പുഴയിൽ ചാടിയ യുവതിയെ മത്സ്യത്തൊഴിലാളി രക്ഷപ്പെടുത്തി
text_fieldsകളമശ്ശേരി: പാതാളം പാലത്തിൽനിന്ന് പുഴയിൽ ചാടിയ യുവതിയെ മത്സ്യത്തൊഴിലാളി രക്ഷപ്പെടുത്തി. പാതാളം റെഗുലേറ്റർ ബ്രിഡ്ജിൽനിന്ന് ചാടിയ 23കാരിയെയാണ് മഞ്ഞുമ്മൽ തൊട്ടിപ്പറമ്പിൽ മേഹഷൻ (68) രക്ഷപ്പെടുത്തിയത്. രാവിലെ പതിനൊന്നരയോെട പാലത്തിനുതാഴെ വലവീശി മീൻ പിടിക്കുന്നതിനിടെയാണ് പുഴയിലേക്ക് എന്തോ വീഴുന്ന ശബ്ദം കേട്ടത്. പിന്നാലെ, പാലത്തിൽനിന്ന് മുപ്പത്തടം സ്വദേശിയായ പ്രമോശ് ഒച്ചവെക്കുന്നത് ശ്രദ്ധയിൽപെട്ടു. പ്രമോശ് പിക്അപ് വാനുമായി പാലത്തിൽക്കൂടി പോകുമ്പോഴാണ് യുവതി ചാടുന്നത് കണ്ടത്.
ഉടൻ വാഹനം നിർത്തി ബഹളം കൂട്ടുകയായിരുന്നു. മേഹഷൻ തന്റെ ചെറുവഞ്ചിയുമായി യുവതിക്കരികിലെത്തി രക്ഷപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനയുടെ സഹായത്തിൽ കരക്ക് എത്തിച്ചു. തുടർന്ന്, പാതാളം ഇ.എസ്.ഐ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. വിദഗ്ധ ചികിത്സക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

