കളമശ്ശേരിയിലുണ്ടൊരു 'ഇൻറർനാഷനൽ സ്കൂൾ', ഒരു മലയാളി വിദ്യാർഥി ഈ വർഷം ചേർന്നു
text_fieldsകളമശ്ശേരി പള്ളിലാംകര സ്കൂളിലെത്തിയ വിദ്യാർഥികളെ കൗൺസിലറും
അധ്യാപകരും ചേർന്ന് മധുരവും ബലൂണും നൽകി സ്വീകരിക്കുന്നു
കളമശ്ശേരി: സ്കൂൾ പ്രവേശനത്തിൽ ഇതര രാജ്യങ്ങളിലുള്ളവരെയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളെയും വരവേറ്റ് പള്ളിലാംകര എൽ.പി സ്കൂൾ. കളമശ്ശേരിയിലെ ആദ്യ സർക്കാർ സ്കൂളായ ഹിദായത്ത് നഗറിലെ എൽ.പി സ്കൂളിലെത്തിയ വിവിധ ഭാഷ സംസാരിക്കുന്ന കുട്ടികളെ മിഠായിയും, ബലൂണുകളും നൽകിയാണ് അധ്യാപകർ സ്വീകരിച്ചത്.
ഇക്കുറി നവാഗതരുൾപ്പെടെ 39 വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. ആദ്യ ദിനം ചുരുക്കംപേരെ ക്ലാസിലെത്തിയൊള്ളു. നേപ്പാൾ, ബംഗ്ലാദേശ്, തുടങ്ങി രാജ്യങ്ങളിൽ നിന്നും, തമിഴ്നാട്, ബീഹാർ, കർണാടക, അസം തുടങ്ങി സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ മക്കളാണ് പഠിച്ചുവരുന്നത്. മലയാളി വിദ്യാർഥികളാരും കഴിഞ്ഞ മൂന്ന് വർഷമായില്ലാത്ത സ്കൂളിൽ ഇക്കുറി നഴ്സറിയിലേക്ക് ഒരു കുട്ടി ചേർന്നതായി അധ്യാപകർ പറഞ്ഞു. വിവിധ ഭാഷയിലുള്ള വിദ്യാർഥികളായതിനാൽ ഇവരുടെ ഭാഷാ പരിവർത്തനത്തിനായി ജില്ല ഭരണകൂടം ഒരു അധ്യാപികയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കോവിഡും ലോക് ഡൗണിനെയും തുടർന്ന് അടഞ്ഞ് കിടന്ന സ്കൂളിന് ചുറ്റും കാടും പുല്ലും വളർന്ന അവസ്ഥയിലായിരുന്നു. അതെല്ലാം പ്രദേശത്തെ പൊതുപ്രവർത്തകരെത്തി വെട്ടിമാറ്റി ശുചീകരിച്ചു.
കൂടാതെ ഭാരത മാതാ കോളജ് വിദ്യാർഥികൾ അടഞ്ഞ് കിടന്ന ക്ലാസ് മുറികളെല്ലാം അണു നശീകരണം നടത്തി. ആരോഗ്യവകുപ്പിെൻറ എല്ലാ നിർദേശങ്ങളും അനുസരിച്ചുള്ള മുന്നൊരുക്കങ്ങളുമായാണ് വരവേറ്റതെന്ന് പ്രധാന അധ്യാപിക റസിയ അബ്ബാസ് പറഞ്ഞു. പ്രവേശനോത്സവ ചടങ്ങ് പ്രദേശത്തെ കൗൺസിലറും, ജില്ല പ്ലാനിങ് ബോർഡംഗവുമായ ജമാൽ മണക്കാടൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ പ്രവർത്തകർ വിദ്യാർഥികൾക്ക് മാസ്ക് വിതരണം ചെയ്തു.