കിഴക്കമ്പലം ബസ് സ്റ്റാൻഡ്: ട്വന്റി20 അടച്ചു, സി.പി.എം തുറന്നു
text_fieldsകിഴക്കമ്പലം ബസ് സ്റ്റാൻഡ് തർക്കത്തെത്തുടർന്ന് പൊലീസുമായി പഞ്ചായത്ത് പ്രസിഡന്റും
അംഗങ്ങളും സംസാരിക്കുന്നു
കിഴക്കമ്പലം: കിഴക്കമ്പലം ബസ് സ്റ്റാൻഡ് നിർമാണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ട്വന്റി 20യുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ അടച്ചുകെട്ടാൻ ഒരുങ്ങിയെങ്കിലും സി.പി.എം കെട്ടിയ കയർ അഴിച്ചുമാറ്റി. മാസങ്ങളായി തുടരുന്ന തർക്കത്തെ തുടർന്ന് നിർമാണവുമായി ബന്ധപ്പെട്ടാണ് ട്വന്റി 20 ബസ്സ്റ്റാൻഡ് അടച്ചുകെട്ടാൻ ഒരുങ്ങിയത്. നിർമാണം നടക്കുന്നതിനാൽ ബസ് സ്റ്റാൻഡ് അടച്ചുകെട്ടാൻ പഞ്ചായത്ത് കമ്മിറ്റിക്ക് തീരുമാനമെടുക്കാനുള്ള അനുമതി കോടതി ഉത്തരവിൽ ഉണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് കമ്മിറ്റി ഒരുമാസത്തേക്ക് അടച്ചുകെട്ടാൻ തീരുമാനിച്ചതെന്നും എന്നാൽ, സി.പി.എമ്മും ചില ഗുണ്ടകളും ചേർന്ന് അത് തടയുകയായിരുന്നുവെന്നും പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ് പറഞ്ഞു.
ഇതേ തുടർന്ന് വീണ്ടും കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു. പൊലീസ് നോക്കുകുത്തിയായി നിൽക്കുകയായിരുന്നുവെന്നും ഇവർ ആരോപിച്ചു. ബസ് സ്റ്റാൻഡിൽ പഞ്ചായത്ത് ആരംഭിക്കുന്ന സൗജന്യ ഭക്ഷണശാല അട്ടിമറിക്കാനുള്ള സി.പി.എമ്മിന്റെ നീക്കമാണ് ഇതിന് പിന്നിലെന്നും അവർ പറഞ്ഞു. എന്നാൽ, രാവിലെ മുതൽ സംഘർഷാവസ്ഥ കണക്കിലെടുത്ത് പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, പുത്തൻകുരിശ് ഡിവൈ.എസ്.പി വി.ടി. ഷാജൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു.
കുന്നത്തുനാട് തഹസിൽദാർ എം. മായയും സ്ഥലത്തുണ്ടായിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്റ്റാൻഡ് അടച്ചുകെട്ടാൻ നിർദേശമില്ലെന്നും നിർമാണ പ്രവർത്തനങ്ങൾക്ക് സംരക്ഷണം നൽകാനാണ് കോടതി ഉത്തരവ് എന്നുമാണ് പൊലീസ് പറയുന്നത്. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി കൂടി തീരുമാനമെടുത്താൽ മാത്രമേ സ്റ്റാൻഡ് അടച്ചുകെട്ടാൻ കഴിയുകയുള്ളൂവെന്നും പൊലീസ് പറയുന്നു. ഇതോടെ 11ഓടെ ഇരു വിഭാഗവും പിരിഞ്ഞ് പോകുകയായിരുന്നു.
ജൂലൈ അവസാനത്തിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ജനകീയ ഉദ്ഘാടനം നടത്തിയാണ് സ്റ്റാൻഡ് തുറന്നത്. ഇതേ തുടർന്ന് ട്വന്റി 20 കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരം സ്റ്റാൻഡ് അടച്ചുകെട്ടണമെന്ന തീരുമാനം പഞ്ചായത്ത് സെക്രട്ടറി അംഗീകരിച്ചിരുന്നില്ല. ഇതേ തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയെയും അസിസ്റ്റന്റ് സെക്രട്ടറിയെയും തടഞ്ഞുവെക്കുകയും അസിസ്റ്റന്റ് സെക്രട്ടറിയെ പഞ്ചായത്ത് പ്രസിഡന്റ് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

