ഊതിക്കൽ യന്ത്രം ‘പണി കൊടുത്തു’; മാപ്പുമായി പിന്നാലെ നടന്ന് പൊലീസ്
text_fieldsകളമശ്ശേരി: മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാനുള്ള പരിശോധനക്കിടയിൽ കമ്പ്യൂട്ടർ സയൻറിസ്റ്റിനും പള്ളി ഭാരവാഹിക്കുമടക്കം പൊലീസിൽനിന്ന് അപമാനം. നോർത്ത് കളമശ്ശേരി മാർക്കറ്റ് ജങ്ഷന് സമീപം ശനിയാഴ്ച രാത്രി എട്ടോടെ നടന്ന പൊലീസ് പരിശോധനയിലാണ് പൊതുജനമധ്യത്തിൽ അപമാനിതരായെന്ന പരാതി ഉയർന്നത്. കാക്കനാടുനിന്ന് ബിസിനസ് മീറ്റിങ് കഴിഞ്ഞ് വീട്ടിലേക്ക് സ്വന്തം കാറിൽ മടങ്ങുകയായിരുന്ന കളമശ്ശേരി സ്വദേശിയും കമ്പ്യൂട്ടർ സയന്റിസ്റ്റുമായ ഡോ. ലാലു ജോർജിനെ തടഞ്ഞ് നിർത്തി മദ്യ പരിശോധന നടത്തി.
പരിശോധനയിൽ മദ്യം ഉപയോഗിച്ചെന്ന തരത്തിൽ ഉപകരണത്തിൽ ശബ്ദം കേൾക്കുകയായിരുന്നു. പിന്നാലെ നടപടികളിലേക്ക് നീങ്ങാൻ ശ്രമിച്ചതോടെ ജീവിതത്തിൽ താൻ മദ്യം ഉപയോഗിച്ചിട്ടില്ലെന്ന് ഡോ. ലാലു പറഞ്ഞു. എന്നാൽ, ഇതൊന്നും മുഖവിലയ്ക്കെടുക്കാതെ പൊലീസ് വാഹനത്തിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഓടിച്ച് വന്ന കാറും കസ്റ്റഡിയിലെടുത്തു.
തുടർന്ന് സ്റ്റേഷനിലെത്തി ഉയർന്ന ഉദ്യോഗസ്ഥനോട് താൻ മദ്യപിക്കാറില്ലെന്നും യന്ത്രത്തകരാറായിരിക്കാം കാരണമെന്നും ഡോ. ലാലു പറഞ്ഞതോടെ സ്റ്റേഷനിലുണ്ടായിരുന്ന യന്ത്രത്തിൽ വീണ്ടും പരിശോധിച്ചു. ഈ പരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്ന ഫലമാണ് ലഭിച്ചത്. അബദ്ധം മനസ്സിലായ പൊലീസ് ക്ഷമ പറഞ്ഞ് വീട്ടിൽ തിരിച്ചെത്തിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കം വിളിച്ച് ക്ഷമ പറയുകയായിരുന്നുവെന്ന് ഡോ. ലാലു പറഞ്ഞു.
എന്നാൽ, പൊതുസമൂഹത്തിൽ അപമാനിതനാകേണ്ടി വന്നെന്നും വീട്ടിലെത്തി അടുത്ത ബിസിനസ് മീറ്റിങ്ങിൽ പങ്കെടുക്കേണ്ടിയിരുന്ന തനിക്ക് അതിൽ പ്രവേശിക്കാൻ കഴിയാതെ വന്നതോടെ വലിയ നഷ്ടം സംഭവിച്ചെന്നും ലാലു പറഞ്ഞു. ഇതിനു മുമ്പായി ഏലൂർ പ്രദേശത്തുനിന്ന് ബൈക്കിൽ വരുകയായിരുന്ന മഹല്ല് ഭാരവാഹിക്കും സമാന അനുഭവമുണ്ടായി. സംഭവം ശ്രദ്ധയിൽപെട്ട പ്രദേശത്തെ ചിലർ ഇടപെട്ടതോടെ പറഞ്ഞയക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

