എറണാകുളത്തും ദുരിതപ്പെയ്ത്ത്
text_fieldsശനിയാഴ്ച പെയ്ത മഴയെത്തുടർന്ന് എറണാകുളം ഷേണായീസ് ജങ്ഷനിലുണ്ടായ വെള്ളക്കെട്ട്
കൊച്ചി: ശക്തമായ മഴയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. മഴ രൂക്ഷമായതോടെ ശനിയാഴ്ച എറണാകുളത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. വെള്ളക്കെട്ട് രൂക്ഷമായ സ്ഥലങ്ങളിലും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളിൽനിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു. കടൽ പ്രക്ഷുബ്ദമായതോടെ ഫോർട്ട്കൊച്ചി ബീച്ച് അടച്ച് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. എറണാകുളം നഗരത്തിലെ വിവിധയിടങ്ങളിൽ വെള്ളം കയറി. ഉദയ കോളനിയിലും പിആൻഡ്ടി കോളനിയിലും വെള്ളം കയറിയതോടെ ജനജീവിതം ദുസ്സഹമായി. അങ്കമാലി ടൗണിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപവും ദേശീയപാത അങ്ങാടിക്കടവ്, എളവൂർ കവല, സെൻറ്. ജോസഫ് സ്കൂൾ പരിസരം, ചെറിയ വാപ്പാലശ്ശേരി എന്നിവിടങ്ങളിൽ വെള്ളം കയറിയതോടെ ഗതാഗത തടസ്സമുണ്ടായി.
മൂവാറ്റുപുഴ, വാഴക്കുളം ടൗണുകളിൽ വെള്ളം കയറി. കല്ലൂർക്കാട് ബസ് സ്റ്റാൻഡ്, ഫയർ സ്റ്റേഷൻ എന്നിവിടങ്ങൾ വെള്ളത്തിലായി. മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയർന്നത് ജനങ്ങളിൽ ആശങ്കപരത്തി. മലങ്കര അണക്കെട്ട് തുറന്നുവിടുന്ന സാഹചര്യത്തിൽ വലിയ തോതിൽ വെള്ളം കയറിയേക്കുമെന്ന ആശങ്കയിലാണ് ജനം. ആനിക്കാട് ചിറയിൽനിന്നും ആറ് വീടുകളിൽ വെള്ളം കയറി. കോതമംഗലത്ത് തങ്കളം ബൈപാസ്, അടിവാട് എന്നിവിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. തുടർച്ചയായി പെയ്യുന്ന മഴയിൽ പതിവുപോലെ അതിവേഗത്തിൽ പി.ആൻഡ്.ടി, ഉദയ കോളനികളിൽ വെള്ളം കയറി. രാവിലെ തന്നെ ഇവിടെ നിന്നും കോളനി നിവാസികൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. രണ്ട് കോവിഡ് രോഗികൾ പി.ആൻഡ്.ടി കോളനിയിലുണ്ടായിരുന്നു. ഇവരെ തൃക്കാക്കര സി.എഫ്.എൽ.ടി.സിയിലേക്ക് മാറ്റി. ഇവരുമായി സമ്പർക്കത്തിലുള്ള 11 പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കി. കഴിഞ്ഞയാഴ്ച പെയ്ത മഴയിലും ഇവിടെ വെള്ളക്കെട്ടുണ്ടായിരുന്നു. മാലിന്യവാഹിയായ പേരണ്ടൂർ കനാലിൽ വെള്ളം നിറഞ്ഞാണ് വീടുകളിലേക്ക് കയറിയത്.
മഴയിൽ എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് വെള്ളക്കെട്ടിലായി. സ്റ്റാൻഡിെൻറ ഉൾഭാഗത്തേക്ക് യാത്രക്കാർക്ക് പ്രവേശിക്കാനാകാത്ത വിധം വെള്ളം നിറഞ്ഞു. ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ അകത്ത് വെള്ളം കയറിയതോടെ വ്യാപാര സ്ഥാപനങ്ങളും തുറക്കാൻ കഴിയാത്ത സ്ഥിതിയുണ്ടായി. ഓടയിൽ നിന്നുള്ള മാലിന്യമടക്കം നിറഞ്ഞൊഴുകുന്ന വെള്ളത്തിലൂടെ നടന്ന് രണ്ടാം നിലയിലെ ഓഫിസിലേക്ക് പ്രവേശിക്കേണ്ട അവസ്ഥയാണ് ജീവനക്കാർക്ക് . എം.ജി റോഡിൽ മഹാരാജാസ് കോളജ് ഗ്രൗണ്ടിന് സമീപം വെള്ളക്കെട്ടുണ്ടായത് കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടായി. ഷേണായീസ് ജങ്ഷനിലും വെള്ളക്കെട്ടുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

