ചുഴലിക്കാറ്റ്: സര്‍ക്കാര്‍ ധനസഹായ പട്ടികയില്‍നിന്ന് അര്‍ഹരായവരെ വെട്ടിയെന്ന്
text_fieldsആലങ്ങാട്: കോട്ടുവള്ളി, ആലങ്ങാട് മേഖലകളിൽ ജൂലൈ 23ന് ഉണ്ടായ ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ചവർക്കുള്ള ധനസഹായ പട്ടികയില്‍നിന്ന് അര്‍ഹരായ പലരെയും ഒഴിവാക്കിയതായി ആക്ഷേപം. പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടവര്‍ പരാതിയുമായി കലക്ടറെ സമീപിച്ചു. കോട്ടുവള്ളി പഞ്ചായത്തിലെ തത്തപ്പിള്ളിയിലും ആലങ്ങാട് പഞ്ചായത്തിലെ നീറിക്കോട് പ്രദേശത്തുമാണ് ചുഴലിക്കാറ്റില്‍ വ്യാപക നാശം സംഭവിച്ചത്. തത്തപ്പിള്ളിയില്‍ 106 വീടുകള്‍ ഭാഗികമായും 40 എണ്ണം പൂര്‍ണമായും തകര്‍ന്നിരുന്നു. ആലങ്ങാട് മേഖലയില്‍ 122 വീടുകള്‍ ഭാഗികമായും മൂന്നെണ്ണം പൂര്‍ണമായും തകര്‍ന്നു. എന്നാല്‍, ഉദ്യോഗസ്ഥര്‍ തയാറാക്കിയ അന്തിമ പട്ടികയില്‍ ഇവരില്‍ പലരും പുറത്തായെന്നാണ് ആക്ഷേപം. ആലങ്ങാട് പഞ്ചായത്തിലെ നീറിക്കോട് 32 പേര്‍ക്ക് മാത്രമാണ് സഹായം അനുവദിച്ചത്. രണ്ട് പഞ്ചായത്തിലുമായി അമ്പതോളം പേരാണ് നിലവില്‍ പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്. അനര്‍ഹരായ പലരും പട്ടികയില്‍ ഉള്‍പ്പെടുകയും ചിലരുടെ അക്കൗണ്ടുകളില്‍ പണം എത്തിയതായും പരാതിക്കാര്‍ ആരോപിക്കുന്നു.
റവന്യൂ ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധന നടത്താതെ സി.പി.എം പഞ്ചായത്ത് അംഗങ്ങൾ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയാറാക്കിയതാണ് അപാകതകൾക്ക് കാരണമെന്ന് പരാതിക്കാര്‍ പറയുന്നു. സഹായ ധനം ലഭിക്കാത്തതിനെ തുടന്ന് തകര്‍ന്ന വീടുകള്‍ അറ്റകുറ്റപ്പണി നടത്താനാകാതെ ബുദ്ധിമുട്ടുകയാണ് പലരും. മറ്റു വഴികൾ അടഞ്ഞതിനെ തുടര്‍ന്നാണ് കലക്ടര്‍ക്ക് പരാതി നല്‍കിയത്.