സന്ദർശനത്തിന് നൂറുവയസ്സ്; ടാഗോർ സ്മരണയിൽ ആലുവ
text_fieldsആലുവ യു.സി കോളജിലെ പഴയ ടാഗോർ ഹോസ്റ്റൽ (ഫയൽ ചിത്രം)
ആലുവ: മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ ആലുവ സന്ദർശനത്തിന് വെള്ളിയാഴ്ച നൂറുവർഷം തികയുന്നു. രണ്ട് സ്ഥാപനങ്ങളാണ് അദ്ദേഹം 1922 നവംബർ 18ന് സന്ദർശിച്ചത്. വിശ്വഭാരതി സർവകലാശാലയുടെ ധനശേഖരണത്തിനായാണ് അദ്ദേഹം കേരളത്തിലെത്തിയത്.
വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ച കൂട്ടത്തിലാണ് അദ്ദേഹം ആലുവയിലുമെത്തിയത്. ആലുവയിൽ ശ്രീനാരായണഗുരു സ്ഥാപിച്ച അദ്വൈതാശ്രമവും യു.സി കോളജും അദ്ദേഹം സന്ദർശിച്ചു. നവംബർ എട്ടിനാണ് കേരള സന്ദർശനത്തിന് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. തുടർന്ന് 17ന് എറണാകുളത്തെത്തിയ അദ്ദേഹം മഹാരാജാസ് കോളജ്, മട്ടാഞ്ചേരി ഗുജറാത്തി സ്കൂൾ, തൃപ്പൂണിത്തുറ ഹിൽപാലസ് എന്നിവിടങ്ങൾ സന്ദർശിച്ചു.
തുടർന്ന് രാത്രി ആലുവയിലെത്തി. ആദ്യം അദ്വൈതാശ്രമത്തിലാണ് അദ്ദേഹം എത്തിയത്. ആ സമയം നാരായണഗുരു അവിടെ ഉണ്ടായിരുന്നില്ല. എങ്കിലും ആശ്രമം അധികൃതർ അദ്ദേഹത്തെ സ്വീകരിച്ചു. സംസ്കൃത പാഠശാലയിലെ പ്രധാന അധ്യാപകനായിരുന്ന രാമൻ ഗുരുക്കൾ, ഇംഗ്ലീഷ് അധ്യാപകനായിരുന്ന രാമൻകുട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. കുമാരനാശാൻ എഴുതിയ മംഗളപത്രവും പണക്കിഴിയും അവർ അദ്ദേഹത്തിന് സമർപ്പിച്ചു.
തുടർന്നാണ് അദ്ദേഹം യു.സി കോളജിലെത്തിയത്. വിദ്യാർഥി സത്രം കവാടത്തിന്റെ ഉദ്ഘാടനത്തിനാണ് അദ്ദേഹം കോളജിലെത്തിയത്. കോളജിലൂടെ ഉദ്ഘാടനസ്ഥലത്തേക്ക് നടന്നുവന്ന വഴിയിൽ ഉണ്ടായിരുന്ന ചെറിയ ഗേറ്റ് പിന്നീട് ടാഗോർ ഗേറ്റ് എന്ന പേരിൽ അറിയപ്പെട്ടു. പിന്നീട് ആ ഗേറ്റ് ഇല്ലാതായി.
കോളജിന്റെ തെക്കേ ഗേറ്റിന് വലതുവശത്തെ ഒറ്റ നില ഓടുമേഞ്ഞ കെട്ടിടമായിരുന്നു വിദ്യാർഥി സത്രം. ഇത് ഉദ്ഘാടനം ചെയ്തശേഷം മുറ്റത്ത് ഒരു തേന്മാവിൻ തൈയും നട്ടു. 1935ൽ അന്നത്തെ പ്രിൻസിപ്പലും വിദ്യാർഥികളും ശാന്തിനികേതൻ സന്ദർശിച്ചിരുന്നു. ടാഗോർ നട്ട മാവിൽ മാമ്പഴങ്ങൾ ഉണ്ടായെന്ന സന്തോഷവാർത്ത അദ്ദേഹത്തെ അവർ അറിയിക്കുകയും ചെയ്തു.
ടാഗോർ ഹാൾ
എന്നിട്ടെന്താ നിങ്ങൾ നാലഞ്ച് മാമ്പഴം കൊണ്ടുവരാതിരുന്നതെന്നാണ് അദ്ദേഹം അവരോട് ചോദിച്ചത്. അടുത്തവർഷം അയച്ചുതരാമെന്നായിരുന്നു പ്രിൻസിപ്പലിന്റെ മറുപടി. വിദ്യാർഥി സത്രമാണ് പിന്നീട് ടാഗോർ ഹോസ്റ്റലായി മാറിയത്. നിലവിൽ ഇവിടെ ടാഗോർ ഹാളാണുള്ളത്. മഹാകവി നട്ട മാവ് ഇന്ന് ഇവിടെയില്ല.ടാഗോറിന്റെ സന്ദർശനത്തിന് ശേഷം മൂന്നുവർഷം കഴിഞ്ഞായിരുന്നു മഹാത്മാഗാന്ധിയുടെ യു.സി സന്ദർശനം.
1925 മാർച്ച് 18ന് കോളജിലെത്തിയ അദ്ദേഹം നട്ട മാവ് ഇന്നും കോളജിൽ ചരിത്ര സ്മാരകമായി നിലനിൽക്കുന്നു. അദ്വൈതാശ്രമവും യു.സി കോളജും സന്ദർശിച്ചശേഷം 19ന് ടാഗോർ ഷൊർണൂർ വഴി ബംഗളൂരുവിലേ ക്ക് പോയി. ടാഗോറിന്റെ സന്ദർശനത്തിന്റെ നൂറാം വാർഷികം ഇന്ന് അദ്വൈതാശ്രമത്തിൽ ആഘോഷിക്കും. വൈകീട്ട് മൂന്നിനാണ് ആഘോഷ പരിപാടികൾ. സാഹിത്യ സംഗമം പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

