ഉത്തരവാദിത്തരഹിത ഡ്രൈവിങ് സാമൂഹ്യദ്രോഹം: ജസ്റ്റിസ് കെ.കെ. ദിനേശൻ
text_fieldsവൈപ്പിൻ: അപകടങ്ങൾക്കിടയാക്കുന്ന ഉത്തരവാദിത്തരഹിത ഡ്രൈവിങ് സാമൂഹ്യദ്രോഹമാണെന്ന് ജസ്റ്റിസ് കെ.കെ. ദിനേശൻ. സാമൂഹ്യ പ്രതിബദ്ധതയില്ലാതെ ഡ്രൈവ് ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കുന്നതിൽ വിട്ടുവീഴ്‌ച പാടില്ല. വാഹനമോടിക്കുന്ന ആൾക്ക് സ്വന്തം ജീവനും രക്ഷിക്കാൻ ബാധ്യതയുണ്ടെന്ന് നിയമം അനുശാസിക്കുന്നു. ജീവന് അപായമുണ്ടാക്കാത്ത ഡ്രൈവിംഗ് ഏറ്റവും വലിയ കാരുണ്യപ്രവൃത്തിയായി ഗണിക്കപ്പെടേണ്ട കാലഘട്ടമാണിതെന്നും ജസ്റ്റിസ് ദിനേശൻ പറഞ്ഞു.
കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച 'ഇനിയും വൈപ്പിൻകര കരയാതിരിക്കാൻ' സമഗ്ര റോഡ് സുരക്ഷാപദ്ധതിയുടെ ഭാഗമായ ബോധവത്കരണ പഠന ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമലംഘനം ഹീറോയിസമായി കരുതപ്പെടുന്ന നെറികെട്ട വ്യവസ്ഥിതിക്ക് അറുതിവരേണ്ടതുണ്ടെന്നും ജസ്റ്റിസ് ദിനേശൻ പറഞ്ഞു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ സാജിത്ത് അധ്യക്ഷത വഹിച്ചു.
അപകടങ്ങൾ തടയുന്ന യജ്ഞത്തിൽ പശ്ചാത്തലവികസനവും പ്രധാനമാണെങ്കിലും ഏറ്റവും അടിസ്ഥാനപരമായത് ബോധവത്കരണമാണെന്ന് ആമുഖപ്രഭാഷണം നടത്തിയ കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ പറഞ്ഞു. ഡ്രൈവിങ് തൊഴിലാളികൾക്ക് പ്രത്യേകമായി ബോധവത്കരണം നടത്തും. പോലീസ്, മോട്ടോർ വെഹിക്കിൾ വിഭാഗങ്ങൾക്കൊപ്പം തദ്ദേശ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും റസിഡന്റ്‌സ് അസോസിയേഷനുകളും രാഷ്ട്രീയ സംഘടനകളും മറ്റു സാമൂഹിക കൂട്ടായ്‌മകളും റോഡ് സുരക്ഷാപദ്ധതി ഊർജ്ജിതമായി മുന്നോട്ടുകൊണ്ടുപോകണം. ഇതിനകംതന്നെ പല കൂട്ടായ്‌മകളും ബോധവത്കരണവുമായി രംഗത്തെത്തിയിട്ടുണ്ട്. നാറ്റ്പാക് പഠനത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ പാത സുരക്ഷാമാനദണ്ഡങ്ങൾ പരിപൂർണ്ണമായി പാലിക്കുന്ന മാതൃകാറോഡായി പുനർനിർമ്മിക്കുന്നതിന് ഏതാനും ആഴ്‌ചകൾക്കകം തുടക്കമാകുമെന്നും കെ എൻ ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
അപകട നിയന്ത്രണ - റോഡ് സുരക്ഷാപദ്ധതിയിലെ ആദ്യത്തെ ഘട്ടമാണ് ബോധവത്‌കരണമെന്ന് ക്ലാസ് നയിച്ച എറണാകുളം എംവിഐ എ ആർ രാജേഷ് പറഞ്ഞു. നിയമ ശിക്ഷാ നടപടികൾ അനുശാസിക്കുന്ന എൻഫോഴ്‌സ്‌മെന്റും പശ്ചാത്തലവികസനമുൾപ്പെടുന്ന എഞ്ചിനീയറിംഗുമാണ് മറ്റുരണ്ടു ഘട്ടങ്ങൾ. റോഡ് സുരക്ഷാപദ്ധതിയുടെ ഭാഗമായ ബോധവത്കരണത്തിന്റെ സന്ദേശങ്ങളും തീരുമാനങ്ങളും സഹപ്രവർത്തകരെയും ബസ് ജീവനക്കാരെയും അറിയിക്കുമെന്നും പദ്ധതിക്ക് പൂർണപിന്തുണ നൽകുമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി കെ ലെനിൻ വ്യക്തമാക്കി.
നേതൃത്വത്തിൽ അപകട നിയന്ത്രണത്തിന് കർമ്മപദ്ധതിയുമായി ഒരു ജനപ്രതിനിധി രംഗത്തെത്തുന്നത് സംഘടനാ ഭാരവാഹിത്വത്തിന്റെ മൂന്നു പതിറ്റാണ്ടിനിടെ ആദ്യ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്തമാസം പത്തിന് കുഴുപ്പിള്ളി സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ എംഎൽഎയുടെ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിശാലാതലത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് എം.സി സുനിൽകുമാർ അറിയിച്ചു. കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് നിബിൻ, യൂത്ത് കോൺഗ്രസ് - എസ് സംസ്ഥാന സെക്രട്ടറി ആന്റണി സജി, റെസിഡന്റ്‌സ് അസോസിയേഷൻ കുഴുപ്പിള്ളി പഞ്ചായത്ത് അപ്പെക്‌സ് പ്രസിഡന്റ് ചന്ദ്രശേഖരൻ എന്നിവരും പ്രസംഗിച്ചു.
പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ ഉൾപ്പെടെ തദ്ദേശ സ്ഥാപന ജനപ്രതിനിധികളും ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക പൊതുപ്രവർത്തകരും വിദ്യാർത്ഥികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.