പങ്കാളിയുടെ സമ്മതമില്ലാതെ കുട്ടികളെ കടത്തിക്കൊണ്ടുപോയി; പിതാവ് കസ്റ്റഡിയില്‍
text_fieldsകൊച്ചി: വാടകവീട്ടിൽനിന്ന് രണ്ടരയും ഒന്നരയും വയസ്സുള്ള കുട്ടികളെ പങ്കാളിയുടെ സമ്മതമില്ലാതെ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ പിതാവ് കസ്റ്റഡിയിൽ. കൊല്ലം കൊട്ടാരക്കര വാളകം പൂവനത്തുമ്പള പൂത്തൻ വീട്ടിൽ സന്തോഷ്കുമാറിനെയാണ് (49) ചേരാനെല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒപ്പം താമസിക്കുന്ന കൊച്ചി സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
ഇരുവരും നിയമപരമായി വിവാഹിതരായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഇരുവരും വാടകക്ക് താമസിച്ചിരുന്ന ഇടപ്പള്ളി കുന്നുംപുറത്തെ വീട്ടിലെത്തിയ സന്തോഷ്കുമാർ കുട്ടികളെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. രാത്രി ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനാൽ യുവതി ഫോണിൽ ബന്ധപ്പെട്ടെങ്കിലും കുട്ടികളെ തിരിച്ചെത്തിച്ചില്ല.
യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് പൊലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയത്. തുടര്‍ന്ന് ചേരാനെല്ലൂര്‍ എസ്.ഐ തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ മരടിലുണ്ടെന്ന് കണ്ടെത്തി. സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരടിൽനിന്ന് പിടികൂടിയത്. ചൈല്‍ഡ് ലൈൻ നിർദേശപ്രകാരം കുട്ടികളെ മാതാവിന് വിട്ടുകൊടുത്തു. പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് അടക്കം നിരവധി കേസ് സന്തോഷ്കുമാറിനെതിരെ ഉണ്ടെന്നും കൂടുതൽ കേസുകളിൽ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും ചേരാനെല്ലൂർ പൊലീസ് അറിയിച്ചു.