ഡിസൈന്‍ മേഖല പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തണം -കൊച്ചി ഡിസൈന്‍ വീക്ക്
text_fieldsസ്കൂളുകളിലും കോളജുകളിലും ഡിസൈൻ ചിന്ത വർധിപ്പിക്കാൻ വേൾഡ് ഡിസൈൻ കൗൺസിൽ തയാറാക്കിയ താൽപര്യപത്രം വേൾഡ് ഡിസൈൻ കൗൺസിൽ അധ്യക്ഷ പോള ഗസാർഡ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു. വി. സുനിൽ, അനൂപ് അംബിക, തെരേസ ജേക്കബ്, എസ്.ബി. ഷിബുലാൽ, മന്ത്രി പി. രാജീവ്, പ്രദ്യുമ്ന വ്യാസ് തുടങ്ങിയവർ സമീപം
കൊച്ചി: ഡിസൈന്‍ മേഖല സ്കൂള്‍തലം മുതല്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് കൊച്ചി ഡിസൈന്‍ വീക്ക്. കുട്ടികളുടെ കലാശേഷി വികസിപ്പിക്കുന്ന തരത്തില്‍ സൗന്ദര്യശാസ്ത്രപരമായ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഇതിനായി സിലബസ് രൂപവത്കരിക്കണമെന്നും കൊച്ചി ഡിസൈന്‍ വീക്കിന്റെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
രാജ്യം വ്യവസായിക കുതിപ്പിനൊരുങ്ങുന്ന കാലത്ത് ഡിസൈന്‍ മേഖല കേരളത്തിന് വലിയ മുതല്ക്കൂട്ടൊരുക്കുമെന്ന് രൂപകല്പന രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ വ്യവസായിക രംഗത്ത് വലിയ അവസരങ്ങളൊരുക്കാന്‍ ഈ മേഖലക്ക് കഴിയുമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത ദ്വിദിന ശില്പശാലയിൽ 'ഡിസൈന്‍, കേരളത്തിന്റെ അവസരങ്ങള്‍' വിഷയത്തിലുള്ള ചര്‍ച്ചയിലാണ് വിദഗ്ധര്‍ സംസാരിച്ചത്.
കൊച്ചി ബിനാലെ ഫൗണ്ടേഷന് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, ആര്‍ക്കിടെക്ട് ടോണി ജോസഫ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ഇന്റീരിയര്‍ ഡിസൈനേഴ്സ് ദേശീയ പ്രസിഡന്റ് ജബീന്‍ സക്കറിയാസ്, കേരള ഡിജിറ്റല്‍ യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ സജി ഗോപിനാഥും എന്നിവർ ചര്‍ച്ചയില്‍ പങ്കെടുത്തു. ഐ.എക്സ്.ഡി.എ ഗ്ലോബല്‍ മുന്‍ പ്രസിഡന്റ് അലോക് നന്ദി ചര്‍ച്ചയില്‍ മോഡറേറ്ററായി.
ഡിസൈന്‍ രംഗത്തെ അന്താരാഷ്ട്ര മാതൃകകള്‍ പരിചയപ്പെടുത്താൻ കേരള സ്റ്റാര്‍ട്ടപ് മിഷനാണ് രണ്ടുദിവസത്തെ ഉച്ചകോടി സംഘടിപ്പിച്ചത്. വേള്‍ഡ് ഡിസൈന്‍ ഓര്ഗനൈസേഷന്, വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍, ഇന്ത്യന്‍ ഇന്റീരിയര്‍ ഡിസൈനേഴ്സ് എന്നിവരുടെ സഹകരണത്തോടെയാണ് ഡിസൈന്‍ വീക്ക് നടത്തിയത്.
അവതരിപ്പിച്ചത് വ്യത്യസ്ത ആശയങ്ങൾ
കൊച്ചി: വ്യത്യസ്ത ആശയങ്ങളുടെ ആവിഷ്കാരവുമായി കൊച്ചി ഡിസൈൻ വീക്ക്. വിവിധ മേഖലകളില്‍ നിന്നുള്ള കലാകാരന്മാര് ഒരുക്കുന്ന 22 പ്രതിഷ്ഠാപനങ്ങൾ ഡിസൈന്‍ വീക്കിന്റെ പ്രത്യേകതയാണ്. ആര്‍ക്കിടെക്ചര്‍, ഡിജിറ്റല്‍ ആര്‍ട്ട്, ഗ്രാഫിക്സ്, ദാരുശില്പങ്ങള്, ചിത്രകല, സൂക്ഷ്മകല തുടങ്ങിയ പ്രതിഷ്ഠാപനങ്ങളിൽ, സ്ത്രീകൾ നേടിയ നേട്ടങ്ങൾ വിസ്മരിക്കുന്ന സമൂഹത്തിനുള്ള ഓർമപ്പെടുത്തലാണ് മുഖ്യആകർഷണങ്ങളിലൊന്ന്. മൊബൈൽ കാമറ പകർത്തുന്ന ദൃശ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ഉപകരണം അവതരിപ്പിച്ചിരിക്കുന്നത് ഫാബ് ലാബ് കേരളയാണ്. ചക്കയും സോയയും ഉപയോഗിച്ച് ചിക്കന്റെ അതേരുചി നൽകുന്ന ചിക്കറ്റ് നഗ്ഗറ്റ്സ് എന്ന ഉൽപന്നം അവതരിപ്പിക്കുന്നത് ഗ്രീൻ ഹഗ്സ് എന്ന സംരംഭമാണ്. മലപ്പുറം സ്വദേശി റഫീഖ് കാവന്നൂരും കോഴിക്കോടുകാരൻ ആദിൽ ലത്തീഫുമാണ് ഈ ഫുഡ് സ്റ്റാർട്ടപ്പിന് പിന്നിൽ.
മോട്ടോർ സ്പോർട്സ് മത്സരങ്ങൾക്കായി സൂപ്പർ ഹെൽമറ്റുകൾ ഡിസൈൻ ചെയ്യുന്ന തിരുവനന്തപുരം പൂജപ്പുര സ്വദേശി നിഹാസ് സലാഹുദ്ദീനും ഡിസൈൻ വീക്കിലുണ്ട്. 'കളർ മീ ക്രേസി കസ്റ്റംസ്' എന്ന കമ്പനി വഴിയാണ് നിഹാസും സുഹൃത്തുക്കളായ എ. ഫയാസ്, ആർ. മനോജ്, എസ്.ജെ. ജയസൂര്യ എന്നിവർ ചേർന്നാണ് ഹെൽമറ്റുകൾ ഡിസൈൻ ചെയ്യുന്നത്.
അന്തര്‍ദേശീയ വ്യവസായ സ്ഥാപനങ്ങളായ വേള്‍ഡ് ഡിസൈന്‍ ഓര്ഗനൈസേഷന്, വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ എന്നിവക്ക് പുറമേ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ഇന്റീരിയര്‍ ഡിസൈനേഴ്സ് (ഐ.ഐ.ഐ.ഡി) തുടങ്ങിയ ദേശീയ സ്ഥാപനങ്ങളും കൊച്ചി ഡിസൈന്‍ വീക്കുമായി സഹകരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

