ദുരിത മഴ: എറണാകുളം ജില്ലയിലെ ക്യാമ്പുകളിൽ 95 പേർ, മഴ കൂടുതൽ ലഭിച്ചത് മൂവാറ്റുപുഴയിലും പെരുമ്പാവൂരും
text_fieldsകനത്ത മഴയെത്തുടർന്ന് ഷട്ടറുകൾ ഉയർത്തിയ ഭൂതത്താൻകെട്ട് ബാരിയറിൽ ചൂണ്ടയിടുന്നവർ
കൊച്ചി: കനത്ത മഴയിൽനിന്ന് ജില്ലക്ക് അൽപം ശമനം. ഞായറാഴ്ച വിവിധ താലൂക്കുകളിൽനിന്നുള്ള കണക്ക് പ്രകാരം കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്കുകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്തിട്ടുള്ളത്. മറ്റ് താലൂക്കുകളിൽ മഴ കനപ്പെട്ട് പെയ്തിട്ടില്ല. മലങ്കര ഡാമിെൻറ എല്ലാ ഷട്ടറുകളും തുറന്നിട്ടുണ്ട്. കൊച്ചി, മൂവാറ്റുപുഴ(മൂന്ന്), കോതമംഗലം താലൂക്കുകളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുള്ളത്. അഞ്ച് ക്യാമ്പുകളിലായി 95 പേരാണുള്ളത്. 31 കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. മട്ടാഞ്ചേരി എം.എ.എസ്.എസ് സ്കൂളിലെ ക്യാമ്പിൽ അഞ്ച് കുടുംബങ്ങളും മൂവാറ്റുപുഴയിലെ മൂന്ന് ക്യാമ്പുകളിലായി 21 കുടുംബങ്ങളും കോതമംഗലം കുട്ടമ്പുഴയിലെ ക്യാമ്പിൽ 18 കുടുംബങ്ങളുമാണ് കഴിയുന്നത്. ജില്ലയിൽ നിലവിലെ സാഹചര്യങ്ങൾ നിയന്ത്രണവിധേയമാണെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
ഞായർ, തിങ്കൾ ദിവസങ്ങളിൽ തീരക്കടൽ പ്രക്ഷുബ്്ധമായേക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ മുന്നറിയിപ്പുണ്ട്. ബീച്ചുകളിലെ സന്ദർശനം ഒഴിവാക്കണമെന്നും കടലിൽ ഇറങ്ങരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മഴ കൂടുതൽ ലഭിച്ചത് മൂവാറ്റുപുഴയിലും പെരുമ്പാവൂരും
കൊച്ചി: ശനിയാഴ്ച രാവിലെ മുതൽ ഞായറാഴ്ച രാവിലെ 8.30വരെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പെയ്തത് ശക്തമായ മഴ. മൂവാറ്റുപുഴയിലും പെരുമ്പാവൂരുമാണ് ഏറ്റവുമധികം മഴ ലഭിച്ചത്. കാലാവസ്ഥ നിരീക്ഷകരുെട കണക്കുപ്രകാരം മൂവാറ്റുപുഴയിൽ 133.3 മി.മീ. മഴയാണ് ലഭിച്ചത്. പെരുമ്പാവൂരിൽ 132 മി.മീ. മഴയും ലഭിച്ചു. ആലുവ 88.4 മി.മീ., കൊച്ചി നാവിക ആസ്ഥാനം 72.8 മി.മീ., എറണാകുളം സൗത്ത് 87.4 മി.മീ., നെടുമ്പാശ്ശേരി വിമാനത്താവളം 129 മി.മീ., എറണാകുളം 87.4 മി.മീ., ഇടമലയാർ 87 മി.മീ., പിറവം 83.4 മി.മീറ്റർ എന്നിങ്ങനെയും മഴ ലഭിച്ചു. ഇടമലയാർ അണക്കെട്ടിൽ 164.65 മീറ്ററാണ് ജലനിരപ്പ്. ഇവിടുത്തെ പരമാവധി ജലനിരപ്പ് 169 മീറ്റർ ആണ്. ശനിയാഴ്ചത്തേതിൽനിന്ന് നേരിയ തോതിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. 164.40 മീറ്ററായിരുന്നു ശനിയാഴ്ച. മലങ്കര അണക്കെട്ടിലെ ഷട്ടറുകൾ തുറന്നെങ്കിലും ജില്ലയിൽ കൂടുതൽ ആശങ്കജനകമായ സാഹചര്യമില്ല. ഒക്ടോബർ ഒന്ന് മുതൽ 17വരെയുള്ള കണക്കുകൾ പ്രകാരം സാധാരണയെക്കാൾ 60 ശതമാനത്തിന് മുകളിൽ മഴയാണ് ജില്ലയിൽ ലഭിച്ചതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സാക്ഷ്യപ്പെടുത്തുന്നു. സാധാരണ 177.1 മി.മീ. മഴയാണ് ലഭിച്ചിരുന്നതെങ്കിൽ ഇത്തവണ 390.1 മി.മീ. മഴയാണുണ്ടായത്.
ഞായറാഴ്ച ജില്ലയിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിലാണ് മഴ ലഭിച്ചത്. മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിൽ മഴയുണ്ടായി. കനത്ത മഴയിൽ ജില്ലയിൽ വ്യാപക കൃഷിനാശമുണ്ടായിട്ടുണ്ട്. ചെങ്ങമനാട് പഞ്ചായത്തിലെ രണ്ടാം വാർഡിലെ കുളവൻകുന്നിൽ കെ.കെ. സുരേന്ദ്രെൻറ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു. മലയാറ്റൂര്‍ -നീലീശ്വരം പഞ്ചായത്തിലെ കൊറ്റമം ശാന്തിപുരത്ത് കനത്ത മഴയെത്തുടര്‍ന്ന് നിര്‍മാണത്തിലിരുന്ന പരേതനായ കോയിക്കര വീട്ടില്‍ വര്‍ഗീസിെൻറ വീട് തകര്‍ന്നു. ശക്തമായ മഴയിൽ ചെമ്പറക്കി താമരച്ചാല്‍ ബ്രാഞ്ച് കനാലിെൻറ ബണ്ട് ഇടിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

