വേലിയേറ്റം രൂക്ഷം; കായൽതീരത്തെ നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി
text_fieldsപള്ളുരുത്തി: രൂക്ഷമായ വേലിയേറ്റത്തിൽ കായൽതീരത്തെ നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. ഇടക്കൊച്ചി, പെരുമ്പടപ്പ്, കുമ്പളങ്ങി, കോവളം, ശംഖുംതറ, കോണം തുടങ്ങിയ മേഖലകളിലാണ് വീടുകൾക്കകത്തേക്ക് വെള്ളം കയറിയത്. മുണ്ടംവേലി, മാനാശ്ശേരി ഭാഗങ്ങളിൽ വേലിയേറ്റ സമയത്ത് റോഡുകളിൽ വെള്ളം കയറിയത് ഗതാഗത തടസ്സത്തിനും ഇടയാക്കി.പതിവിലും വിപരീതമായി മണിക്കൂറുകൾ നീണ്ട വേലിയേറ്റമാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെടുന്നത്. പുലർച്ചെ രണ്ടിന് തുടങ്ങിയ വേലിയേറ്റത്തിൽ കയറിയ വെള്ളം രാവിലെ എട്ടോടെയാണ് തിരികെയിറങ്ങിയത്. വീടുകളിൽ വെള്ളം കയറിയതോടെ പാചകം പോലും ചെയ്യാനാവാത്ത അവസ്ഥയിലാണ് വീട്ടമ്മമാർ. ഈ ദുരിതത്തിന് എന്ന് അറുതിയാകുമെന്നാണ് വീട്ടമ്മമാരുടെ ചോദ്യം.
വേലിയേറ്റം ഇക്കുറി ശക്തമാകുമെന്ന മുന്നറിയിപ്പ് ഉണ്ടായിട്ടും ജനങ്ങൾ ദുരിതത്തിലാകാതിരിക്കാനുള്ള നടപടികൾ അധികാരികളിൽ നിന്ന് ഉണ്ടാകാത്തതിൽ വലിയ പ്രതിഷേധമാണ് ഉടലെടുത്തിട്ടുള്ളത്. കായലിൽ എക്കൽ നിറഞ്ഞതാണ് വേലിയേറ്റം ഇത്രയും ശക്തമാക്കിയിരിക്കുന്നത്. കായലിലെ എക്കൽ നീക്കാൻ പല തവണയായി പദ്ധതികൾ ആവിഷ്കരിക്കുന്നതല്ലാതെ കാര്യങ്ങൾ മുന്നോട്ട് പോകുന്നില്ലെന്നാണ് വിവിധ സാംസ്കാരിക സംഘടന ഭാരവാഹികൾ ആരോപിക്കുന്നത്. ഉപ്പുവെള്ളം കയറി തീരത്തോട് ചേർന്ന വീടുകളുടെ ഭിത്തിയിലെ ഇഷ്ടികകൾ ജീർണിച്ച് നിലംപൊത്താറായ അവസ്ഥയാണ്. കൃഷികൾ കരിഞ്ഞുണങ്ങുന്നു.
വീടുകളിലെ സൈക്കിൾ, മറ്റ് ഇരുചക്രവാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു. പൊട്ടിയ ടാപ്പിലൂടെ കായൽവെള്ളം കയറിയതിനാൽ ശുദ്ധജലവും കിട്ടുന്നില്ല. വർഷങ്ങളായി വേലിയേറ്റം മൂലം ജനം ദുരിതം പേറുമ്പോഴും അധികൃതർ ഇവരുടെ അവസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകൻ തോമസ് കൊറശ്ശേരി പറഞ്ഞു. കായലിൽ എക്കലടിഞ്ഞതുമൂലം മത്സ്യത്തൊഴിലാളികളുടെ തൊഴിലിടംപോലും ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. ജീവിതമാർഗം തന്നെ അടഞ്ഞിരിക്കുന്ന ഈ ഘട്ടത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് കായലിലെ കക്കവാരൽ തൊഴിലാളി ജാനകി ശിവദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

