കരുമാല്ലൂർ-കുന്നുകര കുടിവെള്ള പദ്ധതി; ഒന്നാംഘട്ട പാക്കേജ് ടെൻഡറിന് അംഗീകാരം
text_fieldsകരുമാല്ലൂർ: കരുമാല്ലൂർ, കുന്നുകര പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും വിതരണസംവിധാനം മെച്ചപ്പെടുത്താനുമായി ആവിഷ്കരിച്ച പദ്ധതിയിലെ കുടിവെള്ള പദ്ധതിയുടെ ഒന്നാംഘട്ട പാക്കേജിലെ പ്രവൃത്തികളുടെ ടെൻഡറിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. പാക്കേജിൽ ഉൾപ്പെട്ട കിണർ, പമ്പ് ഹൗസ് നിർമാണം, പൊതുപ്രവൃത്തികൾ എന്നിവ ഉൾപ്പെട്ട ടെൻഡറിനാണ് അനുമതി.
അടുത്ത രണ്ട് ടെൻഡറുകളിൽ വൈകാതെ തീരുമാനമാകുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഒരുവർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും. 13.33 കോടിയുടെ പ്രവൃത്തികൾക്കാണ് അനുമതി നൽകിയത്. കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റി സമർപ്പിച്ച ടെൻഡറിനാണ് അംഗീകാരമായത്.
കഴിഞ്ഞ വർഷം ജൂണിൽ ആദ്യ ടെൻഡർ വിളിച്ചെങ്കിലും ആരും പങ്കെടുക്കാത്തതിനെത്തുടർന്ന് റദ്ദാക്കിയിരുന്നു. റീ ടെൻഡറിലൂടെയാണ് പുതിയ കരാറുകാരെ കണ്ടെത്തിയത്.
കുന്നുകര, കരുമാല്ലൂർ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന കുടിവെള്ള പദ്ധതിയുടെ അടങ്കൽ തുക 51.30 കോടിയാണ്.

