സാമ്രാജ്യത്വം ഇസ്ലാമിനെ രാഷ്ട്രീയ ആയുധമാക്കി –ഹക്കീം നദ്വി
text_fieldsജമാഅത്തെ ഇസ്ലാമി പുക്കാട്ടുപടി സെൻറ് ജോർജ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച സംവാദ സദസ്സിൽ സംസ്ഥാന സെക്രട്ടറി ഹക്കീം നദ്വി മുഖ്യപ്രഭാഷണം നടത്തുന്നു
കിഴക്കമ്പലം: സാമ്രാജ്യത്വം ഇസ്ലാമിനെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിച്ചപ്പോഴാണ് സമൂഹത്തിൽ വെറുപ്പും വിദ്വേഷവും വർധിച്ചതെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ഹക്കീം നദ്വി പറഞ്ഞു. 'ഇസ്ലാം: ആശയ സംവാദത്തിെൻറ സൗഹൃദനാളുകൾ' കാമ്പയിൻ ഭാഗമായി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പുക്കാട്ടുപടി സെൻറ് ജോർജ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച സംവാദസദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദേഹം.1990കൾക്കുശേഷം സോവിയറ്റ് യൂനിയൻ തകരുകയും സാമ്രാജ്യത്വം ശക്തിയാർജിക്കുകയും ഫാഷിസവും സയണിസവും മുന്നേറുകയും ചെയ്തപ്പോൾ കമ്യൂണിസത്തിെൻറ സ്ഥാനത്ത് ഇസ്ലാമിനെ പ്രതിഷ്ഠിച്ചു. വേൾഡ് ട്രേഡ് സെൻറർ അക്രമണത്തിലൂടെ ഇസ്ലാംവിരുദ്ധ പ്രചാരണം വർധിച്ചു. എന്നാൽ, നന്മ പ്രചരിപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്നതാണ് ഇസ്ലാമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് എം.കെ. അബൂബക്കർ ഫാറൂഖി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.കെ. സലീം സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ അഡ്വ. സി.പി. മുഹമ്മദ് നന്ദിയും പറഞ്ഞു. കെ.കെ. ജലീൽ, വി.എ. ഇബ്രാഹീംകുട്ടി, മൊയ്നുദ്ദീൻ അഫ്സൽ, കെ.എ. സുബൈർ, ഇബ്രാഹിം നൂറുദ്ദീൻ എന്നിവർ സംബന്ധിച്ചു.

