കാലും തലയും ഗേറ്റിൽ കുടുങ്ങി വളർത്തുനായ ചത്തു
text_fieldsഗേറ്റിൽ കുടുങ്ങിക്കിടക്കുന്ന വളർത്ത് നായ
കളമശ്ശേരി: വീടിന്റെ ഗേറ്റിൽ കാലും തലയും കുടുങ്ങി കിടന്ന വളർത്ത് നായെ രക്ഷപ്പെടുത്താനുള്ള നാട്ടുകാരുടേയും അഗ്നിരക്ഷാസേനയുടേയും ശ്രമം പരാജയപ്പെട്ടു. ഇടപ്പള്ളി ടോളിൽ മങ്കുഴി റോഡിൽ പുരുഷന്റെ വീട്ടിലെ വളർത്ത് നായ്ക്കാണ് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ വിഫലമായി ദാരുണാന്ത്യം സംഭവിച്ചത്. രാവിലെ മുതലാണ് നായെ ഗേറ്റിൽ കുടുങ്ങി കിടക്കുന്ന ശ്രദ്ധയിൽപ്പെട്ടതെന്നാണ് വാർഡ് കൗൺസിലർ ബിന്ധു മനോഹർ പറഞ്ഞത്. ആദ്യം കാൽ കുടുങ്ങി, പിന്നാലെ തലയും കുടുങ്ങുകയായിരുന്നു. നായയെ രക്ഷപ്പെടുത്താൻ നാട്ടുകാർ ശ്രമിച്ചെങ്കിലും വീട്ടിലെ മറ്റു രണ്ട് നായ്ക്കളും ഇതിനടുത്ത് കുരച്ച് കൊണ്ട് നിൽക്കുന്നതിനാൽ അടുത്തേക്ക് അടുക്കാൻ കഴിഞ്ഞില്ല.
പിന്നീട് കൗൺസിലർ അറിയിച്ചതിനുസരിച്ച് ഏലൂരിൽനിന്ന് അഗ്നിരക്ഷാസേനയും എത്തി രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തി. മണിക്കൂറുകളോളം ഗേറ്റിൽ കുടുങ്ങി കാലിലെല്ലാം നീര് വെച്ച നായെ ഉദ്യോഗസ്ഥർ താഴെയിറക്കിയെങ്കിലും ജീവൻ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു.

