ആക്രിക്കടയിൽനിന്ന് എയർഗണും മയക്കുമരുന്നും പിടിച്ചു
text_fieldsകാലടി: കുട്ടമശ്ശേരിയിലെ ആക്രിക്കടയിൽ പൊലീസ് നടത്തിയ പരിശോധനയിൽ 14 ഗ്രാം എം.ഡി.എം.എ, 400 ഗ്രാം കഞ്ചാവ്, എയർ പിസ്റ്റൾ, മയക്കുമരുന്ന് അളക്കാൻ ഉപയോഗിക്കുന്ന മൂന്ന് ഡിജിറ്റൽ ത്രാസ്, പൊതിയാനുള്ള പേപ്പറുകൾ എന്നിവ കണ്ടെടുത്തു.
ശ്രീമൂലനഗരം തൈക്കാവ് കണിയാംകുടി അജ്നാസിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ആക്രിക്കട. കഴിഞ്ഞ ദിവസം ഇയാളെയും ചൊവ്വര തെറ്റാലി പത്തായപ്പുരക്കൽ വീട്ടിൽ സുഫിയാൻ, കാഞ്ഞിരക്കാട് തരകുപീടികയിൽ അജ്മൽ അലി എന്നിവരെയും 11.200 ഗ്രാം എം.ഡി.എം.എ, 8.6 കിലോ കഞ്ചാവ് എന്നിവയുമായി മാറമ്പള്ളി പാലത്തിന് സമീപത്തുനിന്ന് കാലടി പൊലീസ് പിടികൂടിയിരുന്നു. കാറിൽ കടത്തുമ്പോഴാണ് പിടികൂടിയത്.
തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആക്രിക്കടയിൽനിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്. കടയുടെ മറവിലാണ് വിൽപന നടത്തിയിരുന്നത്.
പെരുമ്പാവൂർ എ.എസ്.പി അനുജ് പലിവാൽ, ഐ.പി.എസ് ട്രെയിനി അരുൺ കെ പവിത്രൻ, കോട്ടപ്പടി എസ്.എച്ച്.ഒ എം. ശ്രീകുമാർ, കാലടി എസ്.ഐ ടി.ബി. വിപിൻ, ജയിംസ്, സി.പി.ഒ രൺജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.