കണക്കൻകടവ് ഷട്ടർ തകർച്ച: ചാലക്കുടിയാറ്റിലേക്ക് ഓരുവെള്ളം കയറുന്നത് രൂക്ഷം; കൃഷിക്കും ഭീഷണി
text_fieldsചാലക്കുടിയാറ്റിൽ ഓരുവെള്ളം കയറിയതിനെത്തുടർന്ന്
പമ്പിങ് നിർത്തി വച്ച മൂഴിക്കുളത്തെ പാറക്കടവ് പമ്പ് ഹൗസ്
പാറക്കടവ്: രൂക്ഷമായ തോതിൽ ഓരുവെള്ളം കയറിയതിനെത്തുടർന്ന് ചാലക്കുടിപ്പുഴയോട് ചേർന്ന മൂഴിക്കുളം ഭാഗത്തെ പാറക്കടവ് പമ്പ് ഹൗസിൽ പമ്പിങ് നിർത്തിവെച്ചു. ഇതുകാരണം പാറക്കടവ്, കുന്നുകര പഞ്ചായത്ത് പ്രദേശങ്ങളിൽ രണ്ട് ദിവസമായി ശുദ്ധജലം കിട്ടാതെ ജനം വലയുകയാണ്. ഉയർന്ന പ്രദേശങ്ങളിലുള്ളവരാണ് പ്രധാനമായും ദാഹജലം കിട്ടാതെ നെട്ടോട്ടത്തിലുള്ളത്.
കായലിൽ നിന്ന് ഓരു വെള്ളം കയറുന്നത് തടയുന്ന കണക്കൻകടവ് റഗുലേറ്റർ കം ബ്രിഡ്ജിലെ രണ്ട് ഷട്ടറുകളാണ് തകർന്നിട്ടുള്ളത്. ഓരുവെള്ളം കിഴക്കോട്ടൊഴുകുന്നത് രൂക്ഷമായതോടെ മേഖലയിലെ പരമ്പരാഗത കർഷകരുടെ ഹെക്ടർ കണക്കിന് കൃഷി നശിക്കുന്ന അവസ്ഥയിലാണ്. ഓരുവെള്ളം കയറുന്നത് തടയാൻ മണൽ ബണ്ട് നിർമിക്കാൻ നടപടി സ്വീകരിക്കാത്തതിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
അതേസമയം പതിവായി നടപ്പാക്കുന്ന മണൽ ബണ്ട് നിർമാണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പൂർത്തിയാക്കിട്ടില്ല. കണക്കൻകടവ് ഷട്ടർ തകർന്നതോടൊപ്പം വേലിയേറ്റവും ശക്തമായി. അതോടെയാണ് ചാലക്കുടി പുഴയിലേക്ക് ഉപ്പുവെള്ളത്തിന്‍റെ വരവിനും ആക്കം കൂടിയത്.
പാറക്കടവ് പഞ്ചായത്തിലെ ഒമ്പത് വാർഡുകളിലും കുന്നുകര പഞ്ചായത്തിലെ ഏതാനും പ്രദേശങ്ങളിലുമാണ് ശുദ്ധ ജല വിതരണം മുടങ്ങിയിരിക്കുന്നത്. പൂകൃഷി അടക്കം നെൽകൃഷി സമ്പന്നമായ പ്രദേശങ്ങളാണിവിടം. എല്ലാ കൃഷികളും നശിക്കുന്ന അവസ്ഥയാണെന്നാണ് നാട്ടുകാരും കൃഷിക്കാരും ചൂണ്ടിക്കാട്ടുന്നത്.
പാറക്കടവ് പമ്പ് ഹൗസിൽ 25 എച്ച്.പിയുടെയും 30 എച്ച്.പിയുടെയും രണ്ട് മോട്ടറുകളാണുള്ളത്. ടാങ്കുകളിൽ വെള്ളം സംഭരിച്ച് പ്രതിദിനം 12 മണിക്കൂർ സമയമാണ് പമ്പിങ് നടത്തിയിരുന്നത്. പ്രതിസന്ധി മൂലം ഏകദേശം പതിനായിരത്തോളം വീടുകളിലേക്കുള്ള ശുദ്ധജല വിതരണമാണ് മുടങ്ങിയിരിക്കുന്നത്. വലിയൊരു പ്രദേശത്തെ കൃഷിയും നശിക്കുന്ന അവസ്ഥയിലാണ്. ശുദ്ധജല വിതരണം മുടങ്ങിയ പ്രദേശങ്ങളിൽ അടിയന്തിരമായി വാഹനങ്ങളിൽ വെള്ളമെത്തിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

