പെരിയാർ തീരത്തെ കൈയേറ്റം: മൂന്ന് കമ്പനികൾക്ക് നോട്ടീസ്
text_fieldsഎടയാർ വ്യവസായ മേഖലയിൽ പുഴയോരം കൈയേറി കെട്ടിത്തിരിച്ച നിലയിൽ
കളമശ്ശേരി: പെരിയാറിന്‍റെ തീരം കൈയേറി നിർമാണം നടത്തിയ മൂന്ന് കമ്പനികൾക്ക് ജലസേചന വകുപ്പ് നോട്ടീസ് നൽകി. എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്നവേറ്റിവ് മറെൻപ്രെഡക്റ്റ്സ്, സൺറൈസ്, കൊച്ചി പ്ലാസ്റ്റിക് സൊലൂഷൻ എന്നീ കമ്പനികൾക്കാണ് നോട്ടീസ് നൽകിയത്. വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നദീതട സംരക്ഷണ നിയമങ്ങളും പരിസ്ഥിതി ചട്ടങ്ങളും കർശനമായി നിലനിൽക്കുന്ന പെരിയാറിന്‍റെ തീരം മണ്ണിട്ട് നികത്തിയായി കണ്ടെത്തിയിട്ടുണ്ട്.
തീരം വഴി വ്യവസായ മേഖലയിലെ കമ്പനികളിൽനിന്ന് മാലിന്യം ഒഴുക്കുന്നതായ പരാതിയിൽ നാഷനൽ ഗ്രീൻ ട്രൈബ്യൂണൽ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ പെരിയാറിന്റെ തീരത്ത് നിരീക്ഷണ പാത നിർമിക്കാൻ ജലസേചന വകുപ്പ് ഒരുക്കം തുടങ്ങിയിരുന്നു.
നദീ തീരത്ത് ഭൂസർവേയും അതിർത്തി നിർണയ നടപടികളും നിലവിൽ പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് ഇത് തടസ്സപ്പെടുത്തുന്ന രീതിയിൽ അനധികൃത നിർമാണങ്ങൾ കണ്ടെത്തിയത്.
ഏഴ് ദിവസത്തിനകം നികത്തിയ ഭാഗത്തുനിന്ന് മണ്ണ് നീക്കം ചെയ്ത് സാധാരണ നിലയിലാക്കണമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയത്. മഴ വെള്ളസംഭരണിയുടെ മറവിൽ പെരിയാർ തീരത്ത് സ്ഥാപിച്ച ഭീമൻ ടാങ്ക് ഉൾപ്പെടെ നീക്കം ചെയ്യാനാണ് ഇന്നവറ്റീവ് മറെൻപ്രെഡക്റ്റ്സ് കമ്പനിക്ക് നോട്ടീസ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

