കൊച്ചി കോർപറേഷൻ ബജറ്റ്: ഖരമാലിന്യ നിര്‍മാര്‍ജനത്തിന് 220 കോടി; ബ്രഹ്മപുരത്തെ പാര്‍ക്കായി മാറ്റും
text_fields2023- 24 വർഷത്തെ ബജറ്റ് കൊച്ചിൻ കോർപറേഷനിൽ ഡെപ്യൂട്ടിമേയർ കെ.എ. അൻസിയ അവതരിപ്പിക്കുമ്പോൾ മേയറുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിക്കുന്നു
കൊച്ചി: ഖരമാലിന്യ സംസ്കരണത്തിന് 220 കോടിയുടെ പ്രത്യേക പദ്ധതി വിഭാവനം ചെയ്ത് കൊച്ചി കോർപറേഷൻ ബജറ്റ്. ബ്രഹ്മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് ഖരമാലിന്യ സംസ്കരണത്തിന് ബജറ്റിൽ മുന്തിയ പരിഗണന നല്‍കിയിരിക്കുന്നത്. മലിനജല സംസ്കരണം, കൊതുക് നിവാരണം, വെള്ളക്കെട്ട് ഒഴിവാക്കൽ കനാലുകളുടെ ശുചീകരണം തുടങ്ങി ശുചിത്വ പദ്ധതികൾ നിരവധിയാണ് വിഭാവന ചെയ്തിരിക്കുന്നത്.
ബ്രഹ്മപുരത്ത് പുതിയ കമ്പോസ്റ്റ് പ്ലാന്റ് ഉൾപ്പെടെയുള്ള പദ്ധതികളും പ്രഖ്യാപനത്തിലുണ്ട്. ബ്രഹ്മപുരത്തെ ആധുനികവും മനോഹരവുമായ മാലിന്യ സംസ്കരണ ഡെമോണ്സ്ട്രേഷന് പാര്‍ക്കാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഉറവിടത്തില്‍ തന്നെ മാലിന്യം തരംതിരിച്ച് നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള കര്‍മപദ്ധതിയും നടപ്പാക്കും. മാലിന്യം സംസ്കരിക്കാന്‍ സൗകര്യമില്ലാത്ത വീടുകളില്‍ നിന്നുള്ള ജൈവമാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് തുമ്പൂര്‍മുഴി മാതൃകയില്‍ ഡിവിഷന് തലത്തില്‍ ഹീല്‍ ബോക്സുകള്‍ സ്ഥാപിക്കും. ശേഷിക്കുന്ന മാലിന്യം മാത്രമേ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകൂ. ഇതിനായി 15 കവചിത വാഹനങ്ങള്‍ വാങ്ങും.അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനി വഴി നീക്കം ചെയ്യും. മാലിന്യ നിര്‍മാര്‍ജനത്തിന് വേണ്ടിവരുന്ന ചെലവിന്റെ 50 ശതമാനം യൂസര്‍ഫീ വഴി കണ്ടെത്തുകയാണ് ലക്ഷ്യം.
പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി പൊലീസ് പട്രോളിങ് ഊര്‍ജിതമാക്കാന്‍ നഗരത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ 40 ഇലക്ട്രിക് സ്കൂട്ടറുകള് വിതരണം ചെയ്യും. ‘യു കാന്‍ ഹീല്‍ കൊച്ചി’ എന്ന പേരില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് മാലിന്യ സംസ്കരണ ബോധവത്കരണ കാമ്പയിനുകള്‍ നടത്തും.
മലിനജല സംസ്കരണത്തിന് എളംകുളത്ത് അഞ്ച് എം.എല്‍.ഡിയുടെ പുതിയ പ്ലാന്റ് സ്ഥാപിക്കും. ഇതിന്റെ ഭാഗമായി 38 കിലോമീറ്റര്‍ സ്വീവേജ് നെറ്റ് വര്‍ക്ക് ഒരുക്കും. പതിനായിരത്തോളം വീടുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നിലവിലുള്ള പ്ലാന്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്ന നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായി.
പുനരുപയോഗിക്കാന്‍ കഴിയുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, വീട്ടുപകരണങ്ങള്‍, തുണിത്തരങ്ങള്‍, പുസ്തകങ്ങള്‍ തുടങ്ങിയവയുടെ വിപണത്തിന് സ്വാപ്പ് ഷോപ്പുകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്. കുടുംബശ്രീയുടെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക. വസ്തുക്കളുടെ ഗുണനിലവാര പരിശോധനക്ക് പ്രേത്യക സജ്ജീകരണം ഒരുക്കും. പരമാര റോഡിലെ ഷീ ലോഡ്ജില്‍ സ്വാപ്പ് ഷോപ്പിന്റെ സ്ഥിരം ഔട്ട്ലറ്റ് തുറക്കുമെന്നും പ്രഖ്യാപനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

