ഇനി സൗരയിൽ കറങ്ങാം.. കായൽ ഭംഗി നുകരാൻ...
text_fieldsകൊച്ചി: സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ ടൂറിസം ബോട്ട് സർവിസ് ഉദ്ഘാടനം എറണാകുളം ബോട്ട് ജെട്ടിയിൽ ഗതാഗത മന്ത്രി സി.പി. ജോൺ നിർവഹിച്ചു. കെ.എസ്.ആർ.ടി.സിയെയും ജലഗതാഗത വകുപ്പിനെയും ബന്ധിപ്പിക്കുമെന്നും ബോട്ടും ബസും അടക്കമുള്ള എല്ലാ ഗതാഗത സംവിധാനങ്ങളും സമയബന്ധിതമായി യാത്രക്കാർക്ക് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. മെട്രോ, ഓട്ടോറിക്ഷ, ബസ്, ബോട്ട്, വിമാനം എന്നിവ കോർത്തിണക്കിയുള്ള ടൂറിസം വികസനമാണ് സർക്കാർ ലക്ഷ്യമാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാറിന്റെ അനുമതിയോടെ ലക്ഷദ്വീപിലേക്ക് വലിയ യാനങ്ങളോ ചെറിയ കപ്പലുകളോ ഓടിക്കുന്ന കാര്യം പരിഗണനയിലാണ്.
സംസ്ഥാന ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ സർക്കാറിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായാണ് ടൂറിസം ബോട്ട് സർവിസുകൾ ആരംഭിച്ചത്. 30 പേർക്ക് സഞ്ചരിക്കാവുന്ന പരിസ്‌ഥിതി സൗഹൃദമായ ‘സൗര 2’ എന്ന സോളാർ ബോട്ട് ഉപയോഗിച്ച് രണ്ട് ടൂറിസം സർവിസുകളാണ് ആരംഭിക്കുന്നത്. എറണാകുളം ബോട്ട് ജെട്ടിയിൽ നിന്നു തുടങ്ങി മറൈൻഡ്രൈവ്, വല്ലാർപാടം ദ്വീപ്, ഫോർട്ട്കൊച്ചി ഭാഗങ്ങൾ സന്ദർശിക്കാൻ രാവിലെ പത്തിന് തുടങ്ങുന്ന ഒരു സർവിസും കായൽ കാഴ്‌ചകളും കടമക്കുടിയിലെ സൂര്യാസ്‌തമയ കാഴ്ചകളും ആസ്വദിക്കാവുന്നതരത്തിൽ ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുന്ന വേറൊരു സർവിസുമാണ് ഇപ്പോൾ ആരംഭിക്കുക.
പരിപാടിയിൽ ടി. ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കടമക്കുടി ഗ്രാമപഞ്ചായത്ത് എം.എസ്. ആന്റണിക്ക് ടിക്കറ്റ് നൽകി ഹൈബി ഈഡൻ എം.പി ആദ്യ ടിക്കറ്റ് വിതരണം നിർവഹിച്ചു. എം.എൽ.എമാരായ ടോണി ചമ്മണി, മുഹമ്മദ് ഷിയാസ്, ജില്ല കലക്‌ടർ ജി. പ്രിയങ്ക എന്നിവർ മുഖ്യാതിഥികളായി. കോർപറേഷൻ കൗൺസിലർമാരായ കെ.വി.പി. കൃഷ്‌ണകുമാർ, ഷൈനി മാത്യു, ഫൗസിയ, ഷീജ നവാസ്, ജില്ലാ പഞ്ചായത്ത് അംഗം മേരി വിൻസന്റ്, കെ.എ. മണികണ്ഠൻ, ജോസി ഭാവന, ഷൈജ ബിജു, ദീപക് മോഹൻ, കെ.വി. സജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
മൂന്നാം റോ-റോ കൊച്ചി കാർണിവലിനു മുമ്പ് ഓടാനൊരുങ്ങുന്നു
കൊച്ചി: ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍ പ്രദേശങ്ങളുടെ യാത്രാദുരിതം പരിഹരിക്കാനുള്ള മൂന്നാം റോ-റോ ഫോർട്ട്കൊച്ചിയിലെ പ്രശസ്തമായ കൊച്ചി കാര്‍ണിവലിന് മുമ്പ് സർവിസ് ആരംഭിക്കാൻ നീക്കവുമായി കോർപറേഷൻ.
നിലവിൽ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനാണ് (കെ.എസ്.ഐ.എന്‍സി) റോ-റോയുടെ നടത്തിപ്പ് ഏജന്‍സി. റോ-റോ സർവിസ് നടത്തിപ്പിനായി സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്.പി.വി) രൂപവത്കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് മേയർ വി.കെ. മിനിമോൾ പറഞ്ഞു. അടുത്ത കൗൺസിൽ യോഗത്തിൽ ഇത് സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനിക്കും.
ഇത് സർക്കാറിന്‍റെ അംഗീകാരത്തിനായി സമർപ്പിക്കും. അംഗീകാരം ലഭിച്ചാൽ എസ്.പി.വി രൂപവത്കരിച്ച് മൂന്ന് റോ-റോകളും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിക്കും. കൊച്ചി ഷിപ്പ് യാര്‍ഡില്‍ നിര്‍മാണം പൂര്‍ത്തിയാക്കി കഴിഞ്ഞ ജൂണിലാണ് റോ-റോ നീറ്റിലിറക്കിയത്. ജൂലൈ 18ന് പുതിയ റോ-റോ സർവിസ് ആരംഭിക്കുമെന്ന് അന്ന് പ്രഖ്യാപിച്ചെങ്കിലും എസ്.പി.വി രൂപവത്കരിക്കുന്നതിലെ കാലതാമസം മൂലം വൈകി.
സർവിസുകൾ ലാഭകരമല്ലെന്നാണ് കെ.എസ്.ഐ.എൻ.സിയുടെ വാദം. ഇതേ തുടർന്ന് കൊച്ചി കോർപറേഷൻ നേരിട്ട് റോ-റോ സർവിസ് നടത്താൻ ആലോചിച്ചെങ്കിലും പിന്നീട് വേണ്ടെന്നു വെച്ചു. പിന്നീടാണ് കെ.എം.ആർ.എല്ലിന്റെ കൂടി സഹകരണത്തോടെ എസ്.പി.വി രൂപവത്കരിക്കാന്‍ നീക്കം ആരംഭിച്ചത്.
ഏജൻസി ആയിക്കഴിഞ്ഞാൽ കരാര്‍ വ്യവസ്ഥ പ്രകാരം റോ-റോ നടത്തിപ്പില്‍ നിന്ന് കെ.എസ്.ഐ.എൻ.സിയെ മാറ്റും. ആറ് മണിക്കൂര്‍ വീതമുള്ള മൂന്ന് ഷിഫ്റ്റില്‍ മൂന്ന് റോ-റോ കളും സർവിസ് നടത്തുന്ന നിലയിലുള്ള ക്രമീകരണമാണ് കോര്‍പറേഷന്‍ ആലോചിക്കുന്നത്. ഒരു ഷിഫ്റ്റില്‍ രണ്ട് റോ-റോ മാത്രമേ സർവിസിലുണ്ടാകു. മൂന്ന് റോ-റോകളും ഇത്തരത്തില്‍ മാറി മാറി സർവിസ് നടത്തുമെന്നും മേയർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

