വീണ്ടും നിയമ പോരാട്ടത്തിൽ; ദുരവസ്ഥക്ക് പരിഹാരമാകാതെ കിഴക്കമ്പലം-പോഞ്ഞാശ്ശേരി റോഡ്
text_fieldsകിഴക്കമ്പലം പോഞ്ഞാശ്ശേരി റോഡ്
കിഴക്കമ്പലം: വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് ശോച്യാവസ്ഥയിലായ കിഴക്കമ്പലം പോഞ്ഞാശ്ശേരി റോഡിന്റെ ദുരവസ്ഥക്ക് പരിഹാരമില്ല. റോഡുമായി ബന്ധപ്പെട്ട കേസ് ഹൈകോടതിയിലാണ്. ജനുവരി അഞ്ചിന് കേസ് പരിഗണിക്കുമെന്നാണ് അഡ്വ. പി.വി. ശ്രീനിജൻ എം.എൽ.എ പറയുന്നത്.
2021 ജനുവരിയിലാണ് റോഡ് ബി.എം ബി.സി നിലവാരത്തിൽ ടാർ ചെയ്യാൻ സ്വകാര്യ നിർമാണ കമ്പനിയുമായി കരാറുണ്ടാക്കുന്നത്. 2021 ജൂലൈയിൽ പൂർത്തീകരിക്കണമെന്ന നിബന്ധനയോടെയാണ് കരാർ നൽകിയിരുന്നത്. എന്നാൽ രണ്ട് വർഷം വരെ കരാറുകാരന്റെ ആവശ്യപ്രകാരം രണ്ടു തവണ പിഴയില്ലാതെയും നാല് തവണ പിഴയോടെയും നീട്ടി നൽകിയിരുന്നു.
എന്നാൽ റോഡ് നന്നാക്കുന്നതിനുള്ള നടപടി ഇല്ലാതായതോടെ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കരാറുകാരനെ സ്വന്തം നഷ്ട ഉത്തരവാദിത്വത്തിൽ ഒഴിവാക്കാനും പുനക്രമീകരിക്കാൻ തീരുമാനിക്കുകയും ചെയ്തതോടെ കരാറുകാരൻ ഹൈകോടതിയെ സമീപിച്ചു. ഹൈകോടതിയുടെ തീരുമാനപ്രകാരം 2024 നാലാം മാസം പൊതുമരാമത്ത് കരാറുകാരനായി ഹിയറിങ് നടത്തുകയും കരാറുകാരന്റെ വാദങ്ങളും കാരണങ്ങളും തൃപ്തികരമല്ലാത്തതിനാൽ കരാറുകാരനെ ഒഴിവാക്കി മുന്നോട്ട് പോകുവാനും തീരുമാനിച്ചു.
നടപടികളുടെ ഭാഗമായി വീണ്ടും ടെൻഡർ ചെയ്തെങ്കിലും റോഡിന്റെ ശോച്യാവസ്ഥ അതി ഗുരുതരമായതിനാൽ ആരും ടെൻഡർ എടുക്കാൻ തയ്യാറായില്ല. അഞ്ചാം തവണയാണ് പഴയ ടെൻഡർ തുകയേക്കാളും 47.91 ശതമാനം അധിക തുകക്ക് ടെൻഡർ ഉറപ്പിച്ചത്. ഇതിന് സർക്കാരിന്റെ അനുമതി തേടിയതോടെ പഴയ കരാറുകാരൻ പരാതിയുമായി രംഗത്ത് വരികയും വീണ്ടും കോടതിയെ സമീപിക്കുകയും ചെയ്തു.
വീണ്ടും ഹൈകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഹിയറിങ് നടത്തുകയും പരാതിക്കാരന്റെ വാദങ്ങൾ തൃപ്തികരമല്ലന്ന് ചൂണ്ടിക്കാട്ടി പുതിയ ടെൻഡർ നടപടികളുമായി മുന്നോട്ട് പോകാൻ പൊതുമരാമത്ത് തീരുമാനിക്കുകയും സർക്കാറിലേക്ക് അറിയിക്കുകയും ചെയ്തു. പുതിയ കരാറുകാരന്റെ ടെൻഡർ അംഗീകരിച്ച് മുന്നോട്ട് പോകുന്നതിനിടയിൽ പഴയ കരാറുകാരൻ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ അഞ്ച് വർഷമായി റോഡിന്റെ ശോച്യാവസ്ഥയിൽ ജനങ്ങൾ ദുരിതം പേറുകയാണ്. ഇതിനിടയിൽ നിരവധി സമരങ്ങളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

