പരിശോധനയുമായി പി.സി.ബി; പെരിയാറിലെ മലിനീകരണം ഞെട്ടിക്കുന്നത്
text_fieldsപെരിയാറിലേക്ക് കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിൽനിന്ന് മലിനജലം ഒഴുകിവരുന്നത് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ കാമറയിൽ പകർത്തുന്നു
കളമശ്ശേരി: മാലിന്യമൊഴുക്ക് പതിവായ പെരിയാറിൽ പരിശോധനക്കെത്തിയ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ഏലൂർ എടയാർ മേഖലയിൽ പാതാളം റെഗുലേറ്റർ ബ്രിഡ്ജിന് സമീപം പുഴയിൽ നടത്തിയ പരിശോധനയിലാണ് പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നുവരെ വ്യാപകമായി മലിനജലം ഒഴുക്കുന്നത് ശ്രദ്ധയിൽപെട്ടത്. പൊതുമേഖല സ്ഥാപനങ്ങളുടെ പിന്നിൽ സ്ഥാപിച്ച കുഴലുകൾവഴി പലനിറത്തിലുള്ള മലിനജലമാണ് ഒഴുക്കുന്നത്. ഇവ പുഴയുടെ ഉപരിതലത്തിൽ പാടപോലെ കെട്ടിക്കിടക്കുകയാണ്.
രാവിലെ പത്തോടെയാണ് ജില്ല മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻവയൺമെൻറൽ എൻജിനീയർ എം.എ. ബൈജുവിന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പാതാളം ബ്രിഡ്ജിൽ പരിശോധനക്കെത്തിയത്. ഈ സമയം പാലത്തിന് ഇരുഭാഗത്തും പുഴ കറുത്ത നിലയിലായിരുന്നു. ഉദ്യോഗസ്ഥരെത്തിയതറിഞ്ഞ് ഏലൂർ ജനജാഗ്രത പ്രവർത്തകരും സ്ഥലത്തെത്തി.
തുടർന്ന് അവർ തയാറാക്കിയ വഞ്ചിയിൽ കമ്പനികൾ സ്ഥിതി ചെയ്യുന്ന പുഴയുടെ ഭാഗങ്ങളിൽ കൊണ്ടുപോയി മാലിന്യം ഒഴുക്കുന്ന ഭാഗങ്ങൾ കാണിച്ചു കൊടുത്തു. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ, എടയാർ വ്യവസായ മേഖലയിലെ റബർ, തുകൽ സംസ്കരണ സ്ഥാപനങ്ങൾ അടക്കമുള്ള പുഴയുടെ പിൻഭാഗങ്ങൾ സന്ദർശിച്ചു. ഈ ഭാഗങ്ങളിൽ മാലിന്യം ഒഴുക്കുന്നത് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെടുകയും സാമ്പിൾ ശേഖരിക്കുകയും ചെയ്തു. ഇതിനിടെ പാതാളം ബ്രിഡ്ജിലെ ഷട്ടർ തുറന്ന് കറുത്ത നിലയിൽ കിടക്കുന്ന പുഴയിലെ ജലം ഒഴുക്കിക്കളയാൻ അധികൃതർ ശ്രമം നടത്തി.
ഇത് ശ്രദ്ധയിൽപെട്ട ജനജാഗ്രത പ്രവർത്തകർ ഇടപെട്ട് പ്രതിഷേധം അറിയിച്ചതോടെ ശ്രമം ഉപേക്ഷിച്ചു. സാമ്പിൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് എൻവയൺമെൻറൽ എൻജിനീയർ എം.എ. ബൈജു പറഞ്ഞു. വ്യവസായ മേഖലയിൽ പ്രധാന ഡ്രെയിനേജുകൾ ശുചീകരിക്കാൻ നടപടി സ്വീകരിച്ച് സി.സി ടി.വി സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും. ഇതിനായി വ്യവസായ കേന്ദ്രവുമായും ജലസേചന വകുപ്പുമായി ബന്ധപ്പെട്ട് പദ്ധതി തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.