സ്വകാര്യ കമ്പനിയിലെ ബോയ്ലർ പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്
text_fieldsകിൻഫ്രയിൽ ബോയ്ലർ പൊട്ടിത്തെറിച്ച് കമ്പനിയുടെ മേൽക്കൂര തകർന്നനിലയിൽ
കളമശ്ശേരി: കിൻഫ്ര ഹൈടെക് പാർക്കിലെ സ്വകാര്യ കമ്പനിയിൽ ബോയ്ലർ പൊട്ടിത്തെറിച്ച് വ്യാപക നഷ്ടം. ജീവനക്കാരന് പരിക്ക്. ചൊവ്വാഴ്ച രാവിലെ 10.15ഓടെ കിൻഫ്രയിലെ സുഗന്ധവ്യഞ്ജനങ്ങളുടെ സത്ത് വേർപ്പെടുത്തുന്ന ഗ്രീൻലീഫ് എക്സ്ട്രാക്ഷൻ കമ്പനിയിലാണ് പൊട്ടിത്തെറി ഉണ്ടായത്.
ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറിയിൽ കിലോമീറ്ററുകൾ അകലെ എച്ച്.എം.ടി കോളനി, മറ്റക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ വരെ പ്രകമ്പനമുണ്ടായി. അപകടത്തിൽ പൊള്ളലേറ്റ ജീവനക്കാരൻ സനീഷ് (40) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വീടുകൾ കുലുങ്ങിയതായും ജനൽ ചില്ലുകൾ പൊട്ടിയതായും പ്രദേശവാസികൾ പറയുന്നു. കമ്പനിയുടെ മേൽക്കൂരയും ഗ്ലാസുകളും തകർന്നു.
ബോയ്ലറുടെ സ്ട്രിപ്പിങ് വെസൽ മർദം താങ്ങാനാകാതെ വന്നതിനാൽ പൊട്ടിത്തെറിക്കുകയായിരുന്നു. കമ്പനിയുടെ എതിർവശത്ത് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ ജനൽ ചില്ലുകൾ തകർന്നു.
ജനൽ ഫ്രെയ്മുകൾ വളഞ്ഞ നിലയിലാണ്. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. പൊലീസ്, അഗ്നിരക്ഷാസേന, മന്ത്രി പി. രാജീവ്, നഗരസഭ ചെയർമാൻ ജമാൽ മണക്കാടൻ, കൗൺസിലർമാർ തുടങ്ങിയവർ സ്ഥലത്തെത്തി.
2022 ഫെബ്രുവരിയിൽ ഇതേ കമ്പനിയുടെ സമീപത്തെ മറ്റൊരു യൂനിറ്റിൽ വൻ തീപിടിത്തം സംഭവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

