സി.ഐ.ടി.യു ജില്ല സമ്മേളനം നാളെ തുടങ്ങും
text_fieldsകളമശ്ശേരി: സി.ഐ.ടി.യു ജില്ല സമ്മേളനത്തിന് ബുധനാഴ്ച ഏലൂരിൽ തുടക്കമാകും. 19, 20 തീയതികളിലായി നടക്കുന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. ഏലൂർ കുറ്റിക്കാട്ടുകര (സാന്തോം ഹാളിൽ) പ്രതിനിധി സമ്മേളനവും പൊതുസമ്മേളനം പുതിയ റോഡ് കവലയിലും നടക്കും.
418 പേരാണ് സമ്മേളന പ്രതിനിധികൾ. ബുധനാഴ്ച രാവിലെ 10ന് പ്രതിനിധി സമ്മേളനം ആരംഭിച്ച് 20ന് നടക്കുന്ന ചർച്ചക്കും മറുപടിക്കും ശേഷം ജില്ല കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കും. തുടർന്ന് പാതാളത്തുനിന്നും കളമശ്ശേരി പ്രീമിയർ ജങ്ഷനിൽനിന്നും തുടങ്ങുന്ന പ്രകടനം പുതിയറോഡിൽ സംഗമിക്കും. പതിനായിരത്തോളം പേർ പങ്കെടുക്കുമെന്ന് കെ. ചന്ദ്രൻ പിള്ള, കെ.എൻ. ഗോപിനാഥ്, അഡ്വ. മുജീബ് റഹ്മാൻ, ജോൺ ഫെർണാണ്ടസ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

