മൂവാറ്റുപുഴ: മാതാപിതാക്കളെ മാന്യമായി പരിഗണിക്കാതെ ശാരീരികവും മാനസികവുമായി ഉപദ്രവിച്ചുവന്ന മകനോട് വസ്തുക്കൾ പിതാവിന് തിരിച്ച് എഴുതിനൽക്കാൻ താലൂക്ക്തല അദാലത്തിൽ മെയിൻറനൻസ് ട്രൈബ്യൂണൽ വിധിച്ചു. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച് പ്രാദേശികാടിസ്ഥാനത്തിൽ പരാതി പരിഹരിക്കുന്നതിനാണ് അദാലത്ത് സംഘടിപ്പിച്ചത്.
വസ്തു എഴുതിവാങ്ങിയ ശേഷം മക്കളും ബന്ധുക്കളും സംരക്ഷിക്കാനില്ലെന്ന് പരാതിപ്പെട്ട കല്യാണി, ഉഷ, മറിയാമ്മ എന്നീ വയോധികരെ സാമൂഹികനീതി വകുപ്പിന് കീഴിലുള്ള വയോജന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റിത്താമസിപ്പിക്കാൻ ഉത്തരവിട്ടു. 40 പരാതിയിൽ 25 എണ്ണം പരിഹരിച്ചു.
ആർ.ഡി.ഒ പി.എൻ. അനി, ജൂനിയർ സൂപ്രണ്ട് കെ.എം. അനിൽകുമാർ, സെക്ഷൻ ക്ലർക്ക് കെ.ആർ. ബിബിഷ്, ടെക്നിക്കൽ അസിസ്റ്റൻറ് എസ്. അനു എന്നിവർ അദാലത്തിന് നേതൃത്വം നൽകി.