അന്തർസംസ്ഥാന തൊഴിലാളിക്ക് മർദനം: രണ്ടുപേർ അറസ്റ്റിൽ
text_fieldsകളമശ്ശേരി: ഉച്ചത്തിൽ സംസാരിച്ചതിന് അന്തർസംസ്ഥാന തൊഴിലാളിക്ക് മർദനം. കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ച കേസിൽ രണ്ടുപേരെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മുക്കം മയ്യനാട് വടക്കേകോഴിപ്പൽ വീട്ടിൽ സമീർ (39), തൃശൂർ വരന്തരപ്പിള്ളി മാമ്പുള്ളി എം.പി. കലേഷ് (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ ഇടപ്പള്ളി ടോൾ ബസ് സ്റ്റോപ്പിലാണ് സംഭവം. ബസ് സ്റ്റോപ്പിൽ സഹോദരനുമായി സംസാരിച്ചുനിന്ന ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഇമ്രാൻ (26) എന്നയാളെ മദ്യലഹരിയിലായിരുന്ന മൂന്നുപേർ ചേർന്ന് മർദിക്കുകയും ഗുരുതര പരിക്കേൽപിക്കുകയുമായിരുന്നു. ഉച്ചത്തിൽ സംസാരിച്ചെന്ന് പറഞ്ഞായിരുന്നു ആക്രമണം. ഗുരുതര പരിക്കേറ്റ മുഹമ്മദ് ഇമ്രാനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംഘം രണ്ടുപേരെ സംഭവസ്ഥലത്തുനിന്ന് പിടികൂടി.
ഒരാൾ ഓടി രക്ഷപ്പെട്ടു.
ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കളമശ്ശേരി സബ് ഇൻസ്പെക്ടർ വിനോജ്, സുബൈർ, എ.എസ്.ഐ സുനിലാൽ അരുൺ കുമാർ, സജൻ രാജ് എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

