കളമശ്ശേരി മാലിന്യസംഭരണ കേന്ദ്രം പ്രവർത്തനം അശാസ്ത്രീയമെന്ന് ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള
text_fieldsകളമശ്ശേരി: നഗരസഭ മാലിന്യസംഭരണ കേന്ദ്രം പ്രവർത്തനം അശാസ്ത്രീയമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ സ്റ്റേറ്റ് ലെവൽ മോണിറ്ററിങ് കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള. രണ്ട് ദിവസം മുമ്പ് തീപിടിത്തം ഉണ്ടായ മാലിന്യസംഭരണ കേന്ദ്രം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തിൽ നഗരസഭയോട് മലിനീകരണ നിയന്ത്രണ ബോർഡ് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ബോർഡ് നൽകുന്ന റിപ്പോർട്ട് ചേർത്ത് ട്രൈബ്യൂണലിന് റിപ്പോർട്ട് നൽകുമെന്ന് ജസ്റ്റിസ് രാമകൃഷ്ണപിള്ള പറഞ്ഞു. ബോർഡ് ഉദ്യോഗസ്ഥർക്കൊപ്പമാണ് ചെയർമാൻ സന്ദർശിച്ചത്.
പൊലീസിൽ പരാതി നൽകികളമശ്ശേരി: നഗരസഭ മാലിന്യസംഭരണ കേന്ദ്രത്തിലെ തീപിടിത്തം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കളമശ്ശേരി നഗരസഭ പൊലീസിൽ പരാതി നൽകി. നഗരസഭ സംഭരണകേന്ദ്രത്തിൽ രണ്ട് ദിവസം മുമ്പുണ്ടായ തീപിടിത്തത്തിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. ഉച്ചക്ക് രണ്ടരയോടെ തുടങ്ങിയ തീപിടിത്തം 11 മണിക്കൂർ പണിപ്പെട്ടാണ് അഗ്നിരക്ഷാ വിഭാഗം അണച്ചത്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് നഗരസഭ സെക്രട്ടറി കളമശ്ശേരി പൊലീസിൽ പരാതി നൽകിയത്. ഇടക്കിടെ ഉണ്ടാകുന്ന തീപിടിത്തത്തിനെതിരെ വ്യാപക ആക്ഷേപം ഉയർന്നിരുന്നു.