ഐ.എൻ.എസ് മഗര്‍ ഡികമീഷൻ ചെയ്തു
text_fieldsയുദ്ധക്കപ്പലായ ഐ.എൻ.എസ് മഗറിന്റെ ഡികമീഷൻ ചടങ്ങിൽ നാവികസേന ദക്ഷിണമേഖല മേധാവി എം.എ. ഹംപിഹോളി
നാവിക പതാക താഴ്ത്തുന്നു
കൊച്ചി: രാജ്യത്തിന്റെ കരുത്തിന് കൂട്ടായി ഒപ്പമുണ്ടായിരുന്ന ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ‘ഐ.എൻ.എസ് മഗർ’ ഡികമീഷൻ ചെയ്തു. ദക്ഷിണ നാവിക കമാൻഡിന് കീഴിലെ ആംഫിബിയസ് യുദ്ധക്കപ്പൽ 36 വർഷത്തെ സേവനത്തിന് ശേഷമാണ് വിടവാങ്ങുന്നത്.
ശനിയാഴ്ച നേവൽ ബേസിൽ നടന്ന ചടങ്ങിൽ കപ്പലിന്റെ കമാൻഡിങ് ഓഫിസർ കമാൻഡർ ഹേമന്ദ് വി. സലുൻഖേ പതാക സൂര്യാസ്തമയ വേളയിൽ താഴ്ത്തി ഡികമീഷനിങ് പൂർത്തിയാക്കി. വൈസ് അഡ്മിറൽ എം.എ. ഹംപിഹോളി മുഖ്യാതിഥിയായി. ഡികമീഷനിങ്ങിന്റെ ഭാഗമായി പുറത്തിറക്കിയ തപാൽ കവർ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ മഞ്ജുപിള്ള പ്രകാശനം ചെയ്തു.
1987 ജൂലൈ 18നാണ് ഐ.എൻ.എസ് മഗർ കമീഷൻ ചെയ്തത്. 120 മീറ്റർ നീളവും 18 മീറ്റർ വീതിയും മണിക്കൂറിൽ 28 കി.മീ. വേഗവുമുള്ള ഇതിന് ബൊഫോഴ്സ് തോക്കുകളും റോക്കറ്റ് ലോഞ്ചറും അടക്കമുള്ള ആയുധ സംവിധാനങ്ങളും 15 ടാങ്കുകൾ, 200ലധികം സൈനികർ,13 ഇൻഫൻട്രി ഫൈറ്റിങ് വാഹനങ്ങൾ, 10 ട്രക്കുകൾ, എട്ട് ഹെവി മോട്ടോർ വാഹനങ്ങൾ എന്നിവ വഹിക്കാനുള്ള ശേഷിയുമുണ്ട്. കടലിലും കരയിലും ആകാശത്തും ഒരുപോലെ ഓപറേഷനുകൾക്ക് നേതൃത്വം നൽകിയ മഗർ 1987ൽ ഓപറേഷൻ ‘പവനിൽ’ ഇന്ത്യൻ സമാധാന സേനയുടെ ഭാഗമായിരുന്നു. ശ്രീലങ്കൻ ഉപദ്വീപുകളിലേക്ക് സൈനികരെയും ടാങ്കുകളും എത്തിച്ചത് ഈ കപ്പലായിരുന്നു. 2004ലെ സൂനാമി ദുരന്തത്തിലെ ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച മഗർ 1300 പേർക്ക് ഓപറേഷൻ ‘മദദ്’ എന്ന പദ്ധതിയിലൂടെ സഹായമെത്തിച്ചു. 2020ലെ കോവിഡ് കാലത്ത് മാലദ്വീപിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിച്ചതും ഈ കപ്പലിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

