ചു.
കൊച്ചി കോർപറേഷൻ പരിധിയിലും തൃക്കാക്കര, കളമശ്ശേരി, ആലുവ മുനിസിപ്പാലിറ്റികളിലുമാണ് ഡെങ്കിപ്പനിയും എലിപ്പനിയും ഏറ്റവുമധികം റിപ്പോർട്ട് ചെയ്തത്.
ജില്ലയിൽ ആകെ റിപ്പോർട്ട് ചെയ്ത ഡെങ്കിപ്പനി കേസുകളിൽ 43 ശതമാനവും കോർപറേഷൻ പരിധിയിലാണ്. മണിപ്ലാന്റ് പോലുള്ള ഇൻഡോര് സസ്യങ്ങളുടെ പാത്രങ്ങൾ ഉൾപ്പെടെയുള്ളവ ഡെങ്കിപ്പനിക്ക് കാരണമായ കൊതുകുകളുടെ പ്രധാന വളർച്ച കേന്ദ്രമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തി. കർഷകർക്കിടയിലും ക്ഷീര കർഷകർക്കിടയിലും എലിപ്പനി പടരുന്നുണ്ട്.