കേരളത്തിലേക്ക് രാസലഹരി എത്തിക്കുന്ന പ്രധാനകണ്ണി പിടിയിൽ
text_fieldsഹസനുൽ ബന്ന
കിഴക്കമ്പലം: കേരളത്തിലേക്ക് രാസലഹരി എത്തിക്കുന്ന മുഖ്യ കണ്ണിയെ ബംഗളൂരുവിൽ നിന്ന് തടിയിട്ടപറമ്പ് പൊലീസ് സാഹസികമായി പിടികൂടി. തൃക്കാക്കര പൈപ്പ് ലൈൻ റോഡിൽ വടക്കപ്പറമ്പിൽ ഹസനുൽ ബന്ന (24) ആണ് പിടിയിലായത്. ഇയാൾ ഒളിച്ചു താമസിച്ചിരുന്ന ഫ്ലാറ്റിന് സമീപത്ത് വച്ചാണ് പിടികൂടിയത്. മൂന്നുമാസം മുൻപ് വാഴക്കുളം സ്വദേശി മുഹമ്മദ് അസ് ലമിനെ 46 ഗ്രാം എം.ഡി.എം.എയുമായി തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് രാസലഹരി ലഭിക്കുന്ന ഉറവിടം തേടിയുള്ള അന്വേഷണത്തിനിടയിലാണ് ഹസനുൽ ബന്ന പിടിയിലാകുന്നത്.
ആഫ്രിക്കൻ സ്വദേശിയിൽ നിന്ന് മൊത്തമായി വാങ്ങുന്ന രാസലഹരി ബംഗളൂരുവിൽ കൊണ്ടുവന്ന് കേരളത്തിലെ ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയാണ് പ്രതി ചെയ്യുന്നത്. ഏറ്റവും കുറഞ്ഞ അളവിൽ വരെ ലഹരിവസ്തുക്കൾ തൂക്കി നൽകുന്നതിന് ഉപയോഗിക്കുന്ന വിവിധ തരം യന്ത്രങ്ങൾ ഇയാളുടെ താമസസ്ഥലത്തു നിന്നും പൊലീസ് കണ്ടെടുത്തു.
പെരുമ്പാവൂർ എ.എസ്.പി ഹർദ്ദിക്ക് മീണയുടെ നിർദേശാനുസരണം തടിയിട്ടപറമ്പ് സി.ഐ പി.ജെ. കുര്യാക്കോസ്, സിവിൽ പൊലീസ് ഓഫിസർമാരായ റോബിൻ റോയ്, കെ.വിനോദ്, കെ.എസ്. അനൂപ്, സി.ബി. ബെനസിർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ ബംഗളൂരുവിലെത്തി പിടികൂടിയത്. കേരള രജിസ്ട്രേഷനുള്ള വാഹനം കണ്ട പ്രതി ഫ്ലാറ്റിൽ നിന്ന് ഇറങ്ങിടാക്സിയിൽ രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

