‘ഡോ. എം. ലീലാവതി അഭിമാനത്തിന്റെ വലിയ ചിഹ്നം’
text_fieldsകെ.പി.സി.സിയുടെ പ്രിയദർശനി പബ്ലിക്കേഷൻസ് ഏർപ്പെടുത്തിയ പ്രിയദർശനി സാഹിത്യ പുരസ്കാരം എഴുത്തുകാരി പ്രഫ. എം. ലീലാവതിക്ക് രാഹുൽ ഗാന്ധി സമ്മാനിക്കുന്നു
കളമശ്ശേരി: ഡോ. എം. ലീലാവതി കേരളത്തിന് മാത്രമല്ല രാജ്യത്തിനാകെ അഭിമാനത്തിന്റെ വലിയ ചിഹ്നമാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കളമശ്ശേരിയിൽ പ്രഫ. എം. ലീലാവതിക്ക് പ്രിയദര്ശിനി സാഹിത്യ പുരസ്കാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 98 വയസ്സുള്ള ടീച്ചർ പുലർച്ച മൂന്നിന് എഴുന്നേറ്റ് എഴുതുകയും വായിക്കുകയും ചെയ്യുമെന്നും നമുക്കെല്ലാം ഊർജമാണ് അവരുടെ ജീവിതമെന്നും രാഹുൽ പറഞ്ഞു.
ഇന്ദിര ഗാന്ധിയുടെ പേരിലുള്ള അംഗീകാരം വിലപിടിച്ചതാണെന്ന് പുരസ്കാരം ഏറ്റുവാങ്ങിയശേഷം പ്രഫ. എം. ലീലാവതി പറഞ്ഞു. രാഹുലും പ്രിയങ്ക ഗാന്ധിയും രാജ്യം ഭരിക്കുന്ന നാളുകൾ ഉടനുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു. അവാർഡ് തുകയായ ലക്ഷം രൂപ രാജീവ് ഗാന്ധി ഫൗണ്ടേഷന് നൽകുകയാണെന്നും ടീച്ചർ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 1.50ഓടെ കോൺഗ്രസ് നേതാക്കൾക്കൊപ്പം കളമശ്ശേരിയിൽ ചടങ്ങ് നടക്കുന്നിടത്ത് എത്തിയ രാഹുൽ സമീപത്തെ ലീലാവതി ടീച്ചറുടെ വീട്ടിലേക്കാണ് ആദ്യം പോയത്. പത്ത് മിനിറ്റ് അവരുമായി സംസാരിച്ചു. തുടർന്ന് ടീച്ചർക്കൊപ്പം വേദിയിലെത്തിയ രാഹുൽ അവരെ തിരികെ വീട്ടിലെത്തിച്ച ശേഷമാണ് മടങ്ങിയത്.
എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ദീപദാസ് മുൻഷി, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളും സംബന്ധിച്ചു. പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ അഡ്വ. പഴകുളം മധു സ്വാഗതവും നഗരസഭ ചെയർപേഴ്സൻ ജമാൽ മണക്കാടൻ നന്ദിയും പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

