വ്യാജ പേയ്മെന്‍റ് ആപ്പ് വഴി തട്ടിപ്പ്; നാലുപേർ അറസ്റ്റിൽ
text_fieldsറൂബിൻ രാജ്, മുഹമ്മദ് അനസ്, ഹജ്‌സൽ അമീൻ, എ.എസ്. വിശാഖ്
കളമശ്ശേരി: ഇടപ്പള്ളി, കളമശ്ശേരി ഭാഗങ്ങളിൽ ഹോട്ടലുകളിലും തുണിക്കടകളിലും കയറി സാധനം വാങ്ങി വ്യാജ ആപ്പ് ഉപയോഗിച്ച് പണം നൽകിയതായി കാണിച്ച് വ്യാപാരികളെ പറ്റിച്ചുവന്ന നാലംഗ സംഘം പിടിയിൽ. കൊയിലാണ്ടി സ്വദേശികളായ ചെങ്ങോട്ടുകാവ് കുട്ടനേടത്ത് വീട്ടിൽ റൂബിൻ രാജ് (20), എടക്കുളം മാടക്കര പള്ളിപ്പറമ്പിൽ വീട്ടിൽ പി.പി. മുഹമ്മദ് അനസ് (19), ചേമഞ്ചേരി, കൊളക്കാട്, പറമ്പിൽ വീട്ടിൽ ഹജ്‌സൽ അമീൻ (20), നെയ്യാറ്റിങ്ങര പുത്തൻവീട്, മാങ്ങുളത്ത്മേലേ എ.എസ്. വിശാഖ് (22)എന്നിവരെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകീട്ട് ആറ് മണിക്ക് പത്തടിപ്പാലം പാണാടൻ ബിൽഡിങ്ങിൽ പ്രവർത്തിയിലുള്ള മെട്രോ ഹോംസ്റ്റേയിൽ മുറിയെടുത്ത് പണം നൽകിയ സമയത്താണ് ഇവരുടെ തട്ടിപ്പ് പുറത്ത് വന്നത്. ഹോംസ്റ്റേയിൽ എത്തിയ സംഘം 1000 രൂപ നിരക്കിൽ രണ്ടു റൂമുകൾ രണ്ട് ദിവസത്തെ വാടകയ്ക്ക് എടുത്തു. തുടർന്ന് 1000 രൂപ വീതം 4000 രൂപ ഓൺലൈൻ പെയ്മെന്‍റിന്‍റെ മറവിൽ വ്യാജ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തത് വഴി പണം നല്കിയാതായി തെറ്റുധരിപ്പിച്ച് സംഘം കടന്നു കളയുകയായിരുന്നു. പിന്നാലെ സംശയം തോന്നിയ കടയുടമ ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് അക്കൗണ്ടിൽ പണം വന്നിട്ടില്ല എന്ന് മനസ്സിലായത്. തുടർന്നു ലോഡ്ജ് ഉടമ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സംഘത്തിൽ ഒരു പെൺകുട്ടി കൂടി ഉണ്ടായിരുന്നതായും അവർ രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി കളമശ്ശേരി, ഇടപ്പള്ളി ഭാഗങ്ങളിൽ കടകളിൽ സമാന രീതിയിൽ വ്യാജ ആപ്പ് ഉപയോഗിച്ച് വ്യാപാരികളെ പറ്റിച്ചു വന്നതായും വിവിധ കേസുകളിലെ പ്രതികളാണ് നാല് പേരുമെന്നും പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ ടി. ദിലീശിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

